Follow Us On

01

December

2020

Tuesday

ശുഭപ്രതീക്ഷയിൽ ഇറാഖിലെ സഭ; പലായനം ചെയ്ത 200 കുടുംബങ്ങൾ തിരിച്ചെത്തുന്നു

ശുഭപ്രതീക്ഷയിൽ ഇറാഖിലെ സഭ; പലായനം ചെയ്ത 200 കുടുംബങ്ങൾ തിരിച്ചെത്തുന്നു

മൊസൂൾ: ഐസിസ് ആക്രമണത്തെ തുടർന്ന് മൊസൂളിൽനിന്നും നീനവേ സമതലത്തിൽനിന്നും പലായനം ചെയ്ത ഇരുന്നൂറോളം ക്രൈസ്തവ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയെത്തുമെന്ന വാർത്തയുടെ സന്തോഷത്തിലാണ് ഇറാഖിലെ സഭ. ആറ് വർഷംമുമ്പ് പലായനം ചെയ്തവരിലെ 90 കുടുംബങ്ങൾ തിരിച്ചെത്തിയെന്നും മറ്റുള്ള കുടുംബങ്ങൾ ഉടൻ തിരിച്ചെത്തുമെന്നും നിനെവേ പ്രവിശ്യാ ഗവർണർ നജിം അൽ ജുബൂരിയെ ഉദ്ധരിച്ച് ‘ഫീദെസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷാ ഭീഷണികൾ ഉൾപ്പെടെയുള്ള ആശങ്കകൾ തുടരുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റിലമായ നിനവേ മേഖലയിലേക്കുള്ള ക്രൈസ്തവരുടെ തിരിച്ചുവരവ് ക്രൈസ്തവലോകത്തെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന് വക നൽകുന്ന വാർത്തയാണ്. ഈ സന്ദർഭത്തിൽ, ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’, ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകൾക്കും അഭിമാനിക്കാം. അവരുടെ നേതൃത്വത്തിൽ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങൾ ക്രൈസ്തവരുടെ തിരിച്ചുവരവിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.

ഐസിസ് അധിനിവേശത്തെ തുടർന്ന് 2014 ജൂണിനും ഓഗസ്റ്റിനും ഇടയിലാണ് മൊസൂളിൽനിന്നും നീനവേ പ്രവിശ്യയിൽനിന്നും പലായനം ചെയ്യാൻ ക്രൈസ്തവർ നിർബന്ധിതരായത്. മതപരിവർത്തനം, നിർബന്ധിത വിവാഹം, കൂട്ടക്കൊലകൾ, മനുഷ്യക്കടത്ത്, സ്ത്രീകളെ ലൈംഗിക അടിമകളാക്കൽ എന്നിങ്ങനെ സമാനതകളില്ലാത്ത പീഢനങ്ങളിൽനിന്ന് രക്ഷതേടി ഈ കാലയളവിൽ ലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ മേഖലയിൽനിന്ന് പലായനം ചെയ്തു.

ഇവരിൽ ഭൂരിഭാഗവും സ്വയംഭരണാവകാശമുള്ള കുർദിസ്ഥാന്റെ തലസ്ഥാന നഗരമായ ഇർബിലിലും പരിസരങ്ങളിലുമായി അഭയാർത്ഥികളായി കഴിയുകയായിരിന്നു. 2017 സെപ്തംബറിൽ ഐസിസ് അധിനിവേശത്തിൽനിന്ന് മൊസൂൾ മോചിപ്പിക്കപ്പെട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ 1400ൽപ്പരം ക്രിസ്ത്യൻ കുടുംബങ്ങൾ തിരിച്ചുവന്നു. എങ്കിലും പലായനം ചെയ്തവരിൽ ബഹുഭൂരിപക്ഷവും ഇനിയും തിരിച്ചുവരവിന് തയാറായിട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ, തൊഴിലില്ലായ്മ, പാർപ്പിട പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് പ്രധാന തടസങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?