Follow Us On

28

March

2024

Thursday

തീവ്രവാദം: വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കുമെന്ന് ഫ്രഞ്ച് ഭരണകൂടം; അധ്യാപകരെ സധൈര്യരാക്കി ഫ്രഞ്ച് സഭ

തീവ്രവാദം: വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കുമെന്ന് ഫ്രഞ്ച് ഭരണകൂടം; അധ്യാപകരെ സധൈര്യരാക്കി ഫ്രഞ്ച് സഭ

പാരീസ്: ഇസ്ലാമിക തീവ്രവാദത്തിന് ഇരയായി കഴുത്തറുത്ത് കൊല്ലപ്പെട്ട ചരിത്രാധ്യാപകൻ സാമുവൽ പാറ്റിയുടെ വിയോഗത്തിൽ വേദനിക്കുന്ന അധ്യാപകസമൂഹത്തെ സധൈര്യരാക്കാൻ ഐക്യദാർഢ്യ പ്രഖ്യാപനവുമായി ഫ്രഞ്ച് കത്തോലിക്കാ സഭ. മെത്രാൻ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിച്ചാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ഇരുളടഞ്ഞ ഈ മണിക്കൂറുകളിൽ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമുള്ള ഐക്യദാർഢ്യം കത്തോലിക്കാ സഭയും കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രേഖപ്പെടുത്തുകയാണ്. വിശിഷ്യ, അധ്യാപകസമൂഹത്തോട്. സ്‌കൂളുകളെയും സ്‌കൂൾ സമ്പ്രദായത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന അജ്ഞതക്കെതിരെയും പോരാടണം. എന്തെന്നാൽ അജ്ഞത ഭയത്തെ മാത്രമേ വളർത്തൂ,’ അദ്ദേഹം വ്യക്തമാക്കി.

കാത്തോലിക്കാ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാവരുടെയും ദൗത്യം അനിവാര്യമാണ്. അത് വെറുതെയാവില്ല. മനുഷ്യവൽക്കരണത്തിന്റെ ഫലങ്ങൾ തിന്മയെ മറികടക്കുകതന്നെ ചെയ്യും. അധ്യാപകർക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും ബഹുമാനവും പ്രാർത്ഥനയും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രസ്താവനയിലൂടെ ആർച്ച്ബിഷപ്പ് അറിയിച്ചു. മുഹമ്മദ് നബിയുടെ കാർട്ടൂൺ കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചാണ് ചെചൻ വംശജനായ യുവാവ് സാമുവേലിനെ കൊലപ്പെടുത്തിയത്.

ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തീവ്രവാദത്തിന് എതിരെ കർക്കശ നിലപാട് കൈക്കൊള്ളാനുള്ള തയാറെടുപ്പിലാണ് ഫ്രഞ്ച് ഭരണകൂടം. അതിന്റെ ഭാഗമായി ഫ്രാൻസിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി പരിഷ്‌കരിക്കാനുള്ള നിയമനിർദേശങ്ങൾ ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രസ്താവിച്ചു കഴിഞ്ഞു.

സാമുവൽ പാറ്റിയുടെ മൃതസംസ്‌ക്കാര ശുശ്രൂഷയിൽ പങ്കെടുത്തശേഷം ഇമ്മാനുവൽ മക്രോൺ അധ്യാപകർക്ക് നൽകിയ വാഗ്ദാനവും ശ്രദ്ധേയമായി: ‘ഓരോ വിദ്യാലയത്തിലും അധ്യാപകന്റെ സ്ഥാനവും അധികാരവും നിങ്ങൾക്കു തിരിച്ചുതരും. ഞങ്ങൾ നിങ്ങളെ പരിശീലിപ്പിക്കുകയും സംരക്ഷിക്കുകയും പിന്തുണ നൽകുകയും ചെയ്യും.’

വിദ്യാഭ്യാസ മേഖലയിൽ നുഴഞ്ഞുകയറുന്ന തീവ്രവാദ സ്വഭാവമുള്ള ഇസ്ലാമിസം ഫ്രഞ്ച് വിദ്യാഭ്യാസമേഖലയെ വിഷമയമാക്കുന്നുണ്ടെന്ന റിപ്പോർട്ടും ഈ സാഹചര്യത്തിൽ ചർച്ചയായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഇസ്ലാമിക കടന്നുകയറ്റത്തിനെതിരെ സംസാരിക്കുന്നത് ഒരു അലിഖിത നിയമത്തിലൂടെ മുടക്കിയിരിക്കയാണെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ ക്രീസ്തീനെ ക്ലെർക്കാണ് ഫ്രഞ്ച് ദേശീയ ദിനപത്രമായ ‘ല് ഫിഗാറോ’യിൽ ലേഖനം എഴുതിയത്.

‘സ്‌കൂളിലെ മോശം പെരുമാറ്റത്തിന് കുട്ടികളെ ശാസിക്കുന്നതുപോലും വംശീയാധിക്ഷേപമാണെന്ന് ആരോപിക്കുക പതിവാണ്. ഫ്രാൻസിൽ നടത്തിയ ഒരു പഠനത്തിന്റെ ഫലം 2003ൽ അവതരിപ്പിച്ചെങ്കിലും ഭരണകൂടമോ സമൂഹമോ ഇതു ഗൗനിച്ചില്ല. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളായി സ്‌കൂളുകൾ മാറുകയാണ്. ഏതൊരു തിരുത്തൽ നടപടിയെയും ഇരവാദം ഉന്നയിച്ച് പ്രതിരോധിക്കാനുള്ള ശ്രമമാണ് മതമൗലികവാദം തലയ്ക്കുപിടിച്ച കുട്ടികൾ നടത്തുന്നത്,’ ലേഖനത്തിൽ അവർ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?