Follow Us On

19

January

2021

Tuesday

യൂറോപ്പ്, മാമ്മോദീസാ വാഗ്ദാനങ്ങളിൽ എത്രമാത്രം വിശ്വസ്തയാണ്‌ നീ?

യൂറോപ്പ്, മാമ്മോദീസാ വാഗ്ദാനങ്ങളിൽ എത്രമാത്രം വിശ്വസ്തയാണ്‌ നീ?

കത്തോലിക്കാ സഭയുടെ മൂത്തമകളാണ് ഫ്രാൻസ്. അവിടെ ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിക്കുമ്പോൾ പ്രസക്തമാണ് ഈ ചോദ്യം.

ഫാ. റോയ്‌ പാലാട്ടി സി.എം.ഐ

1960കളുടെ തുടക്കത്തിൽ, വ്യത്യസ്ത സംസ്‌കാരങ്ങൾ സമഗ്രമായി വിശകലനം ചെയ്തശേഷം മഹാനായ ബ്രിട്ടീഷ് ചരിത്രകാരൻ അർനോൾഡ് ടോയ്ൻബീ യൂറോപ്യൻ സംസ്‌കാരത്തിന്റെ വിജയത്തെക്കുറിച്ചുള്ള തന്റെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്: ‘താൻ വിശകലനം ചെയ്ത 28 വ്യത്യസ്ത സംസ്‌കാരങ്ങളിൽ 18 എണ്ണം ഇതിനകം പൂർണമായും നശിച്ചു കഴിഞ്ഞു. ഒൻപത് സംസ്‌ക്കാരങ്ങൾക്ക് സാരമായ കോട്ടം സംഭവിച്ചിട്ടുണ്ട്. പക്ഷേ, യൂറോപ്പുമാത്രം ഇന്നും നിലനിൽക്കുന്നു.’

എന്നാൽ ദുഃഖകരമെന്ന് പറയട്ടെ, യൂറോപ്പ് വെറുതെ മരിക്കുകയല്ല, മറിച്ച് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കാലഘട്ടത്തിൽ.ഈ രാജ്യം ഇത്ര ദയനീയമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കാൻ നിരവധി കാരണങ്ങളുണ്ട്. ദൈവത്തെയും ക്രിസ്തീയ സംസ്‌കാരത്തെയും ഉന്മൂലനം ചെയ്യാനുള്ള വ്യഗ്രത, തീവ്രമായ മതേതരത്വത്തോടുള്ള സ്വയം സമർപ്പണം എന്നിവയാണ് അതിൽ പ്രധാന കാരണങ്ങൾ. അതായത്, ദൈവത്തോടുള്ള ആദരവ് തകർക്കപ്പെടുന്ന ഇടങ്ങളിലെല്ലാം സമൂഹത്തിന് ഏറെ അത്യാവശ്യമായ ഒന്ന് നശിക്കുമെന്നത് സുനിശ്ചിതം!

എമിരിറ്റസ് ബനഡിക്ട് 16-ാമൻ പാപ്പ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഓർക്കുകയാണിപ്പോൾ. ‘യൂറോപ്പ് അതിനുള്ളിൽ നിന്നുതന്നെ ശൂന്യമായികൊണ്ടിരിക്കുന്നു.’ ദൈവഭമില്ലായ്മയും വ്യത്യസ്ത മതേതര തത്വചിന്തകളോടുള്ള വിമർശനാത്മകമല്ലാത്ത സമീപനവുമാണ് ഈ ശൂന്യതയ്ക്ക് കാരണം. നാം ശൂന്യരാകുമ്പോൾ മറ്റുള്ളവർക്ക് നമ്മെ കീഴടക്കാൻ എളുപ്പമാണ്. ഫ്രാൻസിൽ അടുത്തിടെയുണ്ടായ ദാരുണമായ ഭീകരാക്രമണം അതിന് ഉചിതമായ ഉദാഹരണമാണ്.

നീസിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാളാണ് വിൻസെന്റ് ലോക്‌സ്. കത്തോലിക്കാ വിശ്വാസിയായ ലോക്‌സ് ഏഴു വർഷമായി ബസിലിക്കയിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ലോക്‌സിന്റെ മരണത്തിന്റെ ഞെട്ടലോടെ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ഫ്രെഡറിക് ലെഫെവ്രെ അഭിപ്രായപ്പെട്ടത് ഇങ്ങനെ: ‘ഞങ്ങളുടേത് ഒരു സ്വതന്ത്ര രാജ്യമായിരുന്നു, ഞങ്ങളാണ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സ്വാതന്ത്ര്യം അഭ്യസിപ്പിച്ചത്. എന്നാൽ ഇന്ന്, ഈ സ്വാതന്ത്ര്യം നമുക്കുമുന്നിൽ അടയുകയാണ്. എല്ലാവർക്കും ജീവിതം ജീവിച്ചുതീർക്കേണ്ടതുണ്ട്.’

ഫ്രാൻസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 263 നിരപരാധികളാണ് ഇസ്ലാമിക ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പാരീസ് നഗരപ്രാന്തത്തിൽവെച്ച് ഫ്രഞ്ച് അധ്യാപകൻ സാമുവൽ പാറ്റി ശിരഛേദം ചെയ്യപ്പെട്ടത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്.

