Follow Us On

23

November

2020

Monday

സുവിശേഷവത്ക്കരണ തിരുസംഘം: പാപ്പ നടത്തിയ പുതിയ നിയമനത്തിൽ ഭാരതസഭാംഗവും

സുവിശേഷവത്ക്കരണ തിരുസംഘം: പാപ്പ നടത്തിയ പുതിയ നിയമനത്തിൽ ഭാരതസഭാംഗവും

വത്തിക്കാൻ സിറ്റി: ഭാരതത്തിലെ ലാറ്റിൻ മെത്രാൻ സമിതി (സി.സി.ബി.ഐ) വൈസ് പ്രസിഡന്റും മദ്രാസ്- മൈലാപൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ജോർജ് ആന്തോണിസാമിയെ ‘ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘാംഗ’മായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ മിഷണറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘം, വത്തിക്കാൻ കൂരിയയിലെ ഏറ്റവും വലിയ വിഭാഗമാണ്. ഫിലിപ്പൈനിൽനിന്നുള്ള കർദിനാൾ ലൂയിസ് ടാഗ്ലേയാണ് ഈ തിരുസംഘത്തിന്റെ അധ്യക്ഷൻ.

ഏഴു പേരെയാണ് ഫ്രാൻസിസ് പാപ്പ പുതുതായി നിയമിച്ചത്. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ മിഖുവേൽ ഏയ്ഞ്ചൽ, പുരാരേഖ വിദഗ്ദ്ധൻകൂടിയായ കർദിനാൾ ഹൊസെ ടോളന്റിനോ, സഭൈക്യത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമി അധ്യക്ഷൻ മോൺ. ജോസഫ് മരിനോ, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ സ്പാനിഷ് ഡയറക്ടർ ജോസ് മരിയ, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ മെക്‌സിക്കൻ ഡയറക്ടർ ഫാ. അന്റോണിയോ ഡി ജീസസ്, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ കോംഗോ ഡയറക്ടർ ഫാ. ഗോഡിഫ്രോയിഡ് മനുഗ്വ എന്നിവരാണ് മറ്റ് അംഗങ്ങൾ.

1952 ഫെബ്രുവരി 15 ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ ജനിച്ച അന്തോണിസാമി റോമിലെ ഉർബൻ യൂണിവേഴ്‌സിറ്റിയിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ 1980 നവംബർ 19നാണ് തിരുപ്പട്ടം സ്വീകരിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ 2002ൽ ജോർദാനിലെ വത്തിക്കാൻ എംബസിയുടെ ചുമതലയിൽ നിയമിച്ചു. ഗാംബിയ,ലൈബീരിയ, ഗ്വിനിയ, സിയറ ലിയോൺ എന്നിവിടങ്ങളിൽ ഒരേസമയം അപ്പോസ്‌തോലിക ന്യൂൺഷ്യായായും ശുശ്രൂഷ ചെയ്തു. 2012 നവംബർ 21ന് മദ്രാസ്- മൈലാപ്പൂർ ആർച്ച്ബിഷപ്പായി നിയമിതനായി.

2017ൽ ഭോപ്പാലിൽ സമ്മേളിച്ച 29-ാമത് പ്ലീനറി അസംബ്ലിയിലാണ് സി.സി.ബി.ഐ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ സമ്മേളിച്ച പ്ലീനറിയിൽ വൈസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.സി.ബി.ഐയുടെ കാനൻ ലോ കമ്മീഷൻ അധ്യക്ഷനായിരുന്ന ഇദ്ദേഹം നിലവിൽ ബാംഗ്ലൂരിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിന്റെ ചെയർമാൻകൂടിയാണ്.

1662ൽ ഗ്രിഗറി 15-ാമൻ പാപ്പ ‘പ്രൊപഗാന്തേ ഫീദേ’ എന്ന പേരിൽ രൂപീകരിച്ച തിരുസംഘത്തെ 1967ൽ പോൾ ആറാമൻ പാപ്പ, ജനതകളുടെ സുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘം’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ലോകത്തെ 4,000ൽപ്പരം രൂപതകളിൽ മൂന്നിലൊന്ന് സ്ഥിതിചെയ്യുന്ന ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ ഒട്ടുമിക്ക രൂപതകളിലും സുപ്രധാന മേൽനോട്ടം വഹിക്കുന്നത് പ്രസ്തുത തിരുസംഘമാണ്. കഴിഞ്ഞ ഡിസംബറിലാണ് കർദിനാൾ ടാഗ്ലേയെ ഈ തിരുസംഘത്തിന്റെ തലവനായി പാപ്പ നിയമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?