Follow Us On

19

April

2024

Friday

പാവപ്പെട്ടവർക്കുവേണ്ടിയുള്ള ആഗോള ദിനാചരണം നവം. 15ന്: ഇത്തവണ പേപ്പൽ വിരുന്ന് ഇല്ല; ഭക്ഷണം വീടുകളിലെത്തിക്കും

പാവപ്പെട്ടവർക്കുവേണ്ടിയുള്ള ആഗോള ദിനാചരണം നവം. 15ന്: ഇത്തവണ പേപ്പൽ വിരുന്ന് ഇല്ല; ഭക്ഷണം വീടുകളിലെത്തിക്കും

വത്തിക്കാൻ സിറ്റി: പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോള ദിനത്തിൽ സംഘടിപ്പിക്കുന്ന വിരുന്നുസത്ക്കാരം കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഒഴിവാക്കിയെങ്കിലും പാവപ്പെട്ടവരെ മാറോട് ചേർത്ത് ഫ്രാൻസിസ് പാപ്പ. റോമിലെയും പരിസരങ്ങളിലെയും പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും മറ്റും ഒരുക്കുന്ന തിരിക്കിലാണ് വത്തിക്കാൻ.

ഇത്തവണ നവംബർ 15 ഞായറാഴ്ചയാണ് പാവപ്പെട്ടവർക്കുവേണ്ടിയുള്ള ദിനാചരണം. അന്നേ ദിനം, ലോകമെമ്പാടുമുള്ള ദരിദ്രരെ പ്രത്യേകം സമർപ്പിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന ദിവ്യബലിയിൽ 100 പേർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അവരിൽനിന്നുള്ളവരാകും ദിവ്യബലിയിൽ വചന പാരായണങ്ങൾ നിർവഹിക്കുക. ‘ദരിദ്രരുടെ അടുക്കലെത്തുക’ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.

ദിവ്യബലി അർപ്പണത്തിനുശേഷം പോൾ ആറാമൻ ഹാളിൽ 1500 പേർക്കൊപ്പം ഫ്രാൻസിസ് പാപ്പ ഉച്ചഭക്ഷണം കഴിക്കുന്ന പതിവ് ഇത്തവണ ഉണ്ടാവില്ലെങ്കിലും പാവപ്പെട്ടവരോടുള്ള സഭയുടെ സവിശേഷമായ കരുതലിന് തടയിടാൻ കോവിഡ് മഹാമാരിക്ക് സാധിക്കില്ലെന്ന് നവ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷൻ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ലോ വ്യക്തമാക്കി.

വീടുകളിലും അഭയകേന്ദ്രങ്ങളിലുമായി 5,000 ഭക്ഷ്യകിറ്റുകൾ എത്തിക്കുന്നതിനൊപ്പം ഭവന രഹിതർ ഉൾപ്പെടെയുള്ളവർക്കായി സൗജന്യ കോവിഡ് ടെസ്റ്റ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഭവനരഹിതർക്കായി ഏതാനും വർഷംമുമ്പ് പാപ്പ സ്ഥാപിച്ച ക്ലിനിക്കിലാണ് കോവിഡ് പരിശോധന. നെഗറ്റീവ് ആകുന്നവർക്ക് ഭവനരഹിതർക്കായുള്ള അഗതിമന്ദിരത്തിൽ പ്രവേശിക്കാനുള്ള സർട്ടിഫിക്കറ്റ് നൽകും. പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കും.

അതോടൊപ്പം, വത്തിക്കാൻ ഡിക്കാസ്റ്ററികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ആയിരക്കണക്കിന് ഭക്ഷ്യ കിറ്റുകളുടെ വിതരണവും നടപ്പാക്കുന്നുണ്ട്. 2016ൽ, കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപന അവസരത്തിൽ ഫ്രാൻസിസ് പാപ്പ തന്നെയാണ് പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോളദിനം എന്ന പേരിലുള്ള ആചരണത്തിന് തുടക്കം കുറിച്ചത്. ഓരോ വർഷം കഴിയും തോറും വൻ സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. നവ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘമാണ് പാവങ്ങളുടെ ആഗോള ദിനാചരണത്തിനായുള്ള ക്രമീകരണങ്ങൾ നിർവഹിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?