Follow Us On

01

December

2020

Tuesday

ദരിദ്രർക്കുനേരെ കരം നീട്ടണം, എന്തെന്നാൽ അത് ക്രിസ്തുതന്നെയാണ്: പാപ്പ

ദരിദ്രർക്കുനേരെ കരം നീട്ടണം, എന്തെന്നാൽ അത് ക്രിസ്തുതന്നെയാണ്: പാപ്പ

വത്തിക്കാൻ സിറ്റി: ദരിദ്രർക്കുമുന്നിൽ നിസംഗതയോടെ നിൽക്കാതെ അവർക്കുനേരെ കരം നീട്ടണമെന്നും എന്തെന്നാൽ അത് ക്രിസ്തുതന്നെയാണെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പാവപ്പെട്ടവർക്കുവേണ്ടിയുള്ള ആഗോള ദിനാചരണത്തിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ. ദരിദ്രർക്കുനേരെ കരം നീട്ടാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നതെന്നും പാപ്പ ഓർമിപ്പിച്ചു.

ക്രിസ്ത്യാനിയാകുക എന്നാൽ മറ്റുള്ളവർക്ക് ദോഷം വരുന്നതൊന്നും ചെയ്യാതിരിക്കുക എന്നാണർത്ഥം. എന്നാൽ, നല്ലത് ചെയ്യാതിരിക്കുന്നതും തെറ്റാണ്. നാം നന്മ ചെയ്യണം, കൂടുതൽ ആവശ്യമുള്ളവരെ വേണ്ടതുപോലെ പരിഗണിക്കാനും അവർക്ക് നല്ലതു ചെയ്യാനും നമുക്ക് സാധിക്കണം. പ്രാർത്ഥനയിലൂടെയും ദാനധർമത്തിലൂടെയും പാവപ്പെട്ടവരെ സഹായിച്ചുകൊണ്ട് നമ്മുടെ ജീവിതം സുവിശേഷസാക്ഷ്യമാക്കി മാറ്റുകയും വേണം.

പട്ടിണിയനുഭവിക്കുന്ന അനേകർ നമ്മുടെ നഗരങ്ങളുടെ ഹൃദയഭാഗത്തുവരെയുണ്ട്. അവർക്കുമുന്നിൽ നിസംഗതയോടെ നിൽക്കരുത്. ദരിദ്രരിൽ ക്രിസ്തുവിനെ ദർശിക്കണം. ദരിദ്രരെക്കുറിച്ച് പ്രസംഗിക്കുന്ന വൈദികരും ബിഷപ്പുമാരും പലപ്പോഴും നിത്യജീവിതത്തെക്കുറിച്ച് പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ട് നിന്ദിക്കപ്പെടാറുണ്ട്. പ്രിയ സഹോദരങ്ങളെ ദരിദ്രരും പാവപ്പെട്ടവരുമാണ് നമ്മുടെ സുവിശേഷത്തിന്റെ കേന്ദ്രം.

ദരിദ്രരോട് സംസാരിക്കാൻ നമ്മെ പഠിപ്പിച്ചത് യേശുവാണ്. ദരിദ്രർക്കുവേണ്ടി വന്നവനാണ് യേശുക്രിസ്തു. പലവിധത്തിലുള്ള സൗഭാഗ്യങ്ങൾ നാം അനുഭവിക്കുമ്പോൾ ദരിദ്രരായ നമ്മുടെ സഹോദരങ്ങളെ പട്ടിണി മൂലം മരിക്കാൻ അനുവദിക്കരുത്. താൻ ദരിദ്രനാണെന്ന് സ്വയം പറഞ്ഞിട്ടുള്ള യേശുവിന്റെ വാക്കുകൾ നാം വിസ്മരിക്കരുതെന്നും പാപ്പ കൂട്ടിച്ചേർത്തു.

‘ദരിദ്രരുടെ അടുക്കലെത്തുക’ എന്നതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം. ദിവ്യബലി അർപ്പണത്തിനുശേഷം പോൾ ആറാമൻ ഹാളിൽ 1500 പേർക്കൊപ്പം ഫ്രാൻസിസ് പാപ്പ ഉച്ചഭക്ഷണം കഴിക്കുന്ന പതിവ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയെങ്കിലും വീടുകളിലും അഭയകേന്ദ്രങ്ങളിലുമായി 5,000 ഭക്ഷ്യകിറ്റുകൾ വത്തിക്കാൻ ലഭ്യമാക്കി. അതോടൊപ്പം ഭവന രഹിതർ ഉൾപ്പെടെയുള്ളവർക്കായി സൗജന്യ കോവിഡ് ടെസ്റ്റ് സൗകര്യവും ക്രമീകരിച്ചിരുന്നു.

2016ൽ, കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപന അവസരത്തിൽ ഫ്രാൻസിസ് പാപ്പ തന്നെയാണ് പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോളദിനം എന്ന പേരിലുള്ള ആചരണത്തിന് തുടക്കം കുറിച്ചത്. ഓരോ വർഷം കഴിയും തോറും വൻ സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. നവ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘമാണ് പാവങ്ങളുടെ ആഗോള ദിനാചരണത്തിനായുള്ള ക്രമീകരണങ്ങൾ നിർവഹിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?