Follow Us On

29

March

2024

Friday

ഇത് മിക്കി; മക്ഗിവ്‌നിയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് നയിച്ച അത്ഭുത ശിശു!

ഇത് മിക്കി; മക്ഗിവ്‌നിയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് നയിച്ച അത്ഭുത ശിശു!

വാഴ്ത്തപ്പെട്ട പദവി തിരുക്കർമങ്ങൾ ഇന്ന്, തത്‌സമയം കാണാം ശാലോം വേൾഡിൽ

ടെന്നസി: കത്തോലിക്കാ സന്നദ്ധസംഘടനയായ ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ന്റെ സ്ഥാപകൻ ഫാ. മൈക്കിൾ മക്ഗിവ്‌നി ഇന്ന് (ഒക്‌ടോ.31) വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് പ്രവേശിക്കുമ്പോൾ അഭിമാന നിമിഷത്തിലാണ് കുഞ്ഞുമിക്കിയും കുടുംബവും. കുഞ്ഞുമിക്കി എന്നാൽ മൈക്കിൾ- ഫാ. മൈക്കിൾ മക്ഗിവ്‌നിയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് കൈപിടിച്ചു നയിച്ച അത്ഭുത ശിശു! ‘ഫീറ്റൽ ഹൈഡ്രോപ്‌സ്’ എന്ന ഗുരുതര രോഗത്തിൽനിന്ന് മിക്കിക്ക് ലഭിച്ച സൗഖ്യമാണ് മക്ഗിവ്‌നിയുടെ വാഴ്ത്തപ്പെട്ട പദവിക്ക് കാരണമായ അത്ഭുതം.

മക്ഗിവ്‌നിയുടെ മാധ്യസ്ഥത്താൽ മരണത്തിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുകയറിയ മൈക്കിന് ഇപ്പോൾ പ്രായം അഞ്ച് വയസ്. ടെന്നസിയിലെ ഡിക്‌സണിൽ നിന്നുള്ള ഡാനിയൽ മിഷെൽ- ഷാക്കിൾ ദമ്പതികളുടെ മകനാണ് മിക്കി. ദത്തു മക്കളുൾപ്പെടെ 12 പേരുടെ മാതാപിതാക്കളായ ഇവർ തങ്ങളുടെ 13-ാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങവേയാണ് ഡോക്ടർ ആ വിവരം വെളിപ്പെടുത്തിയത്: ‘ഗർഭസ്ഥശിശു ഡൗൺ സിൻഡ്രോം ബാധിതനാണ്.’ ജീവന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന ആ ദമ്പതികൾക്ക് അത് ഒരു പ്രശ്‌നമേ അല്ലായിരുന്നു. ദൈവപദ്ധതിയായി കരുതി ആ കുഞ്ഞിനെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ തുടരവേയാണ് രണ്ടാമത്തെ കണ്ടെത്തൽ ഡോക്ടർ വെളിപ്പെടുത്തിയത്.

‘ഫീറ്റൽ ഹൈഡ്രോപ്‌സ്’ എന്ന മാരക രോഗാവസ്ഥയിലുള്ള കുഞ്ഞ് ഗർഭാവസ്ഥയിൽതന്നെ മരണപ്പെടും, ജനിച്ചാൽ ചിലപ്പോൾ മണിക്കൂറുകൾ, ഏറിയാൽ ദിനങ്ങൾ മാത്രം. ഇതായിരുന്നു വൈദ്യശാസ്ത്രത്തിന്റെ വിധിയെഴുത്ത്. കുഞ്ഞ് രക്ഷപ്പെടില്ലെന്നും ഗർഭാവസ്ഥ തുടരുന്നത് അമ്മയുടെ ജീവൻ അപകടത്തിലാക്കുമെന്നുമുള്ള ഉപദേശം ഗർഭച്ഛിദ്രം നടത്തിയാലോ എന്ന ചിന്തയിൽവരെ ഇവരെ എത്തിച്ചു, 12 കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതാവരുതല്ലോ!

