Follow Us On

01

December

2020

Tuesday

ഫാ. മൈക്കിൾ മക്ഗിവ്‌നി ഒക്‌ടോബർ 31ന് വാഴ്ത്തപ്പെട്ട നിരയിൽ; അഭിമാനനിമിഷത്തിൽ ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’

ഫാ. മൈക്കിൾ മക്ഗിവ്‌നി ഒക്‌ടോബർ 31ന് വാഴ്ത്തപ്പെട്ട നിരയിൽ; അഭിമാനനിമിഷത്തിൽ ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’

കണക്ടിക്കട്ട്: കത്തോലിക്കാ വിശ്വാസം ശക്തിപ്പെടുത്തിയും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിച്ചും മുന്നേറുന്ന കത്തോലിക്കാ സന്നദ്ധസംഘടനയായ ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ന്റെ സ്ഥാപകൻ ഫാ. മൈക്കിൾ മക്ഗിവ്‌നിയുടെ വാഴ്ത്തപ്പെട്ട പദവി തിരുക്കർമങ്ങൾ ഒക്‌ടോബർ 31ന്. ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സന്നദ്ധ സംഘടനകളിൽ ഒന്നായി വളർന്ന ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ സ്ഥാപകന്റെ ദർശനം പിന്തുടർന്ന് ഇപ്പോൾ സഹായം ലഭ്യമാക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങൾക്കാണ്. ഏതാണ്ട് രണ്ട് മില്യണിലധികം അംഗങ്ങളുണ്ട് ഇന്ന് സംഘടനയിൽ.

ന്യൂവാർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ ജോസഫ് ടോബിന്റെ മുഖ്യകാർമികത്വത്തിൽ കണക്ടികട്ടിലെ ഹാർട്ട്‌ഫോർഡ് സെന്റ് ജോസഫ് കത്തീഡ്രലിൽ രാവിലെ 11.00ന് (ഈസ്റ്റേൺ സമയം) അർപ്പിക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന തിരുക്കർമങ്ങൾ മാധ്യമങ്ങളിലൂടെ തത്‌സമയം ലഭ്യമാക്കും. സംഘടന സ്ഥാപിതമായ ന്യൂ ഹവനിലെ സെന്റ് മേരീസ് ദൈവാലയത്തിൽ ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ന്റെ സുപ്രീം ചാപ്ലൈൻ ആർച്ച്ബിഷപ്പ് വില്യം ലോറിയുടെ മുഖ്യകാർമികത്വത്തിൽ നവംബർ ഒന്നിന് കൃതജ്ഞാബലി അർപ്പണവും ക്രമീകരിച്ചിട്ടുണ്ട്.

ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഒരു ഗർഭസ്ഥ ശിശുവിന് മഗ്ഗീവ്‌നിയുടെ മാധ്യസ്ഥത്തിലൂടെ ലഭിച്ച സൗഖ്യം അത്ഭുതമാണെന്ന് മേയിൽ വത്തിക്കാൻ സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാഴ്ത്തപ്പെട്ട പദവി പ്രവേശനം സാധ്യമായത്. കണക്ടിക്കട്ടിലെ വാട്ടർബറിയിൽ 1852ലാണ് ഫാ. മൈക്കിൾ മക്ഗിവ്‌നിയുടെ ജനനം. 1877ൽ തിരുപ്പട്ടം സ്വീകരിച്ചു. ആത്മീയതയിൽ നിറഞ്ഞ സാഹോദര്യത്തിന്റെയും ദാനധർമത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു ഫാ. മക്ഗിവ്‌നി.

ക്രിസ്തു പഠിപ്പിച്ച ദൈവസ്‌നേഹവും അയൽക്കാരനോടുള്ള സ്‌നേഹവും ജീവിതത്തിൽ പ്രാവർത്തികമാക്കിയ അദ്ദേഹം, തന്റെ ഇടവകാംഗങ്ങളെ അതിനായി നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദൈവാലയത്തിന് പുറത്തേക്കും അദ്ദേഹം തന്റെ ശുശ്രൂഷകൾ കൊണ്ടുവന്നു. അതിന്റെ സത്ഫലമായിരുന്നു ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’. കത്തോലിക്കാ വിശ്വാസം ശക്തമാക്കുക, ദരിദ്രരരെ സഹായിക്കുക എന്നീ ലക്ഷ്യത്തോടെ 1882ൽ രൂപംകൊടുത്ത സംഘടന കാരുണ്യം, ഐക്യം, സാഹോദര്യം, ദേശഭക്തി എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയത്.

അന്നുമുതൽ ഇന്നുവരെ നിസ്തുലമായ സേവനങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ ലോകമെമ്പാടും നടത്തുന്നത്. 1890 ഓഗസ്റ്റ് 14നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 1997ലാണ് മഗ്ഗീവ്‌നിയുടെ നാമകരണ നടപടികൾ ആരംഭമായത്. 2008ൽ ബെനഡിക്ട് 16-ാമൻ പാപ്പ അദ്ദേഹത്തെ ധന്യനായി ഉയർത്തി. പീഡിത ക്രൈസ്തവരും പ്രകൃതി ദുരന്തത്തിനിരയായവരും ഉൾപ്പെടെയുള്ളവർക്കു വേണ്ടിയുള്ള അടിയന്തിര സഹായം, പുനരധിവാസം എന്നിവയ്‌ക്കൊപ്പം കത്തോലിക്കാ ധാർമികമൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികളും സംഘടന നടപ്പാക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?