Follow Us On

01

December

2020

Tuesday

സുപ്രീം കോടതിയിൽ ‘ഭൂരിപക്ഷം’: തിരുത്തിക്കുറിക്കുമോ  ജീവന്റെമേൽ കത്തിവെച്ച ആ കുപ്രസിദ്ധ വിധി?

സുപ്രീം കോടതിയിൽ ‘ഭൂരിപക്ഷം’: തിരുത്തിക്കുറിക്കുമോ  ജീവന്റെമേൽ കത്തിവെച്ച ആ കുപ്രസിദ്ധ വിധി?

സ്വന്തം ലേഖകൻ

നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വിരാമംകുറിച്ച് 48 ന് എതിരെ 52 വോട്ടുകൾക്ക് സെനറ്റിന്റെ അംഗീകാരം നേടി ജസ്റ്റീസ് എമി കോണി ബാരറ്റ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ, വിജയിച്ചത് എമിയും അവരെ നാമനിർദേശം ചെയ്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാത്രമല്ല, അമേരിക്കയെ ജീവസംസ്‌ക്കാരത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആഗ്രഹിക്കുന്ന സർവരുമാണ്.

ജസ്റ്റീസ് എമിയുടെ നിയമനത്തോടെ സുപ്രീം കോടതിയിൽ പ്രോ ലൈഫ് നിലപാടുകാരായ ജസ്റ്റീസുമാരുടെ എണ്ണം ഭൂരിപക്ഷമാകും (ഒൻപതിൽ ആറ്), അതിലൂടെ ദൈവീക- ധാർമികമൂല്യം ഉയർത്തിപ്പിടിക്കുന്ന വിധിതീർപ്പുകൾക്ക് കൂടുതൽ സാധ്യത തെളിയും എന്നീ കാര്യങ്ങൾ പരിഗണിക്കുമ്പോൾ പുതിയ സംഭവവികാസം പ്രോ ലൈഫ് വിജയംതന്നെയാണ്. ഗർഭച്ഛിദ്രം നിയമവിധേയമാക്കിക്കൊണ്ട് ‘റോ വെഴ്‌സസ് വേഡ്’ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച 1973ലെ കുപ്രസിദ്ധ വിധി പുനഃപരിശോധിക്കപ്പെടാനുള്ള സാധ്യത കൂടുതൽ അടുത്തെത്തി എന്നുതന്നെയാണ് പ്രോ ലൈഫ് സമൂഹത്തിന്റെ പ്രതീക്ഷ.

സുപ്രീം കോടതിയിലെ ഒൻപത് ജസ്റ്റീസുമാരുടെ ഭൂരിപക്ഷ വിധി തീർപ്പിനെ ആശ്രയിച്ചാണ് കേസുകളുടെ വിജയപരാജയങ്ങൾ നിർണയിക്കപ്പെടുന്നത്. കുപ്രസിദ്ധമായ ‘റോ വെഴ്‌സസ് വേഡ്’ കേസിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കപ്പെട്ടതും ഇപ്രകാരംതന്നെ. മൂന്നിനെതിരെ ആറ് ജഡ്ജിമാർ രേഖപ്പെടുത്തിയ വോട്ടാണ് ഗർഭച്ഛിദ്രം നിയമവിധേയമാകാൻ കാരണം. ഈ സാഹചര്യത്തിലാണ് പ്രോ ലൈഫ് ജസ്റ്റീസിന്റെ നിയമനം വളരെ പ്രാധാന്യത്തോടെ ഉറ്റുനോക്കപ്പെടുന്നത്.

സുപ്രീം കോടതിയിലെ ജസ്റ്റീസുമാരെ യാഥാസ്ഥിതികർ (കൺസർവേറ്റീവ്) എന്നും ഉദാരസമീപനക്കാർ (ലിബറൽ) എന്നും പൊതുവേ വിശേഷിപ്പിക്കാറുണ്ട്. യാഥാസ്ഥിതിക ജസ്റ്റീസുമാരിൽനിന്നാണ് ദൈവീക- ധാർമിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന വിധി തീർപ്പുകൾ ഉണ്ടാവാറുള്ളത്. യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുള്ള റിപ്പബ്ലിക്കൻ ഭരണകാലത്ത് നിയമിക്കപ്പെട്ടവർ യാഥാസ്ഥിതികരായും ഡമോക്രാറ്റിക് ഭരണകാലത്ത് നിയമിക്കപ്പെട്ടവർ ഉദാരസമീപനക്കാരായുമാണ് പൊതുവേ പരിഗണിക്കപ്പെടുക.

