Follow Us On

01

December

2020

Tuesday

സത്യം പ്രഘോഷിക്കാനുള്ള ദൈവീകദൗത്യം ഞാൻ തുടരും; വിമതരോട് തുറന്നടിച്ച് കർദിനാൾ; തരംഗമാകുന്നു വീഡിയോ

സത്യം പ്രഘോഷിക്കാനുള്ള ദൈവീകദൗത്യം ഞാൻ തുടരും; വിമതരോട് തുറന്നടിച്ച് കർദിനാൾ; തരംഗമാകുന്നു വീഡിയോ

യോണ്ടേ: വിമത പോരാളികളുടെ പിടിയിലായിരിക്കുമ്പോഴും മരണഭയമില്ലാതെ ക്രിസ്തുവിന്റെ സുവിശേഷ ദർശനങ്ങൾക്ക് സാക്ഷ്യം പകർന്ന കാമറൂണിലെ കർദിനാൾ ക്രിസ്റ്റ്യൻ ടുമിയുടെ വാക്കുകൾ തരംഗമാകുന്നു. വിമതരുടെ ബന്ധനത്തിലായിരിക്കേ, ചിത്രീകരിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. എന്തെല്ലാം സാഹചര്യങ്ങൾ നേരിടേണ്ടിവന്നാലും സുവിശേഷ സത്യങ്ങളിൽനിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി സുവിശേഷ ദർശനങ്ങളുടെ നേർസാക്ഷ്യമാകുകയാണ്.

കാമറൂണിന്റെ വടക്ക്പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിൽ ശ്രദ്ധേയ ഇടപെടൽ നടത്തുന്ന ഡൌവാല അതിരൂപതയിലെ ആർച്ച്ബിഷപ്പ് എമരിത്തൂസും 90 വയസുകാരനുമായ കർദിനാൾ ടുമിയെ നവംബർ അഞ്ചിനാണ് തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് മോചിപ്പിക്കുകയും ചെയ്തു. അതിനിടയിൽ, അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വിമത പോരാളികൾ ആയുധം താഴെ വെക്കണമെന്ന കർദിനാളിന്റെ അഭ്യർത്ഥനയെ ചോദ്യം ചെയ്തുകൊണ്ട്, തങ്ങളുടെ സന്ദേശം പൊതുസമൂഹത്തെ അറിയിക്കാൻ വിമത പോരാളികൾ ആവശ്യപ്പെട്ടപ്പോഴായിരുന്നു കർദിനാളിന്റെ ശ്രദ്ധേയമായ മറുപടി: ‘അജപാലപരവും സുവിശേഷാധിഷ്ഠിതമായ ബോധ്യങ്ങൾക്ക് അനുസൃതമായി ഞാൻ സത്യം പ്രഘോഷിക്കും. അതിന് വിരുദ്ധമായവ പ്രഘോഷിക്കണമെന്ന് നിർദേശിക്കാൻ മറ്റാർക്കും അവകാശമില്ല. കാരണം, ഞാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണ്.’

മറ്റൊരു ഘട്ടത്തിൽ, പ്രസ്തുത മറുപടിക്ക് കൂടുതൽ വ്യക്തത പകരുംവിധം കർദിനാൾ പറഞ്ഞു: ‘ഞാൻ സംസാരിക്കുന്നത് ഒരു അജപാലകനായിട്ടാണ്, അങ്ങനെ അല്ലാതാവാൻ എനിക്ക് കഴിയില്ല. ഞാൻ അപ്രകാരം ചെയ്യുന്നതിൽനിന്ന് വിരമിച്ചാൽ, സർവശക്തനായ ദൈവത്തോടുള്ള അവിശ്വസ്തതയാവും അത്.’ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഞങ്ങൾ ഒരിക്കലും ആയുധം താഴെവെക്കില്ലെന്ന് വിമതർ ഭീഷണി മുഴക്കിയപ്പോൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം കർദിനാൾ വ്യക്തമാക്കി:

‘നിങ്ങളെപ്പോലെതന്നെ ഒരു കാമറൂണിയൻ പൗരനാണ് ഞാൻ. ഞാൻ സർക്കാരിന്റെ പ്രതിനിധിയല്ല. ഞാൻ പൂർണമായും സ്വതന്ത്രനാണ്. ഞാൻ സർക്കാരിന്റെ വക്താവോ ജോലിക്കാരനോ അല്ല. നിങ്ങൾ തെറ്റുചെയ്താൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ പറയും. ഇനി സർക്കാരാണ് തെറ്റുചെയ്യുന്നതെങ്കിൽ അതും തെറ്റാണെന്നുതന്നെ പറയും.’

കാമറൂണിന്റെ വടക്ക്പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിൽ സർക്കാർ സൈന്യവും, വിമത പോരാളികളും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടയിലാണ് കർദിനാളിനെ തട്ടിക്കൊണ്ടുപോയത്. എൻസോ ജനവിഭാഗത്തിന്റെ നേതാവായ ഫോൻ സേം മ്പിൻഗ്ലോവുൾപ്പെടെ 12 പേർക്കൊപ്പം ബാമെണ്ടായിൽനിന്ന് കുമ്പോയിലേക്ക് യാത്രചെയ്യവേയാണ് ആയുധധാരികളായ വിമതർ അവരെ തട്ടിക്കൊണ്ടുപോയത്. കർദിനാൾ മോചിപ്പിക്കപ്പെട്ടെങ്കിലും മ്പിൻഗ്ലോവിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല.

ആർച്ച്ബിഷപ്പിന്റെ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിച്ചശേഷവും മേഖലയിലെ പ്രശ്‌നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ ഏറെ പരിശ്രമം നടത്തിയിട്ടുള്ള വ്യക്തിയാണ് കർദിനാൾ ടുമി. 1985 മുതൽ 1991 വരെ കാമറൂൺ മെത്രാൻ സമിതി പ്രസിഡന്റായിരുന്ന ഇദ്ദേഹം സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയുള്ള ‘ആങ്ക്‌ലോഫോൺ ജനറൽ’ കോൺഫറൻസ് സംഘടിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?