Follow Us On

31

January

2023

Tuesday

മൃതർ യാത്രയാവട്ടെ, ജീവനുള്ളവർ ഉറപ്പായും കേൾക്കണം, ധ്യാനിക്കണം ഈ ഈരടികൾ!

ക്രിസ്റ്റഫർ ജോസ്

മൃതർ യാത്രയാവട്ടെ, ജീവനുള്ളവർ ഉറപ്പായും കേൾക്കണം, ധ്യാനിക്കണം ഈ ഈരടികൾ!

മരണഭയമല്ല, മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയാണ് ഒരു ക്രൈസ്തവനെ നയിക്കേണ്ടതെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.

ഇടവക ഗായകസംഘാംഗമായതിനാൽ, സകല മരിച്ച വിശ്വാസികളുടെയും തിരുനാളിന് മുമ്പുള്ള ദിനങ്ങളിൽ, മരിച്ചവർക്ക് വേണ്ടിയുള്ള വലിയ ഒപ്പീസിലെ പാട്ടുകൾ പ്രാക്ടീസ് ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. പാട്ടുകൾക്കെല്ലാം ഒരേ ട്യൂൺ ആണെന്ന് തോന്നുമെങ്കിലും എല്ലാ പാട്ടുകൾക്കും തമ്മിൽ ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുമാത്രമല്ല, സ്ഥിരമായി പാടുന്ന പാട്ടുകൾ അല്ലാത്തതുകൊണ്ടും ശ്രദ്ധിച്ചില്ലെങ്കിൽ തെറ്റുവരാൻ സാധ്യതയുണ്ട്.

രണ്ട് മൂന്ന് വർഷംമുമ്പ്, ജോലിക്കിടയിലെ വിശ്രമത്തിനിടയിൽ ഞാൻ ഈ പാട്ടുകൾ ഹെഡ്‌ഫോണിൽ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു സുഹൃത്ത് എന്റെ കാബിനിലേക്ക് കയറിവന്നത്. എന്നോട് ഒരുപാട് സ്വാതന്ത്ര്യമുള്ള ആളായതിനാൽ എന്റെ ഹെഡ്‌ഫോണെടുത്ത് സുഹൃത്ത് അവന്റെ ചെവിയിൽ വച്ചു. പാട്ടുകേട്ട ഉടൻതന്നെ വലിയ അസ്വസ്ഥതയോടെ അവൻ ഹെഡ്‌ഫോൺ ഊരി എന്റെ നേരെ നീട്ടി, മരിച്ചവരുടെ പാട്ട് കേട്ടുകൊണ്ടിരിക്കുന്നു എന്ന കാരണത്താൽ എന്നോട് ദേഷ്യപ്പെടുകയും ചെയ്താണ് അവൻ ഇറങ്ങിപ്പോയത്- വലിയ ഒപ്പീസിലെ പാട്ടുകൾ സത്യത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ളതാണോ?

മരണം! ആരും ആഗ്രഹിക്കാത്ത ഒരു യാഥാർത്ഥ്യമാണത്. ഒരിക്കൽ ഒരു ടൂർ പോകുമ്പോൾ കൂട്ടത്തിൽ രസികനായ ഒരു ചങ്ങാതി, എറ്റവും വലിയ നുണ പറയുന്നയാൾക്ക് ഒരു സമ്മാനം പ്രഖ്യാപിച്ചു. പലരും അവരുടെ ആഗ്രഹത്തിനനുസരിച്ചും ഭാവനക്കനുസരിച്ചും നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞു. പക്ഷെ ഒരു നുണയേയും ഏറ്റവും വലിയ നുണയായി അയാൾ അംഗീകരിച്ചില്ല. ഒടുവിൽ എല്ലാവരും നിർബന്ധിച്ച് അയാളെകൊണ്ടുതന്നെ ആ വലിയ നുണ പറയിപ്പിച്ചു: ‘എനിക്ക് മരണമില്ല’ എന്നതായിരുന്നു ഏറ്റവും വലിയ നുണയായി അയാൾ പറഞ്ഞത്.

