Follow Us On

01

December

2020

Tuesday

തിരുനാൾ സപ്ലിമെന്റിനൊപ്പം സ്‌നേഹസമ്മാനമായി വീടുകളിലേക്ക് 501രൂപയും! ഇടവകയ്ക്ക് അനുമോദനപ്രവാഹം

തിരുനാൾ സപ്ലിമെന്റിനൊപ്പം സ്‌നേഹസമ്മാനമായി വീടുകളിലേക്ക് 501രൂപയും! ഇടവകയ്ക്ക് അനുമോദനപ്രവാഹം

തൃശൂർ: ഇടവക തിരുനാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന ഓരോ വീട്ടിലേക്കും ഇത്തവണ തിരുനാൾ സപ്ലിമെന്റു മാത്രമല്ല ഒരു കവറും എത്തി- ഇടവകയുടെ സ്‌നേഹസമ്മാനമായി 501 രൂപ! തൃശൂർ അതിരൂപതയിലെ കോലഴി സെന്റ് ബെനഡിക്ട് ഇടവകയാണ്, കൊറോണാക്കാലം കണക്കിലെടുത്ത് വേറിട്ട ഈ തിരുനാൾ സമ്മാനം ഒരുക്കിയത്. പതിവുപോലെ, ഇടവക കമ്മിറ്റിക്കാർ വീടുകളിലെത്തി തിരുനാൾ സപ്ലിമെന്റ് നൽകിയതിനൊപ്പമാണ് പണവും കൈമാറിയത്.

പ്രത്യേകം കവറിലിട്ട് നൽകിയ രൂപയ്‌ക്കൊപ്പം പേരുവെക്കാതെ വികാരിയൻ എഴുതിയ ഒരു സന്ദേശവുമുണ്ട്. ‘കോവിഡ് കാലമായതിനാൽ നിങ്ങൾക്ക് എന്നെയും എനിക്ക് നിങ്ങളെയും ആഴത്തിൽ പരിചയപ്പെടാൻ കഴിയാത്തതിന്റെ ആത്മനൊമ്പരം ഉള്ളിലുണ്ട്. എന്നും ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്,’ എന്ന് തുടങ്ങുന്ന കുറിപ്പിൽ പണം നൽകാനുള്ള കാരണംപോലും ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം.

‘ഇക്കാലമത്രയും നിങ്ങളുടെ ആത്മീയവും ഭൗതീകവുമായ സഹകരണം കൊണ്ടാണ് ഇടവക മുന്നോട്ടു പോകുന്നത്. ആദിമ ക്രൈസ്തവ സമൂഹത്തിലുണ്ടായിരുന്നതുപോലെ അവർ തങ്ങൾക്ക് ഉള്ളതെല്ലാം പൊതുവായി കരുതിയിരുന്നു. അതിനാൽ നമുക്ക് ഒരുമിച്ച് ഈ സന്തോഷത്തിൽ പങ്കുചേരാം,’ എന്ന സന്ദേശത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

മറ്റാരും അറിയരുതെന്ന ആഗ്രഹത്തോടെ ഇടവക നേതൃത്വം ചെയ്ത ഈ പരോപകാര പ്രവൃത്തി, വിശ്വാസികളിൽ ചിലർ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വാർത്തയാകുകയായിരുന്നു. ‘വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്’ എന്ന ആഗ്രഹം ഉള്ളതിനാൽ വികാരിയച്ചനും ഇടവക കമ്മറ്റിക്കാരും ഇതേക്കുറിച്ചു കൂടുതൽ സംസാരിക്കാൻ തയാറല്ല. എന്തായാലും, വേറിട്ട ഈ സമ്മാന കൈമാറ്റത്തിലൂടെ ഇടവക പകർന്ന ‘സന്ദേശം’ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?