Follow Us On

28

November

2022

Monday

പട്ടാളക്കാരനായില്ല പകരം, ക്രിസ്തുവിന്റെ പുരോഹിതനായി; സിൽവർ ജൂബിലി പിന്നിട്ട് അബ്രഹാം അച്ചൻ

പട്ടാളക്കാരനായില്ല പകരം, ക്രിസ്തുവിന്റെ പുരോഹിതനായി; സിൽവർ ജൂബിലി പിന്നിട്ട് അബ്രഹാം അച്ചൻ

ക്രിസ്തു വിളിച്ചപ്പോൾ വള്ളവും വലയും ഉപേക്ഷിച്ച പത്രോസിനെപ്പോലെ, മിലിട്ടറി ഓഫീസർ എന്ന സ്വപ്‌നങ്ങളെല്ലാം വഴിയിലുപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ പോയി പൗരോഹിത്യം സ്വീകരിച്ച ഫാ. അബ്രഹാം കിഴക്കേക്കൂറ്റ് ഇന്നും തന്റെ മിഷണറി ദൗത്യം തുടരുകയാണ്, ആരംഭകാലത്തെ അതേ തീക്ഷ്ണതയിൽ.

ഫാ. ജിതിൻ പാറശേരിൽ സി.എം.ഐ

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ നിറഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽനിന്നുള്ള എൻ.സി.സി കേഡറ്റായി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുക, രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ രാജ്യമെമ്പാടുനിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ടംഗ എൻ.സി.സി സംഘത്തിലെ ഒരാളാകാൻ അവസരം ലഭിക്കുക. അതിനുശേഷം രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന വിരുന്നുസത്ക്കാരത്തിലേക്ക് ക്ഷണിക്കപ്പെടുക- ഏതൊരു വിദ്യാർത്ഥിയെ സംബന്ധിച്ചും സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങൾ.

1983ൽ, ആലുവ യു.സി കോളജ് പഠനകാലത്ത് ആ യുവാവിനും ലഭിച്ചു അപ്രകാരമൊരു അവസരം. ഗ്യാനി സെയിൽസിംഗായിരുന്നു രാഷ്ട്രപതി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും. പട്ടാളക്കാരനാകാൻ മനസുകൊണ്ട് ആഗ്രഹിച്ച് എഴുതിയ മിലിട്ടറി ടെസ്റ്റിലും മുന്നിലെത്തി ആ യുവാവ്. പട്ടാളത്തിലെ ഓഫീസർ ജോലി ഉറപ്പായപ്പോഴാണ് മറ്റൊരു വിളി, ദൈവത്തിന്റെ വിളി, പൗരോഹിത്യത്തിലേക്കുള്ള വിളി. പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല, വള്ളവും വലയും ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെപോയ പത്രോസിനെപ്പോലെ, പട്ടാള സ്വപ്‌നങ്ങളെല്ലാം വഴിയിലുപേക്ഷിച്ച് ആ യുവാവും ക്രിസ്തുവിന്റെ പിന്നാലെ പോയി. ആ യുവാവിന്റെ പേര് ഫാ. അബ്രഹാം കിഴക്കേക്കൂറ്റ് സി.എം.ഐ.

സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഉത്തരേന്ത്യയിലെ മിഷൻ ഭൂമിയിൽ അദ്ദേഹം ആരംഭിച്ച അജപാലനദൗത്യം രജത ജൂബിലിയും പിന്നിട്ട് മുന്നേറുകയാണ്, ആരംഭകാലത്തെ അതേ തീക്ഷ്ണതയിൽതന്നെ. സെമിനാരിയിലേക്കുള്ള പ്രവേശനയാത്ര അത്ര സുഗമമായിരുന്നില്ല. മാതാപിതാളുടെയും സഹോദരങ്ങളുടെയും എതിർപ്പ് ഇല്ലാതാക്കി, അവരുടെ പൂർണമായ അനുവാദത്തോടെ 1986 ജൂണിൽ പൂഞ്ഞാർ ലിറ്റിൽ ഫ്‌ളവർ സെമിനാരിയിൽ അർത്ഥിയായി ചേർന്ന അബ്രഹാം 1994ൽ കർത്താവിന്റെ പുരോഹിതനായി അഭിഷിക്തനായി. സി.എം.ഐ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ ഭാഗമായ ഗുജറാത്തിലെ ഭാവനഗർ റീജ്യണാണ് പ്രവർത്തനമേഖലയായി തിരഞ്ഞെടുത്തത്.