അടുത്ത സെക്കന്റിൽ ഞാൻ ഈ ഭൂമിയിലുണ്ടാകുമോ എന്ന കാര്യത്തിൽ നമുക്കാർക്കും ഒരു ഉറപ്പുമില്ല, എങ്കിലും സ്വന്തം മരണത്തെ കുറിച്ച് ചിന്തിക്കാൻ ആരും ഇഷ്ടപ്പെടാറുമില്ല. നാം ഈ ലോകത്തിൽ എന്തെല്ലാം നേടിയാലും ഇല്ലെങ്കിലും മരണം എന്ന യാഥാർത്ഥ്യം ഒരുനാൾ നമ്മെ തേടി വരും.

‘മങ്ങിയൊരന്തി വെളിച്ചത്തിൽ

ചെന്തീപ്പോലൊരു മാലാഖ

വിണ്ണിൽ നിന്നെൻ മരണത്തിൽ

സന്ദേശവുമായ് വന്നരികെ’

ഈ സനാതനസത്യത്തെ കുറിച്ച് നമ്മെ ചിന്തിപ്പിക്കുന്നതാണ് വലിയ ഒപ്പീസിലെ ഓരോ വരിയും. നമ്മേ തേടി, ചുവന്ന തീ നാളംപോലെ മാലാഖ വരുന്ന ദിവസം, ഈ ലോകത്തൊരിടത്തും നമുക്ക് ഒളിത്താവളങ്ങളില്ലാതാകുന്ന ദിവസം, നാം നിത്യസമ്മാനത്തിന് വിളിക്കപ്പെടുമോ? നിത്യ ശിക്ഷയ്ക്കായി മാറ്റപ്പെടുമോ?

വലിയ ഒപ്പീസിന്റെ വരികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ, ശാന്തമായി ആ പാട്ടുകൾ കേട്ടാൽ, മാറ്റപ്പെടാത്ത സത്യമായ നമ്മുടെ മരണത്തിനുവേണ്ടി കൂടുതൽ ആത്മവിശ്വാസത്തോടെ, ഒരുക്കത്തോടെ ആയിരിക്കാൻ നമുക്ക് കഴിയും. പ്രത്യേകമായി ഈ നവംബർ മാസത്തിൽ സകല മരിച്ചവരെയും ഓർത്ത് പ്രാർത്ഥിക്കുന്നതിനൊപ്പം, നമ്മുടെ മരണ ദിവസത്തിനുവേണ്ടി ഒരുങ്ങാനും നമുക്ക് ശ്രമിക്കാം.

ക്രിസ്തുവിന്റെ സഭ നിരവധി പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടത്തിലാണിപ്പോൾ. ക്രിസ്ത്യാനിയായതുകൊണ്ടും വിശ്വാസം ഉപേക്ഷിക്കാൻ സന്നദ്ധരല്ല എന്നതുകൊണ്ടും മാത്രം ലോകത്തിന്റെ പല ഭാഗങ്ങളിലും, കൊലചെയ്യപ്പെടുന്ന ക്രിസ്തുസാക്ഷികളുടെ എണ്ണം കൂടിക്കൂടി വരുന്നു. ഇത്തരം വാർത്തകൾ, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലും തയാറാവാത്തവിധം ക്രൈസ്തവർ പാർശ്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

‘ബലിപീഠത്തിൽ കൂടു ചമയ്ക്കും

പ്രാവ്കണക്കെ തിരുസഭ നിൽപ്പൂ

കൂടുതകർത്താ പ്രാക്കളെയെല്ലാം

കരുതികഴിക്കാൻ സർപ്പമണഞ്ഞു

നാഥാ നിൻ തിരു ദിവ്യ നിണത്താൽ

നേടിയ സഭയെ കൈവെടിയല്ലെ’

വലിയ ഒപ്പീസിലെ ഈ വരികൾ ഈ കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമാകുകയാണോ! സഭ മുഴുവനും, സഭക്കൊപ്പം നാം ഓരോരുത്തരും ഒരുക്കമുള്ളവരായിത്തീരാൻ വേണ്ടി ആഗ്രഹിച്ചും നമ്മുടെ പൂർവീകരുടെ വിശ്വാസമാതൃകകൾ സ്വീകരിച്ചും അവർക്കുവേണ്ടി പ്രാർത്ഥിച്ചും നമുക്ക് ഈ നവംബറിലൂടെ യാത്രചെയ്യാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?