Follow Us On

29

November

2020

Sunday

ജീവിതപാഠങ്ങൾ ദൈവമാതാവിൽനിന്ന് പഠിക്കണം: പാപ്പ

ജീവിതപാഠങ്ങൾ ദൈവമാതാവിൽനിന്ന് പഠിക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: മരിയവിജ്ഞാനീയം സഭയ്ക്കും ലോകത്തിനും ആവശ്യമാണെന്നും മാനുഷികവും ക്രൈസ്തവികവുമായ ജീവിതപാഠങ്ങൾ നാം പരിശുദ്ധ ദൈവമാതാവിൽനിന്ന് അഭ്യസിക്കണമെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. റോമിലെ ‘മരിയാനും’ പൊന്തിഫിക്കൽ ദൈവശാസ്ത്ര വിദ്യാപീഠത്തിന്റെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച് അവിടെനിന്നുള്ള അധ്യാപകരെയും വിദ്യാർത്ഥികളെയും വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സർവരെയും സഹോദരങ്ങളായി ഉൾക്കൊള്ളേണ്ട സഭ മറിയത്തിന്റെ മാതൃഹൃദയം കണ്ടെത്തണമെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, ഇക്കാര്യത്തിൽ ലോകജനതയ്ക്ക് ദൈവമാതാവിന്റെ വഴികാട്ടൽ അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു. പരിശുദ്ധ മറിയത്തിൽനിന്ന് വിദ്യ അഭ്യസിക്കുകയെന്നാൽ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും വിദ്യാലയത്തിൽ പോകുക എന്നാണർത്ഥം. അധ്യാപികയും ശിഷ്യയുമായ മറിയം മാനുഷികവും ക്രൈസ്തവികവുമായ ജീവിതത്തിന്റെ അക്ഷരമാല ഉചിതമാംവിധം അഭ്യസിപ്പിക്കാൻ യോഗ്യയാണ്.

നാം ജീവിക്കുന്നത് മറിയത്തിന്റെ കാലമാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കുന്നു. മരിയവിജ്ഞാനീയത്തിന് പ്രമുഖമായ സ്ഥാനം നൽകിയ മറ്റൊരു കൗൺസിൽ വേറെയുണ്ടാവില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളിലൊന്നായ ‘ലൂമൻ ജെന്റിയ’ത്തിലെ ഒരു അധ്യായംതന്നെ സമർപ്പിച്ചിരിക്കുന്നത് മരിയവിജ്ഞാനീയത്തിനാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനത്തിന്റെ വെളിച്ചത്തിൽ നാം ദൈവമാതാവിനെ ഉൾക്കൊള്ളണം.

മറിയം ‘കർത്താവിന്റെ അമ്മ’യാണെന്ന് അവളുടെ ചാർച്ചക്കാരിയായ എലിസബത്ത് തിരിച്ചറിഞ്ഞ സുവിശേഷഭാഗം പരാമർശിച്ചുകൊണ്ട്, ‘തെയൊത്തോക്കോസാ’യ (ദൈവമാതാവ്- പരിശുദ്ധ അമ്മയ്ക്ക് സഭ നൽകിയിരിക്കുന്ന വിശേഷണങ്ങളിലൊന്ന്) കന്യകാമറിയം നമ്മുടെയും അമ്മയാണെന്ന പ്രബോധനം പാപ്പ ആവർത്തിച്ചു. സഭയെയും ലോകത്തെയും കൂടുതൽ സാഹോദര്യമുള്ളതാക്കാൻ പരിശുദ്ധ അമ്മയ്ക്ക് സാധിക്കും. മറിയം അമ്മയാണ്, സ്ത്രീയാണ്. അമ്മയായ മറിയം സഭയെ ഒരു കുടുംബമാക്കി മാറ്റുന്നതുപോലെ സ്ത്രീയായ അവൾ നമ്മെ ഒരു ജനതയാക്കിത്തീർക്കുന്നു.

രക്ഷാകര ചരിത്രത്തിൽ സ്ത്രീയുടെ പങ്ക് സത്താപരമാണ്. സഭയിലും ലോകത്തിലും അപ്രകാരംതന്നെ ആകാതിരിക്കാൻ അതിനാകില്ല. എന്നാൽ, തങ്ങൾക്കർഹമായ ഔന്നത്യം നിഷേധിക്കപ്പെടുന്ന നിരവധി സ്ത്രീകളുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. ദൈവത്തെ ലോകത്തിലേക്കു സംവഹിച്ച സ്ത്രീയ്ക്ക് ദൈവീകദാനങ്ങൾ ലോകത്തിലേക്കു കൊണ്ടുവരാനും സാധിക്കും. അവളുടെ ചാതുര്യവും ശൈലിയും ലോകത്തിനാവശ്യമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?