Follow Us On

23

November

2020

Monday

പ്രാർത്ഥനയിൽ ശൂന്യത തോന്നിയാൽ എന്തുചെയ്യണം? ശ്രദ്ധേയം പാപ്പയുടെ ഉത്തരം

പ്രാർത്ഥനയിൽ ശൂന്യത തോന്നിയാൽ എന്തുചെയ്യണം? ശ്രദ്ധേയം പാപ്പയുടെ ഉത്തരം

വത്തിക്കാൻ സിറ്റി: ഒരു സായാഹ്ന പ്രാർത്ഥനാവേളയിൽ നമുക്ക് തളർച്ചയും ശൂന്യതയും അനുഭവപ്പെട്ടാൽ, ജീവിതം പൂർണമായും പ്രയോജനശൂന്യമെന്ന് തോന്നിയാൽ എന്തുചെയ്യണം? പൊതുസന്ദർശന വേളയിൽ നൽകിയ സന്ദേശത്തിൽ, പാപ്പ ഉന്നയിച്ച ചോദ്യവും അതിന് പറഞ്ഞ മറുപടിയും ശ്രദ്ധേയമാകുന്നു. പലപ്പോഴും പലരെയും അസ്വസ്ഥമാക്കുന്ന ആ പ്രശ്‌നത്തിന് പാപ്പ നിർദേശിച്ച പരിഹാരമാർഗം ഇങ്ങനെ:

‘തളർച്ചയും ശൂന്യതയും ഉടലെടുക്കുമ്പോൾ, ആ നിമിഷം യേശുവിന്റെ പ്രാർത്ഥന നമ്മുടേതായിത്തീരണമേയെന്ന് നാം പ്രാർത്ഥിക്കണം. എനിക്ക് ഇന്ന് പ്രാർത്ഥിക്കാൻ കഴിയുന്നില്ല, എന്തുചെയ്യണമെന്ന് എനിക്കറിയില്ല. എനിക്ക് പ്രാർത്ഥിക്കാൻ തോന്നുന്നില്ല, ഞാൻ യോഗ്യനല്ല, യോഗ്യയല്ല എന്ന അപേക്ഷയോടെ നമുക്കായി പ്രാർത്ഥിക്കാൻ നാം നമ്മെത്തന്നെ യേശുവിന് സമർപ്പിക്കണം.’

ജോർദാൻ നദിയിൽവെച്ച് ഈശോ അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിക്കുന്ന തിരുവചനഭാഗം ഉദ്ധരിച്ചുകൊണ്ട് സന്ദേശം പങ്കുവെക്കുകയായിരുന്നു പാപ്പ. യേശു ജോർദാനിലെ വെള്ളത്തിലേക്കിറങ്ങിയത് അവിടത്തേക്കു വേണ്ടിയല്ല മറിച്ച് നമുക്കെല്ലാവർക്കും വേണ്ടിയാണ്. ജോർദാനിൽ പ്രാർത്ഥിക്കാൻ അണഞ്ഞവർ ‘നഗ്‌നമായ ആത്മാവോടും നഗ്‌ന പാദങ്ങളോടും’ കൂടെ ആയിരുന്നുവെന്ന് ഒരു ദൈവശാസ്ത്രജ്ഞൻ പറയുന്നുണ്ട്. അതാണ് എളിമ, പ്രാർത്ഥിക്കുന്നതിന് വിനയം ആവശ്യമാണ്. മോശ ചെങ്കടൽ തുറന്നതുപോലെ യേശു സ്വർഗം തുറക്കുന്നു, അത് നാമെല്ലാവരും അവിടുത്തെ അനുദാവനം ചെയ്യാൻ വേണ്ടിയാണ്.

