Follow Us On

29

November

2020

Sunday

മരണവേദനയാൽ പുളയുമ്പോഴും സിസ്റ്റർ ഞങ്ങൾക്ക് മാപ്പു നൽകി; പശ്ചാത്താപത്തോടെ കൊലയാളികൾ

മരണവേദനയാൽ പുളയുമ്പോഴും സിസ്റ്റർ ഞങ്ങൾക്ക് മാപ്പു നൽകി; പശ്ചാത്താപത്തോടെ കൊലയാളികൾ

വത്തിക്കാൻ സിറ്റി: സാത്താൻ ആരാധനയുടെ ഭാഗമായി അരുംകൊല ചെയ്യപ്പെട്ട ഇറ്റാലിയൻ കന്യാസ്ത്രീ മരിയ ലൗറ മൈനൈറ്റിയുടെ കൊലയാളികളുടെ പശ്ചാത്താപത്തോടെയുള്ള ഏറ്റുപറച്ചിൽ ശ്രദ്ധേയമാകുന്നു. സിസ്റ്ററിന്റെ പരിചയക്കാരായ മിലേന ഡി ജിയാംബാറ്റിസ്റ്റ, അംബ്ര ഗിയാനാസോ, വെറോണിക്ക പിയടോബൈല്ലി എന്നീ മൂന്ന് പെൺകുട്ടികളായിരുന്നു അരുംകൊലയ്ക്ക് പിന്നിൽ. ജയിൽ ശിക്ഷ പൂർത്തിയാക്കി വിവിധ സ്ഥലങ്ങളിൽ കഴിയുന്ന ഇവരുടെ വാക്കുകൾ, സിസ്റ്റർ മരിയ ലൗറയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് വീണ്ടും മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. 2021 ജൂണിലാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.

‘മരണവേദനയാൽ പളയുമ്പോഴും ഞങ്ങൾക്ക് സിസ്റ്റർ മാപ്പു നൽകി. ഇത് ചെയ്തത് നിങ്ങളാണെന്ന് ഞാൻ ആരോടും പറയില്ല,’ മൂവരും പൊലീസിനോട് വെളിപ്പെടുത്തിയ വാചകങ്ങളാണിത്. ഇറ്റലിയിലെ ചിയാവന്നയിലുളള പാർക്കിൽ 2000 ജൂൺ ആറിനാണ് 60 വയസുള്ള സിസ്റ്റർ മരിയ ലൗറയെ ഇവർ കൊലപ്പെടുത്തിയത്. പെൺകുട്ടികളിൽ ഒരാൾ ലൈംഗീക പീഡനത്തിന് ഇരയായി ഗർഭിണിയായെന്നും ഇതേക്കുറിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ട് സിസ്റ്ററിനെ പെൺകുട്ടികൾ പാർക്കിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പാർക്കിൽവെച്ച് അവർ ബലപ്രയോഗത്തിലൂടെ സിസ്റ്ററുടെ തല സമീപത്തെ ഭിത്തിയിൽ പലപ്രാവശ്യം ശക്തമായി ഇടിപ്പിച്ചും മുട്ടുകുത്തിച്ചുനിർത്തി ഇഷ്ടികകൊണ്ട് അടിച്ചും ആക്രമിച്ചു. കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് മൂവരുംചേർന്ന് 19 തവണ കുത്തുകയായിരുന്നു. ദൃക്‌സാക്ഷികളിൽനിന്ന് ആളെ തിരിച്ചറിഞ്ഞ് പെൺകുട്ടികൾ പൊലീസ് പിടിയിലായി. പൊലീസിന്റെ അന്വേഷത്തിലാണ് സാത്താൻ ആരാധനയുടെ ഭാഗമാണ് കൊലപാതകമെന്ന് ഉറപ്പിച്ചത്. മാത്രമല്ല, ഇടവക വൈദികനെ കൊലപ്പെടുത്താനുള്ള പദ്ധതി ഉപേക്ഷിച്ചാണ് സിസ്റ്ററിനെ വധിച്ചതെന്നും സ്ഥിരീകരിക്കപ്പെട്ടു.

സംഭവത്തിന് നാളുകൾക്കുശേഷം കൊലയാളികളിൽ ഒരാളായ മിലേന സിസ്റ്റർ ലൗറയുടെ സന്യാസ സമൂഹത്തിന് എഴുതിയ കത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ: ‘സിസ്റ്ററിനെ ഒരു കെണിയിലേക്ക് വലിച്ചിഴച്ചു, അരുംകൊല ചെയ്തു. ഞങ്ങൾ ഇത് ചെയ്യുമ്പോഴും അവൾ ഞങ്ങളോട് ക്ഷമിച്ചു. സിസ്റ്ററിനെ കുറിച്ച് സ്‌നേഹത്തോടെ മാത്രമേ ഓർക്കാനാവൂ. ഇപ്പോൾ ആ കന്യാസ്ത്രീയിൽനിന്ന് എല്ലാം അതിജീവിക്കാനുള്ള കൃപയും സഹായവും അനുഭവിക്കാൻ കഴിയുന്നു. ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു. ഒരു മികച്ച വ്യക്തിയാകാൻ അവർ എന്നെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’

1939 ഓഗസ്റ്റ് 20ന് ഇറ്റലിയിലാണ് മരിയ ലൗറ ജനിച്ചത്. കുഞ്ഞുനാളിൽതന്നെ അമ്മയെ നഷ്ടമായ മരിയ ലൗറ 18-ാം വയസിൽ സന്യാസിനി സഭയിൽ പ്രവേശിച്ചു. ഇറ്റലിയിലെ നിരവധി നഗരങ്ങളിൽ സിസ്റ്റർ ശുശ്രൂഷ ചെയ്തിട്ടുള്ള സിസ്റ്റർ ചിയാവന്നയിലുളള സിസ്റ്റേഴ്‌സ് ഓഫ് ദ ക്രോസ് സന്യാസിനി മ~ത്തിന്റെ സുപ്പീരിയറായി ശുശ്രൂഷ ചെയ്യവേയാണ് കൊല്ലപ്പെട്ടത്. 2019 മേയിൽ ധന്യരടെ നിരയിലേക്ക് ഉയർത്തപ്പെട്ട സിസ്റ്ററുടെ രക്തസാക്ഷിത്വം ഈ ജൂണിൽ പാപ്പ അംഗീകരിച്ചിരുന്നു. വിശ്വാസത്തെപ്രതിയുള്ള രക്തസാക്ഷിത്വം സ്ഥിരീകരിച്ചതാണ് അത്ഭുത രോഗസൗഖ്യം സ്ഥിരികരിക്കാതെതന്നെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് സിസ്റ്റർ ഉയർത്തപ്പെടാൻ കാരണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?