Follow Us On

01

December

2020

Tuesday

ജസ്റ്റിസ് എമി കോണി ബാരറ്റ്: സുവിശേഷത്തിന്റെ ന്യായാധിപ!

ജസ്റ്റിസ് എമി കോണി ബാരറ്റ്: സുവിശേഷത്തിന്റെ  ന്യായാധിപ!

‘സ്ത്രീളുടെ അവകാശങ്ങൾക്ക് വില കൽപ്പിക്കാത്ത ന്യായാധിപ’ എന്ന ദുരാരോപണം ജസ്റ്റിസ് എമി കോണി ബാരറ്റിനുനേരെ ഗർഭച്ഛിദ്ര വാദികളും അവരുടെ പിണിയാളുകളും ഉന്നയിക്കുമ്പോൾ, സത്യത്തിൽ എമി കോണി ആരാണെന്ന് അറിയണം.

ഫാ. റോയ് പാലാട്ടി സി.എം.ഐ

ജസ്റ്റിസ് എമി കോണി ബാരറ്റ്. പ്രോ ലൈഫ് വിഷയത്തിൽ എന്താണ് നിലപാട് എന്ന് അവർ പറയേണ്ട. കാരണം, ഏഴ് മക്കളുടെ അമ്മയാണ് അവർ. അമേരിക്കയെ എക്കാലത്തും അലട്ടുന്ന വംശീയതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അവർ ഏത് വർണത്തിനൊപ്പം നിൽക്കും എന്ന സംശയവും വേണ്ട. കാരണം, അവരുടെ ഏഴ് മക്കളിൽ രണ്ടുപേർ കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽനിന്ന് ദത്തെടുക്കപ്പെട്ടവരാണ്. അനാഥരായ രണ്ട് കുഞ്ഞുങ്ങളെ സനാഥരാക്കിമാറ്റി എന്നു പറയുമ്പോൾ പാർശ്വവത്കരിക്കപ്പെട്ടവരുടെ കാര്യത്തിലുള്ള നിലപാടും വ്യക്തം.

ഇനി ദൈവവിശ്വാസം- ക്രിസ്തുവിന്റെ സുവിശേഷം ജീവിക്കുന്നു എന്ന് വ്യക്തമാക്കുന്ന അനവധി കാര്യങ്ങൾ ആ 48 വയസുകാരിയുടെ വ്യക്തിപരവും ഔദ്യോഗികവുമായ ജീവിതത്തിൽനിന്ന് വായിച്ചെടുക്കാം. അതവിടെ നിൽക്കട്ടെ, ഔദ്യോഗികമായ തിരക്കുകൾക്കിടയിലും അവർ ഒരു കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ (പീപ്പിൾ ഓഫ് പ്രയിസ്) എന്ന സജീവ പ്രവർത്തകയാണെന്ന് എത്രപേർക്ക് അറിയാം. സത്യത്തിൽ ഇതാണ് ജസ്റ്റീസ് എമി കോണി ബാരറ്റ്. വരുംകാലത്തെ അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ഗതിവിഗതികളെ തിരിച്ചുവിടാൻ പോകുന്നതാകും ജസ്റ്റിസ് എമിയുടെ സുപ്രീം കോടതി പ്രവേശനം.

ഏറ്റവും പ്രചോദനാത്മകമായ പ്രഭാഷണത്തിൽ അടങ്ങിയിരിക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് ചിന്തകനായ അരിസ്‌റ്റോട്ടിൽ പറയുന്നത് ഇപ്രകാരമാണ്: ഒന്ന്, നിങ്ങളുടെ വാദങ്ങളിലെ വ്യക്തത (Logos). ആശയങ്ങളെ ബൗദ്ധിക മനുഷ്യന് മനസിലാകുംവിധം പറയുക. രണ്ട്, പറയുമ്പോൾ നിങ്ങൾ സൂക്ഷിക്കേണ്ട വൈകാരികതാളം (Pathos). വാക്കിന് മൂർച്ചയേറുന്നത് വൈകാരിക പ്രസരിപ്പോടെ അവതരിപ്പിക്കുമ്പോഴാണല്ലോ. മൂന്ന്, നിങ്ങളുടെ സ്വഭാവം (Ethos). വാദവും വൈകാരികതയും സ്വന്തം സാക്ഷ്യത്താൽ മുദ്രണം ചെയ്‌തെങ്കിലേ ചോദ്യം ചെയ്യപ്പെടാനാവാത്ത ധാർമികതയോടെ കാര്യങ്ങൾ പറയാനാകൂ.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ‘സെനറ്റ് കൺഫർമേഷൻ ഹിയറിംഗിലെ’ ചോദ്യങ്ങളെ ജസ്റ്റീസ് എമി കോണി ബാരറ്റ് നേരിട്ട രീതി കണ്ടപ്പോൾ ഓർമവന്നത്, അരിസ്റ്റോട്ടിലിന്റെ വാക്കുകളാണ്. അവർ പറയുന്ന നൈയാമികവും നൈതികവുമായ മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും പിടികിട്ടിയില്ലെങ്കിലും ചാരുതയാർന്ന ഒരു സ്ത്രീത്വത്തിന്റെയും ഒരു ക്രിസ്തീയ സാക്ഷ്യത്തിന്റെയും ദൃഷ്ടാന്തമായി അവർ മനസിലിടം പിടിക്കും. ഒരു സ്ത്രീയുടെ യഥാർത്ഥ സ്വാതന്ത്ര്യം എന്ന് പറയുന്നത് എന്താണ്? അത് വളർത്താനും പരിപാലിക്കാനുമുള്ള സ്വാതന്ത്ര്യമല്ലേ? അതിനോട് നൂറുശതമാനം ആത്മാർത്ഥത പുലർത്തുമ്പോഴും, ചിലരുടെ കണ്ണിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വിലകൽപ്പിക്കാത്ത ന്യായാധിപയായി എമി കോണി മാറുന്നുണ്ടെങ്കിൽ അതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തം.