ജോർദാൻ നദിയിൽ അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിക്കാനെത്തിയവർക്കൊപ്പം സ്‌നാനം സ്വീകരിച്ചുകൊണ്ടാണ് ക്രിസ്തു പരസ്യജീവിതം ആരംഭിക്കുന്നത്. തങ്ങൾ എല്ലാവരും പാപികളാണെന്ന തിരിച്ചറിവോടെ ജനങ്ങൾ നടത്തിയ ഒരു അനുതാപ പ്രാർത്ഥനയായിരുന്നു ജോർദാനിലെ മാമ്മോദീസ. ദൈവപുത്രനായിരുന്നിട്ടും ക്രിസ്തു ആ സ്‌നാനം സ്വീകരിച്ചു. നമ്മുടെ മാനുഷികാവസ്ഥയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു അവിടുന്ന്.

ദൈവജനത്തിലെ പാപികളോടൊപ്പം അവിടുന്ന് പ്രാർത്ഥിക്കുന്നു. യേശു നീതിമാനാണ്, അവിടുന്ന് പാപിയല്ല. എന്നാൽ അവിടുന്ന് നമ്മിലേക്ക്, പാപികളിലേക്കുവരെ ഇറങ്ങിവന്നു, നമ്മോടൊത്തു പ്രാർത്ഥിക്കുന്നു. അനുസരണക്കേട് കാണിക്കുന്നവരിൽ നിന്നുള്ള അന്തരവും ദൂരവും വ്യക്തമാക്കി അവിടുന്ന് നദിയുടെ മറുകരയിൽ നിൽക്കുകയല്ല ചെയ്തത്. മറിച്ച് അവിടുന്ന് സ്വന്തം കാലുകൾ ഒരു പാപിയെന്നപോലെ ശുദ്ധീകരണ ജലത്തിൽ മുക്കുന്നു. അതാണ് സ്വപുത്രനെ അയച്ച ദൈവത്തിന്റെ മഹത്വം.

യേശുവിന്റെ സ്‌നാനം നടന്ന പ്രാർത്ഥനാന്തരീക്ഷം ലൂക്കായുടെ സുവിശേഷം എടുത്തുകാട്ടുന്നതും ശ്രദ്ധേയമാണ്. യേശു സ്‌നാനം സ്വീകരിച്ചപ്പോൾ സ്വർഗം തുറന്നു. പ്രാർത്ഥിക്കുന്നതിലൂടെ, യേശു സ്വർഗത്തിന്റെ വാതിൽ തുറക്കുന്നു, പരിശുദ്ധാത്മാവ് ഇറങ്ങിവന്നു. ‘നീ എന്റെ പ്രിയ പുത്രനാണ്, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദവും മുഴങ്ങുന്നു. ലളിതമായ ഈ വാക്യത്തിൽ അപാരമായ ഒരു നിധി അടങ്ങിയിരിക്കുന്നു: ഇത് പിതാവിങ്കലേക്ക് സദാ തിരിഞ്ഞിരിക്കുന്ന യേശുവിന്റെയും അവിടുത്തെ ഹൃദയത്തിന്റെയും രഹസ്യമാണ്.

ജോർദാനിൽ യേശു നടത്തുന്ന ഈ പ്രാർത്ഥന തീർത്തും വ്യക്തിപരമാണ്. എന്നാൽ, ആ പ്രാർത്ഥന പന്തക്കൂസ്തായിൽ ക്രിസ്തുവിൽ സ്‌നാനമേറ്റ എല്ലാവരുടെയും പ്രാർത്ഥനയായിത്തീരും. യേശു നമുക്ക് അവിടുത്തെ പ്രാർത്ഥന സമ്മാനിച്ചു, അത് പിതാവിനോടുള്ള അവിടുത്തെ സ്‌നേഹസംഭാഷണമാണ്. നമ്മുടെ ഹൃദയത്തിൽ വേരുറപ്പിക്കാൻ ആഗ്രഹിക്കുന്ന ത്രിത്വത്തിന്റെ ഒരു വിത്തായാണ് അവിടുന്ന് അത് നമുക്ക് പ്രദാനം ചെയ്തത്. അതു നമുക്ക് സ്വീകരിക്കാം. എല്ലായ്‌പ്പോഴും അവിടത്തോടൊപ്പം ആയിരുന്നാൽ നമുക്ക് തെറ്റുപറ്റില്ലെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?