Follow Us On

01

December

2020

Tuesday

ഈജിപ്റ്റിൽ 45 ദൈവാലയങ്ങൾക്കുകൂടി നിയമസാധുത; ഇതോടെ അനുമതി ലഭിച്ച ദൈവാലയങ്ങൾ 1738

ഈജിപ്റ്റിൽ 45 ദൈവാലയങ്ങൾക്കുകൂടി നിയമസാധുത; ഇതോടെ അനുമതി ലഭിച്ച ദൈവാലയങ്ങൾ 1738

കെയ്‌റോ: ഈജിപ്തിലെ 45 ദൈവാലയങ്ങൾക്കുകൂടി അനുമതി നൽകിയ ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ നടപടി സ്വാഗതം ചെയ്ത് ക്രൈസ്തവ വിശ്വാസികൾ. ദൈവാലയങ്ങൾക്ക് നിയമപരമായ അനുമതി നൽകാൻ രൂപീകരിച്ച 2016ലെ നിയമപ്രകാരമാണ് 45 ദൈവാലയങ്ങൾക്കും 55 അനുബന്ധ കെട്ടിടങ്ങൾക്കും നിയമസാധുത നൽകിയത്. ഇതോടെ, 2017നുശേഷം ഈജിപ്തിൽ ലൈസൻസ് ലഭിക്കുന്ന ദൈവാലയങ്ങളുടെ എണ്ണം 1738 ആയി.

ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലിയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ചേർന്ന കാബിനറ്റ് സമിതിയുടെ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം. ലൈസൻസിന് അപേക്ഷിച്ച ദൈവാലയങ്ങളുടെ സ്ഥിതിയെക്കുറിച്ച് അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നത് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. നീതിന്യായ വകുപ്പ് മന്ത്രി ഒമർ മർവാൻ, പ്രാദേശിക വികസനവകുപ്പ് മന്ത്രി മഹമൂദ് ഷാരാവി ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായിരുന്നു.

ദൈവാലയങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമം 2016ലാണ് ഈജിപ്ത് പാർലമെന്റ് പാസാക്കിയത്. 2017ൽ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ ഇതുമായി ബന്ധപ്പെട്ട സമിതിയും നിലവിൽ വന്നു. ഒരു ക്രിസ്ത്യൻ പ്രതിനിധി, വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ആറ് സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ, ഭരണനിർവഹണ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 10 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്.

മുൻകാലങ്ങളിൽ രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികളായിരുന്നു ദൈവാലയങ്ങൾക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. സങ്കീർണതകൾ ഏറെയുള്ള നടപടിക്രമവുമായിരുന്നു ഇത്. നിയമപരമല്ലാത്ത ദൈവാലയങ്ങൾ നിർമിച്ചതിന്റെ പേരിൽ ഇസ്ലാമിക മൗലീകവാദികളുടെ ആക്രമണത്തിനും ക്രൈസ്തവർ ഇരയായിട്ടുണ്ട്. അതിനാൽ പുതിയ നിയമപ്രകാരം ദൈവാലയങ്ങൾക്ക് നിയമ സാധുത നൽകിയ നടപടി മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന നല്ല മാറ്റങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഏപ്രിലിലും 74 ദൈവാലയങ്ങൾക്ക് നിയമ സാധുത നൽകിയിരുന്നു. അനൗദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 10 കോടിയോളം വരുന്ന ജനസംഖ്യയിൽ ക്രൈസ്തവ ജനസംഖ്യ 15%ത്തിലും താഴെയാണ്. ‘ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡി’ന്റെ (സി.എസ്.ഡബ്ല്യു) റിപ്പോർട്ടുകൾ പ്രകാരം, ലൈസൻസിനായി സമർപ്പിക്കപ്പെട്ട 4000ൽപ്പരം അപേക്ഷകൾ ഇനിയും പരിഗണിക്കാനുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?