അവർ പറയാതെ പറയുന്ന ചിലതു നമുക്ക് കാണാം.

ഒന്ന്, ജീവന്റെ മൂല്യം തന്നെ. അത് ആരുടേതാണെങ്കിലും അമൂല്യമാണ്. പരിരക്ഷിക്കപ്പെടേണ്ടതാണ്. രണ്ട്, കുടുംബത്തിന്റെയും കുടുംബജീവിതത്തിന്റെയും മഹത്വം. രണ്ടിൽ ഒന്ന് എന്ന നിരക്കിൽ വിവാഹമോചനം നടക്കുന്ന രാജ്യത്താണ് ഇവർ കുടുംബത്തിന്റെ മഹത്വം സാക്ഷ്യപ്പെടുത്തുന്നതെന്നത് വിസ്മരിക്കരുത്. മൂന്ന്, അനാഥരെ ചേർത്തുപിടിക്കുക. അതേക്കുറിച്ച് അവർ ഒന്നും പറയുന്നില്ലെങ്കിലും ആ കുഞ്ഞുങ്ങളുടെ പുഞ്ചിരി പിന്നെ എന്താണ് നമ്മോട് പറയുന്നത്.

നാല്, കുടുംബപ്രാർത്ഥനയുടെ മഹത്വം. ‘എനിക്ക് കുടുംബപ്രർത്ഥന പ്രധാനമാണ്. പ്രാർത്ഥനയിൽ എനിക്ക് വിശ്വാസമുണ്ട്,’ ഈ വാക്കുകൾ പറയുന്നത് അമേരിക്കയിലെ പരമോന്നത കോടതിയിലെ ജസ്റ്റിസാണെന്ന് ഓർക്കണം. ഇതു പറയാൻ അവർക്കൊരു ജാള്യതയുമില്ല. അഞ്ച്, ഭൗതിക ജ്ഞാനത്തിനൊപ്പം ശ്രേഷ്ഠമായ ദൈവികജ്ഞാനവും- സെക്കുലറിസ്റ്റായി മതനിഷേധിയായാലേ ബൗദ്ധികമായി ഉയരാനാകൂ എന്ന മിഥ്യാധാരണയ്ക്ക് അടിപ്പെട്ടവരെ ‘കൊഞ്ഞനം’ കുത്തുന്നുണ്ട് നോർട്ടംഡാം ലീഗൽ സ്‌കൂളിൽ ഒന്നര പതിറ്റാണ്ട് അധ്യാപികയായിരുന്ന ജസ്റ്റിസ് എമി.

കത്തോലിക്കാ വിശ്വാസികളായ അൽമായർക്ക് എങ്ങനെ വിശ്വാസം സാക്ഷ്യപ്പെടുത്താം എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണിവർ. താൻ ക്രിസ്ത്യാനിയാണെന്നോ, തന്നിൽ സർവാധിപത്യം വഹിക്കുന്നത് ആ പ്രമാണങ്ങളാണെന്നോ ഒന്നും അവർ വാക്കുകൊണ്ട് പറഞ്ഞിട്ടില്ല. പക്ഷേ, അവരുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ച അമേരിക്കയിലെ 330 മില്യൻ ജനതയും ഇത് മനസിലാക്കുന്നുണ്ട്- നിയമവ്യാഖ്യാനത്തിനുമുമ്പ് ജീവിതസാക്ഷ്യംകൊണ്ട് നീതിന്യായ വ്യവസ്ഥിതികളെ പ്രഘോഷിച്ചപോലെ.

അരിസ്‌റ്റോട്ടിൽ പറഞ്ഞുവച്ച വാദങ്ങളിലെ മൂർച്ചയും വികാരങ്ങളിലെ പക്വതയും സ്വഭാവത്തിലെ പരിശുദ്ധിയും സമജ്ജസമായി സമ്മേളിക്കുന്നതിനാൽ ജസ്റ്റിസ് എമി കോണി ജനതകളെ പ്രചോദിപ്പിക്കും, ന്യായവിസ്താരങ്ങളെ ഊഷ്മളമാക്കും, വരുംതലമുറകൾക്കും മാതൃകയാകും- അതിൽ സംശയം വേണ്ട.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?