ഉദാര നിലപാടുകാർക്കായിരുന്നു നാളുകളായി സുപ്രീം കോടതിയിൽ ഭൂരിപക്ഷം- ഒൻപത് ജഡ്ജിമാരിൽ അഞ്ചുപേർ ഉദാരസമീപനക്കാരും നാലു പേർ യാഥാസ്ഥിതികരും. ദൈവീക നീതിയുമായി ബന്ധപ്പെട്ട കേസുകളിൽ തിരിച്ചടിയുണ്ടാകാനുള്ള കാരണവും അതുതന്നെ. പ്രോ ലൈഫ് നിലപാട് പുലർത്തിയിരുന്ന ജസ്റ്റീസ് സ്‌കാലിയയുടെ വിയോഗത്തെ തുടർന്ന് 2017ൽ ജസ്റ്റീസ് നീൽ ഗോർസച്ചിനെ ട്രംപ് നിയമിച്ചതോടെയാണ്, 1973ൽ പുറപ്പെടുവിച്ച കുപ്രസിദ്ധ വിധി പുനഃപരിശോധിക്കപ്പെടാനുള്ള വിദൂര സാധ്യതകൾ ചർച്ചയായത്.

അപ്പോഴും യാഥാസ്ഥിതിക ജഡ്ജിമാരുടെ എണ്ണം നാലുതന്നെയായിരുന്നു. ട്രംപ് ഭരണകൂടത്തിന് ഏതാണ്ട് നാലു വർഷംകൂടി ഉണ്ട് എന്നത് കണക്കിലെടുത്ത് അക്കാലത്തുതന്നെ നിയമവിദഗ്ധർ നടത്തിയ വിദൂരസാധ്യതാ പ്രവചനത്തിന് ശക്തിപകരുന്നതായിരുന്നു 2018ലെ സംഭവവികാസം. ജസ്റ്റീസ് കെന്നഡിയുടെ സ്വയം വിരമനത്തിലൂടെ ജസ്റ്റീസ് ബ്രെറ്റ് കാവനോ നിയമിക്കപ്പെടുമ്പോൾ, വിദൂര സാധ്യത അടുത്തെത്തി എന്നായി വിലയിരുത്തൽ. കാരണം, ഒൻപത് ജഡ്ജിമാരിൽ യാഥാസ്ഥിതികരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇപ്പോഴിതാ, ജസ്റ്റീസ് എമിയുടെ നിയമനത്തോടെ അത് മൂന്നിനെതിരെ ആറ് എന്ന നിലയിലെത്തിയിരിക്കുന്നു!

ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ വിധി മാറ്റിയെഴുതുക എന്നത് എളുപ്പമാണെന്ന് കരുതരുത്. വാദവും പ്രതിവാദവും ഉൾപ്പെടെയുള്ള സുദീർഘമായ കോടതി നടപടികൾ വിജയിച്ചാലേ അത് ഫലംകാണൂ. പ്രോ ലൈഫ് നിലപാടുകാരായ ജസ്റ്റീസുമാർ ന്യൂനപക്ഷമായിരുന്ന കാലത്തേ അപേക്ഷിച്ച് ഇപ്പോൾ സാധ്യത ഉണ്ടായിരിക്കുന്നു എന്നതാണ് ആശാവഹം. എന്നാൽ ഈ വസ്തുത ഗർഭച്ഛിദ്ര വാദികളെയും അവരുടെ കൂട്ടാളികളെയും കുറച്ചൊന്നുമല്ല അലട്ടുന്നത്. ഗർഭച്ഛിദ്രവിരുദ്ധ നിലപാട് പുലർത്തുന്നതുകൊണ്ടുമാത്രം ‘സ്ത്രീകളുടെ അവകാശങ്ങൾക്ക് വിലകൊടുക്കാത്ത ന്യായാധിപ’ എന്ന ഇകഴ്ത്തൽ ജസ്റ്റീസ് എമിക്ക് ചാർത്തിക്കൊടുക്കാനുള്ള തൽപ്പരകക്ഷികളുടെ ശ്രമങ്ങളുടെ കാരണം അപ്പോൾ വ്യക്തമല്ലേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?