Follow Us On

29

November

2020

Sunday

ഗർഭച്ഛിദ്രവാദികളുടെ പ്രക്ഷോപം: ദൈവാലയങ്ങൾക്ക് സംരക്ഷണക്കോട്ട ഒരുക്കി പോളിഷ് യുവജനം

ഗർഭച്ഛിദ്രവാദികളുടെ പ്രക്ഷോപം: ദൈവാലയങ്ങൾക്ക് സംരക്ഷണക്കോട്ട ഒരുക്കി പോളിഷ് യുവജനം

ക്രിസ്റ്റി എൽസ

ഗർഭച്ഛിദ്രങ്ങളില്ലാത്ത പോളണ്ട് എന്ന സ്വപ്‌നത്തിന് കരുത്തേകുന്ന ചരിത്രവിധി ഭരണഘടനാ കോടതി പ്രഖ്യാപിച്ചതിനെ തുടർന്ന് ഗർഭച്ഛിദ്ര വാദികളായ ലിബറലിസ്റ്റുകൾ അക്രമങ്ങൾ അഴിച്ചുവിടുമ്പോൾ ദൈവാലയങ്ങൾക്ക് സംരക്ഷണക്കോട്ട ഒരുക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് പോളിഷ് യുവജനങ്ങൾ. ജനിക്കുമ്പോൾ വൈകല്യമുണ്ടാകും എന്നതിന്റെ പേരിലുള്ള ഗർഭച്ഛിദ്രങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞയാഴ്ചയാണ് ഭരണഘടനാ കോടതി വിധിച്ചത്.

അതേ തുടർന്ന് ഗർഭച്ഛിദ്ര വാദികൾ ആരംഭിച്ച പ്രതിഷേധം, ജീവന്റെ മൂല്യത്തിനുവേണ്ടി എന്നും എവിടെയും ശബ്ദമുയർത്തുന്ന കത്തോലിക്കാ സഭയ്‌ക്കെതിരെ തിരിയാൻ അധികസമയം വേണ്ടിവന്നില്ല. ദൈവാലയങ്ങളിൽ അതിക്രമിച്ചുകയറി ദിവ്യബലി തടസപ്പെടുത്തുന്നതും അസഭ്യ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും വിശുദ്ധരൂപങ്ങൾ തകർക്കുന്നതുമായ സംഭവങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് യുവജനങ്ങൾ ഉൾപ്പെടെയുള്ള വിശ്വാസീസമൂഹം ജാഗ്രതയോടെ രംഗത്തിറങ്ങിയത്.

പ്രതിഷേധക്കാർ ദൈവാലയങ്ങളിൽ അതിക്രമിച്ചു കയറാതിരിക്കാൻ, കവാടങ്ങൾക്കുമുന്നിൽ സധൈര്യം നിലയുറപ്പിക്കുകയായിരുന്നു യുവജനങ്ങൾ. രാപ്പകൽ ഇല്ലാതെയാണ് യുവജനം കാവൽനിൽക്കുന്നത്. ആക്രോശിച്ചെത്തുന്ന പ്രതിഷേധക്കാരോട് സംയമനം കൈവെടിയാതെ യുവജനം പ്രതികരിക്കുന്നത് വലിയ ക്രിസ്തീയസാക്ഷ്യമായി മാറുകയാണ്. ചിലർ ജപമാല പ്രാർത്ഥന ഉരുവിട്ടുകൊണ്ടാണ് നിലയുറപ്പിച്ചിരിക്കുന്നത്.

ദൈവാലയങ്ങൾക്ക് എതിരായ അക്രമങ്ങളെ അപലപിച്ച പോളിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റെയിൻസ്ലാന് ഗഡേക്കി, സാമൂഹിക സ്വീകാര്യതയോടെയും മാനുഷികാന്തസിനെ മാനിക്കുംവിധവുമാകണം പൊതുകാര്യങ്ങളിൽ അഭിപ്രായ പ്രകടനം നടത്തേണ്ടതെന്ന് പ്രതിഷേധക്കാരെ ഓർമിപ്പിച്ചു. ജീവന്റെ സംരക്ഷണത്തിനായി ശബ്ദമുയർത്തുന്നത് നിറുത്താനോ ജനനം മുതൽ സ്വാഭാവിക മരണംവരെ മനുഷ്യജീവൻ സംരക്ഷിക്കണമെന്ന നിലപാടിൽനിന്ന് സഭ പിന്നാക്കം പോകില്ലെന്നും അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.

എല്ലാവരുടെയും ജീവൻ ഏതു വിധവും സംരക്ഷിക്കണമെന്ന ഭരണഘടനാ തത്വം 1993ലെ ഗർഭച്ഛിദ്ര നിയമം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലായിരുന്നു കോടതിയുടെ സുപ്രധാന വിധി. ബലാത്സംഘത്തിനിരയായുള്ള ഗർഭധാരണം, അമ്മയുടെ ജീവന് അപകടം, കുഞ്ഞിന്റെ ജനിതക വൈകല്യം എന്നീ സാഹചര്യങ്ങളിൽമാത്രമേ ഗർഭച്ഛിദ്രത്തിന് നിയമസാധുതയുണ്ടായിരുന്നുള്ളൂ. എങ്കിലും ഓരോ വർഷവും ഏതാണ്ട് 1500 നിയമാനുസൃത ഗർഭച്ഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 98%വും ‘ജനിതക വൈകല്യം’ എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു. പ്രസ്തുത വകുപ്പ് ഭരണഘടനാ വിരുദ്ധമായതോടെ ഗർഭച്ഛിദ്രങ്ങളുടെ എണ്ണം ഗണ്യമായി കുറയും. മാത്രമല്ല, ഭരണഘടനാ കോടതി വിധിക്കെതിരെ ഹർജി സമർപ്പിക്കാനുമാവില്ല.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?