Follow Us On

15

August

2022

Monday

ജൊവാൻ റോയിഗ്: ദിവ്യകാരുണ്യഭക്തിയിൽ കാർലോയുടെ ചേട്ടൻ! പ്രഥമ തിരുനാളിന് ഒരുങ്ങി ആഗോള സഭ

സ്വന്തം ലേഖകൻ

ജൊവാൻ റോയിഗ്: ദിവ്യകാരുണ്യഭക്തിയിൽ കാർലോയുടെ ചേട്ടൻ! പ്രഥമ തിരുനാളിന് ഒരുങ്ങി ആഗോള സഭ

അക്രമികളുടെ കൈയിൽനിന്ന് തിരുവോസ്തിയെ സംരക്ഷിക്കാൻ രക്തസാക്ഷിത്വം വരിച്ച ജൊവാൻ റോയിഗ് എന്ന യുവാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ജൊവാന്റെ പ്രഥമ തിരുനാൾ (നവംബർ ആറ്) തിരുസഭ ആഘോഷിക്കുമ്പോൾ, പീഡിത ക്രൈസ്തവരുടെ മധ്യസ്ഥൻകൂടിയായ ആ യുവധീരന്റെ ജീവിതം അടുത്തറിയാം.

കാർലോ അക്യുറ്റിസിനെപ്പോലെ ദിവ്യകാരുണ്യനാഥനെ ജീവനേക്കാളേറെ സ്നേഹിച്ച മറ്റൊരു യുവസുഹൃത്ത്- സ്പെയിനിൽനിന്നുള്ള വാഴ്ത്തപ്പെട്ട ജൊവാൻ റൊയിഗ് ഡിഗ്ലെയെ അപ്രകാരം വിശേഷിപ്പിക്കാം. ഈശോയോടുള്ള സ്നേഹത്തെപ്രതി ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുന്നതിൽ കാർലോ വ്യാപൃതനായെങ്കിൽ ദിവ്യകാരുണ്യഭക്തിയെ പ്രതി രക്തസാക്ഷിത്വം വരിച്ചു ജൊവാൻ. 15-ാം വയസിൽ ലൂക്കീമിയ ബാധിതനായി ഇഹലോകവാസം വെടിഞ്ഞ കാർലോയുടെ ‘ചേട്ടൻ’ എന്നും വിശേഷിപ്പിക്കാം ജൊവാനെ. കാരണം 19-ാം വയസിലായിരുന്നു അവന്റെ വീരചരമം.

സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് 1936ൽ മതമർദ്ധകരാൽ കൊല്ലപ്പെട്ട ജൊവാൻ 2020 നവംബർ ഏഴിനാണ് ബാഴ്സയിലെ സാഗ്രഡ ഫാമിലിയ ബസിലിക്കയിൽവെച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ജീവൻ പണയംവെച്ച് കലാപകാരികളിൽനിന്ന് ദിവ്യകാരുണ്യത്തെ സംരക്ഷിച്ച ജൊവാന്റെ ജീവിതസാക്ഷ്യം വിശ്വാസം നെഞ്ചോട് ചേർക്കുന്ന ധീരരായ യുവതലമുറയ്ക്ക് മാതൃകയാകുമെന്നതിൽ സംശയമില്ല.

റാമോൺ റോയിഗ്- മൗഡ് ഡിഗിൽ പക്കറിംഗ് ദമ്പതികളുടെ മകനായി 1917 മേയ് 12ന് ബാഴ്‌സലോണയിലാണ് ജൊവാന്റെ ജനനം. കുട്ടിക്കാലം മുതൽ ആത്മീയജീവിതത്തിന് പ്രാധാന്യം നൽകിയ ജൊവാന്റെ ആഗ്രഹം അഭിഭാഷകനാകുക എന്നതായിരുന്നു. ആ ലക്ഷ്യത്തോടെയായിരുന്നു പഠനവും. ജൊവാന്റെ അധ്യാപകരിൽ വൈദികരും ഉണ്ടായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾമൂലം ഫാബ്രിക് വെയർ ഹൗസിലും ബാഴ്‌സലോണയിലെ ഒരു ഫാക്ടറിയിലും ജോലി ചെയ്തുകൊണ്ടായിരുന്നു പഠനം.

അക്കാലത്ത്, ആൽബർട്ട് ബോണറ്റ് 1932ൽ രൂപം കൊടുത്ത ‘ഫെഡറേഷൻ ഓഫ് യംഗ് ക്രിസ്ത്യൻസ് ഓഫ് കാറ്റലോണിയ’ എന്ന കൂട്ടായ്മയുടെ ഭാഗവുമായി അവൻ. സംഘടനയുടെ മുഖപത്രമായ ‘മാർ ബ്ലാവ’യിൽ സാമൂഹ്യവിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങളും അവൻ എഴുതിത്തുടങ്ങി. ആദ്യകാലത്ത് ആർക്കും ജൊവാനെ അറിയില്ലായിരുന്നു. എന്നാൽ ദിവ്യകാരുണ്യത്തോടുള്ള അവന്റെ ഭക്തിയും സ്‌നേഹവും അവനെ അതിവേഗം പ്രശസ്തനാക്കി.

അഭിഭാഷകൻ എന്നതിലുപരി ഒരു മിഷനറിയായി ജീവിക്കണം എന്ന ആഗ്രഹത്തിലേക്ക് നയിക്കപ്പെട്ടത് അക്കാലത്താണ്. സ്പാനിഷ് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട കാലവും അതുതന്നെ. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ അനേകർ അരുംകൊലയ്ക്ക് ഇരയായി. കാര്യങ്ങൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമ്പോൾ ജൊവാന്റെ ആകുലത കൂദാശകൾ സ്വീകരിക്കുന്നതിനെ കുറിച്ചായിരുന്നു. രക്തസാക്ഷിത്വത്തിന് മനസുകൊണ്ട് തയാറെടുത്ത അവൻ പറഞ്ഞിരുന്നത്, കൂദാശകൾ ലഭിക്കാതെ താൻ മരിക്കില്ല എന്നാണ്.