പേരിനുപോലുമില്ല ക്രൈസ്തവർ

ക്രൈസ്തവ സാന്നിധ്യമില്ലാത്ത അംറേലി ജില്ലയിലെ ദേവളിയ ഗ്രാമമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ കർമഭൂമി. ദരിദ്രരായിരുന്നു ഗ്രാമവാസികളെല്ലാം. ഒരു ദിവസം ത്രേംമ്പോട എന്ന അപരിഷകൃതമായ ഗ്രാമത്തിലേക്കുള്ള യാത്രക്കിടയിലാണ് വഴിയരികിലെ ആൽമരചുവട്ടിൽ അവശയായിരിക്കുന്ന ഒരു വൃദ്ധയെ അദ്ദേഹം കണ്ടത്. ആ അമ്മയുടെ ദൈന്യത കണ്ട് വിവരങ്ങൾ ആരാഞ്ഞു. സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്ത ആ വൃദ്ധ തൊട്ടടുത്തുള്ള ഒരു പാലത്തിനടിയിലാണ് താമസം. ഭിക്ഷ യാചിച്ചു കിട്ടുന്നതായിരുന്നു ഭക്ഷണം.

ഈ സംഭവം അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ആരും നോക്കാനില്ലാത്ത, വൃദ്ധരെ സംരക്ഷിക്കാൻ ഒരു അഭയകേന്ദ്രം എന്ന ആശയം ജനിച്ചത് ആ സംഭവത്തിൽനിന്നാണ്. സഭാധികാരികളുടെ അനുവാദത്തോടെ ദേവളിയ ഗ്രാമത്തിന് സമീപം ഫുൾജർ എന്ന സ്ഥലത്ത് അച്ചൻ അഭയകേന്ദ്രത്തിന്റെ നിർമാണം തുടങ്ങി. മിഷൻ പ്രദേശങ്ങൾ സാമ്പത്തികമായി വളരെ ഞെരുക്കക്കത്തിലായിരുന്ന ആ സമയത്ത് നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്തേണ്ട പൂർണ ഉത്തരവാദിത്വവും അദ്ദേഹത്തിനായിരുന്നു.

ഓസ്ട്രിയയിൽ സേവനം ചെയ്തിരുന്ന, അദ്ദേഹത്തിന്റെ സഹോദരിയും ഡോക്ടറുമായ സിസ്റ്റർ റാനിറ്റ എഫ്. സി.സി ഉദാരമതികളിൽനിന്ന് സമാഹരിച്ചു നൽകിയ എട്ട് ലക്ഷം രൂപയായിരുന്നു വൃദ്ധാശ്രമ നിർമാണത്തിന്റെ പ്രഥമ മൂലധനം. ജർമൻ സ്വദേശിയായ ഫാ. ഹെർബർട്ടിന്റെ പിന്തുണയും വലിയ സഹായമായി. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു തുടങ്ങി എന്ന് ചിന്തിച്ചെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ക്രിസ്ത്യാനികളെ വെറുപ്പോടെ കണ്ടിരുന്ന ഗ്രാമത്തലവൻ ബബ്ലൂ ഭായി വൃദ്ധാശ്രമത്തിനെതിരെ രംഗത്തെത്തി.

അങ്ങനെ ബബ്ലുവും അച്ചനും ഭായി ഭായി!

നിരവധി തവണ തോക്കുമായെത്തി വധഭിക്ഷണി മുഴക്കിയ ബബ്ലു ഭായി, അദ്ദേഹത്തിനെതിരെ നിരന്തരമായി പൊലീസിൽ കള്ളപ്പരാതികൾ നൽകി. ഈ എതിർപ്പുകൾക്കിടയിലും ദൈവസ്‌നേഹത്താൽ പ്രചോദിതനായി അദ്ദേഹം ആശ്രമത്തിന്റെ പണി തുടർന്നു. ഇത് ബബ്ലു ഭായിയെ അത്ഭുതപ്പെടുത്തി. അന്യനാട്ടുകാരനായ ഒരു വൈദികൻ ബന്ധുജനങ്ങളെയെല്ലാം ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് പാവപ്പെട്ടവർക്കായി അധ്വാനിക്കുന്നു!

വൈകിയാണെങ്കിലും, ഫാ. അബ്രഹാമിനെ പ്രചോദിപ്പിക്കുന്ന ക്രിസ്തുവിന്റ സ്‌നേഹത്തെ ഗ്രാമത്തലവൻ തിരിച്ചറിഞ്ഞു. ഒരു ദിവസം വൈകുന്നേരം ബബ്ലു ഭായി അദ്ദേഹത്തെ കാണാനെത്തി, ഇനി മുതൽ നമുക്ക് നല്ല സുഹൃത്തുക്കളാകാം എന്ന വാഗ്ദാനവുമായി. ആരോടും വെറുപ്പ് സൂക്ഷിക്കാത്ത ഫാ. അബ്രഹാം ബബ്ലു ഭായിയെ ഒരു നല്ല സുഹൃത്തായി സ്വീകരിച്ചു. തന്നെ എതിർക്കുന്നവരിലേക്കുവരെ ജീവിതമാതൃകയിലൂടെ ക്രിസ്തുവിന്റെ സ്‌നേഹമെത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു എന്നതിന്റെ അനേകം ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണത്.

