Follow Us On

29

November

2020

Sunday

ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം: ബ്രിട്ടണിലെ ധർണ ശ്രദ്ധേയം; നിർണായക ഇടപെടലിന് കളമൊരുങ്ങുന്നു

ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം: ബ്രിട്ടണിലെ ധർണ ശ്രദ്ധേയം; നിർണായക ഇടപെടലിന് കളമൊരുങ്ങുന്നു

ലണ്ടൻ: വ്യാജ ആരോപണങ്ങളിൽ കുരുക്കി അറസ്റ്റ് ചെയ്ത് തടവിലടച്ച മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് സഭാംഗവുമായ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ബ്രിട്ടണിൽ നിർണായ നീക്കത്തിന് കളമൊരുങ്ങുന്നു. ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ ഫാ. സ്റ്റാനിന്റെ മോചനത്തിനായി കഴിഞ്ഞ ദിവസം ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ്, ഇന്ത്യൻ സർക്കാരിൽ സമ്മർദം ചെലുത്താനുള്ള നിർണായക നീക്കത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നത്.

ഫാ. സ്റ്റാനിന്റെ മോചനം ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്യാൻ ബ്രിട്ടീഷ് ഭരണകൂടത്തിൽ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ പാർലമെന്റ് അംഗങ്ങൾക്ക് കത്തെഴുതുന്നതിനെ കുറിച്ചുള്ള ആലോചനകൾ പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷംമുമ്പ് മഹാരാഷ്ട്രയിൽ നടന്ന ഭീമ- കൊറെഗാവ് അക്രമവുമായി ബന്ധപ്പെടുത്തിയും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിച്ചുമാണ് 83 വയസുകാരനായ ഫാ. സ്റ്റാനിനെ ജയിലിടച്ചിരിക്കുന്നത്.

വെസ്മിൻസ്റ്റർ കൗൺസിലിന്റെ അനുമതിയോടെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ ബ്രിട്ടനിൽ ശുശ്രൂഷ ചെയ്യുന്ന ഈശോസഭാ വൈദികർക്കൊപ്പം നിരവധി അൽമായരും അണിനിരന്നു. ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പത്രിക ബ്രിട്ടനിലെ ജെസ്യൂട്ട് പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. ഡാമിയൻ ഹോവാർഡ് ഇന്ത്യൻ ഹൈകമ്മീഷണർക്ക് കൈമാറാൻ ശ്രമിച്ചെങ്കിലും അവർ പത്രിക സ്വീകരിക്കാൻ തയാറായില്ല. അതേ തുടർന്ന് തുടർന്ന് പത്രിക പോസ്റ്റ് ചെയ്യുകയായിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരെ സഹായിക്കുകയും ചെയ്ത ഫാ. സ്റ്റാൻ സ്വാമിയാണ് ഇപ്പോൾ തടവിൽ കഴിയുന്നതെന്നും അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഫാ. ഡാമിയൻ ഹോവാർഡ് പറഞ്ഞു. ഫാ. സ്റ്റാൻ സ്വാമി നീതിക്കും സമാധാനത്തിനും വേണ്ടിയാണ് തന്റെ ജീവിതകാലം ചെലവഴിച്ചതെന്നതെന്ന് ജെസ്യൂട്ട് മിഷൻ ഡയറക്ടർ പോൾ ചിറ്റ്‌നിസ് ചൂണ്ടിക്കാട്ടി: ‘തികച്ചും വ്യാജമായ കുറ്റാരോപണത്തിന്റെ പേരിലാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ അവകാശപ്പെടുന്ന സഹിഷ്ണുതക്ക് വിരുദ്ധമാണിത്.’

ദൈവശുശ്രൂഷയ്‌ക്കൊപ്പം ദളിതരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ഫാ. സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ സമിതി കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി അനേകം ദിവസങ്ങൾ ചോദ്യം ചെയ്തിരുന്നു. തന്റെ നിരപരാധിത്വം ഏറ്റുപറഞ്ഞ അദ്ദേഹം, തുടർന്നും ഏത് അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് റാഞ്ചിയിലുള്ള വസതിയിൽനിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മുംബൈയിൽ എത്തിച്ചു റിമാൻഡ് ചെയ്ത് ജയിലിലടച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?