Follow Us On

29

November

2020

Sunday

സ്വവർഗ ലൈംഗീകത: പാപ്പയുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെട്ടു? പ്രസക്തം ഫാ. ടൊറസിന്റെ വീഡിയോ

സ്വവർഗ ലൈംഗീകത: പാപ്പയുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെട്ടു? പ്രസക്തം ഫാ. ടൊറസിന്റെ വീഡിയോ

സ്വന്തം ലേഖകൻ

സ്വവർഗാനുരാഗികൾക്ക് കുടുംബം രൂപീകരിക്കാൻ നിയമസാധുത ഉണ്ടാവണമെന്ന് ഫ്രാൻസിസ് പാപ്പ വാദിച്ചു, അതിനായി പാപ്പ നിലയുറപ്പിക്കുന്നു- ഫ്രാൻസിസ് പാപ്പയെക്കുറിച്ച് തയാറാക്കിയ ‘ഫ്രാൻസിസ്‌കോ’ എന്ന ഡോക്യുമെന്ററി തുറന്നുവിട്ട വിവാദം ആശങ്കകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ച് പടരുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾക്കൊപ്പം ഭാഷാ ഭേദമെന്യേയുള്ള മുഖ്യധാരാ മാധ്യമങ്ങൾ അത് വമ്പൻ തലക്കെട്ടുകളാക്കി, സ്വവർഗ ലൈംഗീക വിഷയത്തിൽ സഭ മലക്കംമറിയുന്നു എന്ന ധ്വനി പരത്തിക്കൊണ്ട്.

പാപ്പയുടെ വാക്കുകളെക്കുറിച്ച് (യഥാർത്ഥത്തിൽ പറഞ്ഞത് എന്ത്, പറഞ്ഞ സാഹചര്യം എന്ത്) ഇനിയും വ്യക്തത വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ആ പുകമറയുടെ സാധ്യത മുതലെടുത്ത് സഭയ്‌ക്കെതിരെ കിംവദന്തികൾ മെനയുന്ന തിരക്കിൽ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം മേൽപ്പറഞ്ഞ കാര്യങ്ങളിലെ വ്യക്തതയും കൃത്യതയും ചികയാൻ ബോധപൂർവം മറന്നു. സഭയുടെ അടിസ്ഥാന ധാർമിക ശാസ്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ പാപ്പ അത് ഒരു ഡോക്യുമെന്ററിയിലൂടെയാവില്ല വ്യക്തമാകുന്നതെന്ന സാമാധ്യ മാധ്യമ വീക്ഷണംപോലും നഷ്ടമായി എന്നതാണ് ഖേദകരം.

സ്പാനിഷ് ഭാഷയിൽ പാപ്പ പറഞ്ഞ വാക്കുകൾ ദുർവ്യാഖാനിക്കപ്പെട്ടു എന്ന സൂചനയ്ക്ക് ഇത്തരുണത്തിൽ വലിയ പ്രസക്തിയുണ്ട്.ഈ സാഹചര്യത്തിലാണ്, യുവജനപ്രേഷിത രംഗത്തും മാധ്യമമേഖലയിലും സജീവമായ ഫ്രാൻസിസ്‌ക്കൻ സഭാംഗം ഫാ. അഗസ്റ്റീനോ ടൊറസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമാകുന്നത്. നാല് വാക്യങ്ങളാണ് സ്വവർഗ ലൈംഗീകതയുമായി ബന്ധപ്പെട്ട് പാപ്പ നടത്തിയത്. അതിലെ രണ്ട് വാക്യങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. എന്നാൽ, സഭാപഠനങ്ങളിൽ അറിവുള്ള, സ്പാനിഷിൽ വൈദഗ്ദ്ധ്യമുള്ള ഫാ. ടൊറസ് ഉറപ്പിച്ചുപറയുന്നു- പാപ്പയുടെ വാക്കുകൾ മനസിലാക്കുന്നതിൽ മാധ്യമങ്ങൾക്ക് തെറ്റുപറ്റി, തെറ്റായി ഉദ്ധരിക്കപ്പെട്ടു, ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു.

https://www.instagram.com/tv/CGn08rdjvof/?utm_source=ig_web_copy_link

പാപ്പ സ്പാനിഷിൽ പറഞ്ഞ വാക്കുകൾ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് ഇപ്രകാരം തർജിമ ചെയ്യാം:

