Follow Us On

01

December

2020

Tuesday

താലന്തുകൾ നന്മക്കായി വിനിയോഗിക്കുമ്പോൾ ദൈവം പ്രതിഫലമേകും: ഫ്രാൻസിസ് പാപ്പ

താലന്തുകൾ നന്മക്കായി വിനിയോഗിക്കുമ്പോൾ ദൈവം പ്രതിഫലമേകും: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: താലന്തുകളായി ദൈവം തന്ന കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കുമ്പോൾ ദൈവം നമുക്ക് പ്രതിഫലമേകുമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ താലന്തുകളുടെ ഉപമ വ്യാഖ്യാനം ചെയ്ത് ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തന്റെ അന്ത്യവിധിക്കും കുരിശുമരണത്തിനും ഉത്ഥാനത്തിനും മുമ്പായി ശിഷ്യന്മാരോട് ഈശോ പങ്കുവെച്ച ഉപമയാണിതെന്നും പാപ്പ ഓർമിപ്പിച്ചു.

യാത്രയ്ക്ക് പുറപ്പെടുംമുമ്പ് തന്റെ സമ്പാദ്യം മൂന്ന് ഭൃത്യന്മാർക്കായി വീതിച്ചുനൽകുന്ന യജമാനന്റെ ഉപമയാണിത്. ഓരോരുത്തരുടെയും കഴിവും ശേഷിയും പരിഗണിച്ച് സമ്പത്ത് വീതിച്ചു നൽകിയ യജമാനനെ പോലെയാണ് ദൈവവും. നമ്മെ ഓരോരുത്തരെയും ദൈവം നന്നായി അറിയുന്നു. നാമെല്ലാവരും തുല്യരല്ലെന്നും അവിടുത്തേക്ക് അറിയാം. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും അവരവരുടെ കഴിവുകൾക്കനുസരിച്ചാണ് താലന്തുകൾ ഏൽപ്പിക്കുന്നത്.

യജമാനൻ മടങ്ങിയെത്തുകയും ദാസന്മാരെ ഏൽപ്പിച്ച പണത്തിന്റെ കണക്ക് നൽകാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ രണ്ടുപേർ അവരുടെ പരിശ്രമത്തിന്റെ നല്ല ഫലം ഏൽപ്പിക്കുകയും യജമാനന്റെ പ്രശംസയ്ക്ക് അർഹരാകുകയും ചെയ്തു. എന്നാൽ തന്റെ കഴിവുകൾ മറച്ചുവെച്ച് ഒന്നും സമ്പാദിക്കാതെ യജമാനനെ കുറ്റംവിധിച്ച മൂന്നാമനെ യജമാനൻ പുറത്താക്കി. ഈ ഉപമതന്നെയാണ് നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും പ്രതിഫലിക്കുന്നത്.

നാമെല്ലാവരും വ്യത്യസ്തമായ കഴിവുകളാൽ സമ്പന്നരാണ്. ദൈവം തന്ന ഈ കഴിവുകൾ ദൈവത്തെയും നമ്മുടെ സഹോദരങ്ങളെയും ശുശ്രൂഷിക്കാൻ വിനിയോഗിക്കുമ്പോൾ നമ്മുടെ കഴിവുകളും സമ്പാദ്യവും ഫലം പുറപ്പെടുവിക്കും. അപ്പോൾ ജീവിതത്തിന് കൂടുതൽ അർത്ഥവും സമൃദ്ധിയും കൈവരും. യേശുക്രിസ്തുവിനെ സ്വീകരിച്ച് ലോകത്തിന് നൽകിയ പരിശുദ്ധ അമ്മയിൽനിന്ന് മാതൃക ഉൾകൊണ്ട് പാവങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് ക്രിസ്ത്യാനികൾ പഠിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?