പിന്നീട്, ‘ഫെഡറേഷൻ ഓഫ് യംഗ് ക്രിസ്ത്യൻസ് ഓഫ് കാറ്റലോണിയ’യുടെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ജൊവാനിലേക്ക് വന്നുചേർന്നു. ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ അന്റുദിനം വർദ്ധിച്ചുകൊണ്ടിരുന്നു. വൈദികരും യുവജനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ക്രൈസ്തവർക്ക് ജീവൻ നഷ്ടമായി. ഈ സമയത്തെല്ലാം പാപികൾക്കുവേണ്ടിയും ദൈവത്തിന്റെ കരുണയ്ക്കു വേണ്ടിയുമാണ് കൂടുതൽ സമയവും അവൻ പ്രാർത്ഥിച്ചത്.

നിരവധി ദൈവാലയങ്ങൾ തകർക്കപ്പെട്ടു, അഗ്‌നിക്കിരയായി. തിരുക്കർമങ്ങൾ ദൈവാലയങ്ങളിൽ അർപ്പിക്കാനാകാത്ത സ്ഥിതിയിലെത്തി. എന്നാൽ, ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് ആഗ്രഹിച്ചവർക്കെല്ലാം അതീവ രഹസ്യമായി വീടുകളിലെത്തി വൈദികർ വിശുദ്ധ കുർബാന നൽകി. പിടിക്കപ്പെട്ടാൽ മരണമാണ് ശിക്ഷ എന്ന് അറിഞ്ഞുകൊണ്ടുതന്നെ വിശുദ്ധ കുർബാന നൽകാനുള്ള വൈദികരുടെ യത്‌നത്തിൽ ജൊവാനും പങ്കാളിയായി.

ദിവ്യകാരുണ്യനാഥനെ സ്വീകരിക്കാൻ തയാറെടുത്തവർക്ക് നൽകാൻ ഇടവക വൈദികൻ ഒരു സിബോറിയത്തിൽ (ഓസ്തിപാത്രത്തിൽ) തിരുവോസ്തി ജൊവാന് കൈമാറുകയായിരുന്നു പതിവ്. അപ്രകാരമൊരു പ്രേഷിത യാത്രയിൽ അവൻ തിരിച്ചറിഞ്ഞു, സൈന്യം തന്നെ നിരീക്ഷിക്കുന്നുണ്ട്. വിശുദ്ധ കുർബാന നൽകാൻ ഒരു വീട്ടിലേക്ക് പ്രവേശിക്കവേ അക്കാര്യം സ്ഥിരീകരിക്കപ്പെട്ടു, തന്നെ പിടികൂടാൻ അവർ പിന്നാലെയുണ്ട്. മരണം തൊട്ടടുത്തെത്തിയത് തിരിച്ചറിഞ്ഞ അവൻ, വിശുദ്ധ കുർബാന സ്വീകരിച്ച ആ കുടുംബത്തോട് പറഞ്ഞു: ‘എനിക്ക് ഭയമില്ല, എന്റെ നാഥൻ എനിക്കൊപ്പമുണ്ട്.’

മണിക്കൂറുകൾക്കുള്ളിൽ അവനെ തേടി സൈന്യമെത്തി. വാതിലിൽ അവരുടെ തട്ട് കേട്ടപ്പോൾതന്നെ അപകടം തിരിച്ചറിഞ്ഞ ജൊവാൻ തിരക്കുകൂട്ടിയത് ഭീരുവിനെപ്പോലെ പലായനം ചെയ്യാനല്ല, മറിച്ച്, പരിശുദ്ധ കുർബാന അവഹേളിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ്. അവർ വീട്ടിൽ പ്രവേശിക്കുമുമ്പ്, സിബോറിയത്തിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയെല്ലാം അവൻ ഭുജിച്ചു. സൈന്യം പിടികൂടുമ്പോഴും അവൻ അമ്മയോട് പറഞ്ഞ വാക്കുകളും വിശ്വാസധീരതയ്ക്ക് തെളിവാണ്: ‘ദൈവം എന്റെ കൂടെയുണ്ട്.’

1936 സെപ്തംബർ 11-ായിരുന്നു അവന്റെ രക്തസാക്ഷിത്വം. ആറു വെടിയുണ്ടകൾ അവന്റെ ജീവനെടുത്തു, അഞ്ചെണ്ണം നെഞ്ചിലും ഒരണ്ണം കഴുത്തിലും. വെടിയേൽക്കപ്പെടുംമുമ്പ് അവൻ മൊഴിഞ്ഞത് ക്രിസ്തീയ ക്ഷമയുടെ സുവിശേഷമാണ്: ‘ഞാൻ നിങ്ങളോട് ക്ഷമിക്കുന്നതുപോലെ ദൈവവും നിങ്ങളോട് ക്ഷമിക്കട്ടെ.’ അവൻ മൊഴിഞ്ഞ ആ വാക്കുകൾ, അതിന് ദൃക്‌സാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പിന്നീട് വിവരിക്കുകയായിരുന്നു. ആഭ്യന്തര യുദ്ധാനന്തരം കണ്ടെടുക്കപ്പെട്ട അവന്റെ ഭൗതീകദേഹം സാൻ പെരെ മാസ്‌നൗ ദൈവാലയത്തിലാണ് അടക്കം ചെയ്തത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?