‘സ്വവർഗാനുരാഗികൾക്ക് കുടുംബത്തിന്റെ ഭാഗമാകാൻ അവകാശമുണ്ട്. അവരും ദൈവത്തിന്റെ മക്കളാണ്, അതിനാൽ കുടുംബം ഉണ്ടായിരിക്കാൻ അവർക്കും അവകാശമുണ്ട്. അവർ പുറത്തെറിയപ്പെടരുത്, ഇക്കാരണത്താൽ ദുരിതമനുഭവിക്കാൻ അവർ ഇടയാകരുത്. നിയമപരമായി ഒരുമിച്ചു കഴിയാൻ (സിവിൽ യൂണിയൻ) അവർക്ക് അവസരമൊരുക്കുകയാണ് വേണ്ടത്, ഞാൻ അതിനൊപ്പം നിൽക്കും.’

എന്നാൽ ഈ വാക്കുകൾ മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ പാപ്പ ഉദ്ദേശിക്കാത്ത അർത്ഥതലങ്ങൾ കൽപ്പിക്കപ്പെട്ടെന്ന് ഫാ. ടൊറസ് ചൂണ്ടിക്കാട്ടുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ സംഭാഷണം ചുവടെ:

ഒരു വ്യക്തി സ്വവർഗാനുരാഗിയാണെങ്കിലും അയാൾക്ക് കുടുംബത്തിന്റെ ഭാഗമായിരിക്കാൻ അവകാശമുണ്ട് എന്നാണ് പാപ്പ വ്യക്തമാക്കിയത്. എന്നാൽ, ചിലർ ഇതിനെ സ്വവർഗാനുരാഗികളുടെ കുടുംബരൂപീകരണം, കുട്ടികളെ വളർത്തൽ എന്നിവയായി വ്യാഖ്യാനിച്ചു. ആദ്യ വാചകത്തിൽ പറഞ്ഞതിന്റെ പൊരുൾ വ്യക്തമാക്കുന്നതാണ് രണ്ടാമത്തെ വാചകം: ‘സ്വവർഗാനുരാഗിയാണെങ്കിലും അവരെ കുടുംബത്തിൽനിന്ന് പുറംതള്ളരുത്.’

ഇതിന് പിന്നാലെ പാപ്പ പറഞ്ഞ വാക്കുകൾ, ‘അവരുടെ സഹവർത്തിത്വത്തിനായി നിയമപരമായ സംവിധാനം ഉണ്ടാവണം,’ എന്നത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. നിയമപരമായ സഹവർത്തിത്വം (civil coexistence) എന്ന പദത്തിന് തുല്യമായ വാക്കാണ് പാപ്പ ഉപയോഗിച്ചത്. അവരുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമപരിരക്ഷ കൊണ്ടുവരണം എന്നാണ് പാപ്പ വിവക്ഷിച്ചത്, അല്ലാതെ സ്വവർഗാനുരാഗികളുടെ നിയമപരമായ കൂടിച്ചേരലിന് (സിവിൽ യൂണിയൻ) നിയമം കൊണ്ടുവരണം എന്നല്ല. പക്ഷേ, സ്വവർഗാനുരാഗികളുടെ കുടുംബരൂപീകരണത്തിനുള്ള നിയമസാധുതയായി അത് ദുർവ്യാഖ്യാനിക്കപ്പെട്ടു.

പാപ്പയുടെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി മനസിലാക്കിയതും തെറ്റായി ഉദ്ധരിച്ചതും തെറ്റായി വ്യാഖ്യാനിച്ചതുമാണ് വിവാദത്തിന് കാരണം. കത്തോലിക്കാ സഭ പഠിപ്പിക്കുന്ന സത്യവിശ്വാസങ്ങൾക്ക് ഒരിക്കലും മാറ്റമുണ്ടാവില്ല. പാപ്പയുടെ വാക്കുകളെ തെറ്റിദ്ധാരണ ഉണ്ടാക്കുംവിധം ചിത്രീകരിച്ചിരിക്കുകയാണ് മാധ്യമങ്ങൾ. ഇതിൽ വലിയ അതിശയോക്തിയില്ല. എന്നാൽ, സഭയെ കളങ്കപ്പെടുത്താൻ ഇത്തരം തെറ്റിദ്ധാരണകൾക്ക് സാധിക്കില്ല.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?