വൈകാരിക പ്രകോപനത്താലോ വിവേകരഹിതമായ പ്രതികരണമായോ ഒരാൾക്കെതിരെ മറ്റൊരാൾ ആയുധമെടുക്കാം. എന്നാൽ, ദൈവത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഒരാളെ കൊല്ലുന്നതിനെ കടുത്ത മതഭ്രാന്ത് എന്നല്ലാതെ മറ്റെന്തു വിളിക്കും. എന്തൊക്കെ ദൈവീക സങ്കൽപ്പങ്ങൾ നിരത്തിയാലും അതിന് ഒരു ന്യായീകരണവുമില്ല. നിങ്ങളുടെ നിരപരാധിയായ അയൽക്കാരനെ കൊല്ലണമെന്ന് ഒരു ‘ദൈവ’വും പറയില്ല. ദൈവത്തിന് സ്വന്തം സ്വഭാവത്തെ നിഷേധിക്കാൻ കഴിയില്ല. മറ്റുള്ളവരെ കൊല്ലാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ‘ദൈവം’ ഉണ്ടെങ്കിൽ, ആ ‘ദൈവം’ ഒരു ദൈവമല്ല, മറിച്ച് ഒരു പിശാചുമാത്രമായിരിക്കും!

നിരവധി വിശുദ്ധരെയും പുണ്യാത്മാക്കളെയും സമ്മാനിച്ച ഒരു രാജ്യമെന്ന നിലയിൽ കത്തോലിക്കാസഭയെ സംബന്ധിച്ച് അവളുടെ ഏറ്റവും മൂത്ത പുത്രിയാണ് ഫ്രാൻസ്. യൂറോപ്പ് കൂടുതൽ മതേതരമായി വളരുകയും ഇസ്ലാം ഭൂഖണ്ഡത്തിൽ വേരുറപ്പിക്കുകയും ചെയ്യുമ്പോൾ, ഫ്രഞ്ച് കത്തോലിക്കാസഭയുടെ മുഖം പരിണാമവിധേയമാകുകയാണ്. വ്യക്തമായി പറഞ്ഞാൽ, 2019 ഏപ്രിലിൽ നോട്രെഡാം കത്തീഡ്രലിലെ തീപിടുത്തം ഫ്രാൻസിലെ കത്തോലിക്കാസഭയുടെ ഇന്നത്തെ അവസ്ഥയെയാണ് വെളിപ്പെടുത്തുന്നത്.

ഒരു വശത്ത്, മതേതര ഫ്രഞ്ച് റിപ്പബ്ലിക് രാജ്യത്തിന്റെ കത്തോലിക്കാ വേരുകളെ നിഷേധിക്കുമ്പോൾ മറുവശത്ത്, ജിഹാദികൾ ക്രിസ്തുമതത്തെ രാജ്യത്തിന്റെയും മുഴുവൻ പാശ്ചാത്യ നാഗരികതയുടെയും കാതലായി കാണുന്നത് തുടരുകയാണ്. ക്രിസ്ത്യാനികൾ അവരുടെ വേരുകളിൽനിന്ന് അകലുമ്പോൾ, യഥാർത്ഥത്തിൽ ക്രിസ്ത്യൻ വേരുകളെയും അതിന്റെ അടിസ്ഥാന മൂല്യങ്ങളെയും നശിപ്പിക്കാനാണ് ജിഹാദികൾ ആഗ്രഹിക്കുന്നത്. ഇത് ഒരു വിചിത്രമായ പ്രതിഭാസമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ കത്തോലിക്കാസഭയുടെ മൂത്ത മകൾക്ക് എന്തുചെയ്യാൻ കഴിയും?

രാജ്യത്തിന്റെ അടിസ്ഥാനശിലയായ ക്രിസ്തുവിലേക്ക് തിരിയുകയും വിശ്വാസം ധൈര്യത്തോടെ ഏറ്റുപറയുകയും അതിൽ ജീവിക്കുകയും വേണം അവൾ. 1980ൽ ഫ്രാൻസിലെ തന്റെ പര്യടനവേളയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഉദ്‌ഘോഷിച്ചത് ഈ സന്ദർഭത്തിൽ കൂടുതൽ പ്രസക്തമാകുന്നു: ‘ഫ്രാൻസ്, മാമ്മോദീസയിൽ നൽകിയ വാഗ്ദാനങ്ങളോട് വിശ്വസ്തയാണോ നീ?’ അവൾ അവളുടെ വാഗ്ദാനങ്ങൾ മറന്നാൽ, ആരെങ്കിലും അവളെ ഓർമിപ്പിക്കണം. എണ്ണമറ്റ ആക്രമണങ്ങളുടെയും ഗുരുതരമായ കുറ്റകൃത്യങ്ങളുടെയും ഈ ദിനങ്ങളിൽ, മാമ്മോദീസ സ്വീകരണവേളയിൽ അവൾ നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് അവളെ ഓർമപ്പെടുത്താമോ?

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?