ദേവളിയ ഗ്രാമത്തിലെ ഭവനരഹിരായ നിരവധി കുടുംബങ്ങൾക്ക് സർക്കാരിന്റെയും ഉദാരമതികളുടെയും സഹായത്തോടെ, എല്ലാ സൗകാര്യത്തോടും കൂടിയ വീടുവെച്ച് നൽകാനും ഫാ. അബ്രഹാമിനെ ദൈവം ഉപകരണമാക്കി. വൃദ്ധർക്കും അനാഥ ശിശുക്കക്കളും ഉൾപ്പെടെ നിരവധി പേർക്ക് അഭയം നൽകുന്ന സംരംഭമായി അഭയകേന്ദ്രം വളർന്നു എന്നതും ശ്രദ്ധേയം. അദ്ദേഹത്തിന്റെ പിൻഗാമികളായെത്തിയ എല്ലാ വൈദികരും ഈ സ്ഥാപനത്തെ തങ്ങളുടെ ഹൃദയത്തോട് ചേർത്തു നിർത്തിയതിന്റെ ഫലമാണ് ഇതിന്റെ വളർച്ചയ്ക്ക് അടിസ്ഥാനമായത്. നിലവിലെ ഡയറക്ടർ ഫാ. റോയ് വാക്കയിന്റെ സ്തുത്യർഹ സേവനത്തിലൂടെ വളർച്ചയുടെ പുതിയ പടവുകൾ കയറുകയാണ് ഈ അഭയകേന്ദ്രം.

ദൈവത്തിന്റെ കൈവിരലുകൾ

പിന്നീട്, വേരാവൽ സ്റ്റൈല്ലാ മാരിസ് ഇടവകയുടെ വികാരി, സെന്റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പൽ എന്നീ ദൗത്യങ്ങളാണ് ഫാ. അബ്രഹാമിനെ കാത്തിരുന്നത്. കേരളത്തിൽനിന്ന് ജോലിക്കായി എത്തിയ നിരവധി മലയാളികളെ ആത്മീയതയിൽ വളർത്താൻ മാത്രമല്ല അവരെ ഐക്യബോധത്തിൽ നയിക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനം സഹായകമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി ഇടവകാംഗങ്ങൾക്ക് വീട് നിർമിച്ച് നൽകാനും അദ്ദേഹത്തിന് സാധിച്ചു. തന്റെ മിഷൻ യാത്രയ്ക്കിടയിലുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതും അക്കാലത്താണ്.

ഔദ്യോഗിക ആവശ്യത്തിനായി, ഒരു ദിവസം രാജ്‌കോട്ടേക്കുള്ള യാത്രാമധ്യേ ഉണ്ടായ അപകടത്തിൽ ഏതാനും കൈവിരലുകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. ശാരീരികമായ ഈ പരിമിതികളെ, ദൈവാശ്രയത്വത്താൽ മറികടന്ന് അദ്ദേഹം മിഷണറിയാത്ര തുടർന്നു. ശൈശാവസ്ഥലായിരുന്ന സെന്റ് മേരീസ് സ്‌കൂളിനെ ജില്ലയിലെ പ്രമുഖ സ്‌കൂളുകളിൽ ഒന്നാക്കിമാറ്റിയതിന് പിന്നിലെ പ്രധാന ശക്തി അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമായിരുന്നു. ദരിദ്രരും സാധാരണക്കാരുമായ നിരവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സ്ഥാപനമാണ് ഇന്ന് ആ സ്‌കൂൾ.

വേരാവൽ, മൗവ, ജുനാഗഡ് എന്നി മിഷൻ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ബോട്ടാത് സെന്റ് സേവ്യഴ്‌സ് ആശ്രമാധിപനായി സേവനം ചെയ്യുകയാണിപ്പോൾ. പാലാ രൂപത മുത്തോലപുരം ഇടവകയിൽ കിഴക്കേക്കൂറ്റ് പരേതനായ ജോസഫ്- റോസമ്മ ദമ്പതികളുടെ മകനാണ്. ഡോക്ടർ സിസ്റ്റർ റാനിറ്റ് എഫ്.സി.സിയും (പീഡിയാട്രീഷൻ സെന്റ് ജോൺസ്, കട്ടപ്പന) സിസ്റ്റർ മെറിൻ എഫ്.സി.സിയും (ഹെഡ് മിസ്‌ട്രെസ്, സെന്റ് ജോർജ് സ്‌കൂൾ, ഇരവുചിറ) എന്നിവർ സഹോദരങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?