എന്നാൽ, നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗമായ ഡാനിയലിന്റെ മനസിലെത്തിയത് മറ്റൊരു ചിന്തയാണ്. നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സ്ഥാപകനായ ധന്യൻ മക്ഗിവ്‌നിയുടെ മാധ്യസ്ഥ്യം തേടുക. നാമകരണ നടപടികൾക്കുവേണ്ടി സ്ഥാപിതമായ ഗിൽഡിൽ അംഗവുമായിരുന്നു ഡാനിയൽ. ആ തീരുമാനത്തിലെത്തിയ ദമ്പതികൾ മറ്റൊരു വാഗ്ദാനംകൂടി നൽകി, കുഞ്ഞ് ജനിച്ചാൽ ഫാ. മൈക്കിളിനോടുള്ള കൃതജ്ഞതാർപ്പണമായി അദ്ദേഹത്തിന്റെ പേര് മകന് നൽകും.

ഇവരുടെ പ്രാർത്ഥനാ നിയോഗം സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ ഏറ്റെടുത്തു. നൈറ്റ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിൽ ഫാത്തിമ ഉൾപ്പെടെ യൂറോപ്പിലുള്ള തീർത്ഥാടനകേന്ദ്രത്തിലേക്ക് ആയിടെ നടത്തിയ തീർത്ഥാടനത്തിലും ഇവർ പങ്കെടുത്തു. അവിടെയെല്ലാം അർപ്പിച്ച ദിവ്യബലിവേദിയിൽ ഇവരുടെ നിയോഗവും സമർപ്പിക്കപ്പെട്ടു. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം നടത്തിയ പരിശോധനാ ഫലം ഡോക്ടറെ മാത്രമല്ല, ആശുപത്രി അധികാരികളെ ഒന്നടങ്കം അമ്പരപ്പിച്ചു.

മാരകമായ രോഗാവസ്ഥയിൽനിന്ന് ഗർഭസ്ഥശിശു മുക്തനായിരിക്കുന്നു. ആശുപത്രിയിലെ മറ്റ് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി അക്കാര്യം ആവർത്തിച്ച് സ്ഥിരീകരിച്ച ശേഷമാണ് അവിശ്വസനീയമായ ആ വിവരം അവർ ദമ്പതികളെ അറിയിച്ചത്. 2015 മേയ് 15ന് കുഞ്ഞ് ജനിച്ചു. എട്ടാം മാസത്തിൽ പിറന്ന മിക്കിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഏഴാം മാസത്തിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ മിക്കിക്ക് പിന്നെയും കുറച്ചുനാൾ ആശുപത്രിയിൽ കഴിയേണ്ടിവന്നെങ്കിലും പിന്നെ ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും അവനെ അലട്ടിയിട്ടില്ല.

ന്യൂവാർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ ജോസഫ് ടോബിന്റെ മുഖ്യകാർമികത്വത്തിൽ കണക്ടികട്ടിലെ ഹാർട്ട്‌ഫോർഡ് സെന്റ് ജോസഫ് കത്തീഡ്രലിൽ ഒക്‌ടോബർ 31 രാവിലെ 11.00നാണ് (ഈസ്റ്റേൺ സമയം) വാഴ്ത്തപ്പെട്ട പദവി തിരുക്കർമങ്ങൾ. സംഘടന സ്ഥാപിതമായ ന്യൂ ഹവനിലെ സെന്റ് മേരീസ് ദൈവാലയത്തിൽ ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ന്റെ സുപ്രീം ചാപ്ലൈൻ ആർച്ച്ബിഷപ്പ് വില്യം ലോറിയുടെ മുഖ്യകാർമികത്വത്തിൽ നവംബർ ഒന്നിന് കൃതജ്ഞാബലി അർപ്പണവും ക്രമീകരിച്ചിട്ടുണ്ട്.

വാഴ്ത്തപ്പെട്ട പദവി തിരുക്കർമങ്ങൾ ശാലോം വേൾഡിന്റെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ തത്‌സമയം കാണാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?