Follow Us On

29

March

2024

Friday

വിശുദ്ധ ജോൺപോൾ II സമ്മാനിച്ച ഡബ്ല്യു.വൈ.ഡി ‘ഐക്കണുകൾ’ നാളെ പോർച്ചുഗലിന് കൈമാറും

വിശുദ്ധ ജോൺപോൾ II സമ്മാനിച്ച ഡബ്ല്യു.വൈ.ഡി ‘ഐക്കണുകൾ’ നാളെ പോർച്ചുഗലിന് കൈമാറും

വത്തിക്കാൻ: ലോക യുവജന സംഗമത്തിന്റെ  ഐക്കണുകളായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ കൈമാറിയ വലിയ കുരിശും പരിശുദ്ധ ദൈവമാതാവിന്റെ ചിത്രവും ഫ്രാൻസിസ് പാപ്പ നാളെ പോർച്ചുഗീസ് സഭയ്ക്ക് കൈമാറും. ക്രിസ്തുരാജത്വ തിരുനാൾ ദിനമായ നാളെ (നവംബർ 22) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്കുശേഷമാകും 2023 ലോക യുവജനസംഗമത്തിന്റെ ആതിഥേയരായ പോർച്ചുഗലിലെ സഭയ്ക്ക് ഐക്കണുകൾ കൈമാറുക.

കത്തോലിക്കാ സഭ ‘രക്ഷാകര വർഷമായി’ ആചരിച്ച 1984ൽ, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രത്യേക താൽപ്പര്യ പ്രകാരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയോട് ചേർന്ന് സ്ഥാപിച്ച 12 അടി ഉയരമുള്ള മരക്കുരിശാണ് ‘പിൽഗ്രിം ക്രോസ്’ എന്ന വിശേഷണത്തോടെ ലോക യുവജനസംഗമത്തിന് ഉപയോഗിക്കുന്നത്. വിശുദ്ധ വർഷം സമാപിച്ചശേഷം 1984 ഏപ്രിൽ 22നാണ് റോമിലെ വിശുദ്ധ ലോറൻസിന്റെ നാമധേയത്തിലുള്ള യുവജനകേന്ദ്രത്തിലെ യുവജനങ്ങൾക്ക് പാപ്പ കുരിശ് കൈമാറിയത്.

‘പ്രിയ യുവജനങ്ങളേ, ഈ ജൂബിലി വർഷാന്ത്യത്തിൽ രക്ഷാകര വർഷത്തിന്റെ അടയാളം ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. അത് ക്രിസ്തുവിന്റെ കുരിശാണ്. ക്രിസ്തുവിന് മനുഷ്യകുലത്തോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി നിങ്ങൾ ഇത് ലോകമെമ്പാടും കൊണ്ടുപോകുക. ക്രിസ്തുവിന്റെ കുരിശിലും മരണത്തിലും ഉത്ഥാനത്തിലും രക്ഷയും മോചനവും കണ്ടെത്താനാകുമെന്ന് നിങ്ങൾ ലോകത്തോട് പ്രഘോഷിക്കണം,’ എന്ന ആഹ്വാനത്തോടൊപ്പം കുരിശ് ഏറ്റുവാങ്ങിയ യുവജനങ്ങൾ പാപ്പയുടെ നിർദേശം ഇന്നും നിറവേറ്റുന്നു.

ലോക യുവജനസംഗമത്തിന് ഒരുക്കമായുള്ള തീർത്ഥാടനത്തിനും പിന്നീട് സംഗമവേദിയിലും പ്രതിഷ്~ിക്കപ്പെടുന്ന ഈ കുരിശിനൊപ്പം സ്ഥാനം പിടിക്കുന്ന മറ്റൊരു ഐക്കണാണ് ഉണ്ണീശോയെ കൈയിലേന്തി നിൽക്കുന്ന മരിയൻ ചിത്രം. കത്തോലിക്കാ സഭ 2000ൽ ആഘോഷിച്ച മഹാജൂബിലി വർഷത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ തന്നെയാണ് ഈ ചിത്രവും യുവജനങ്ങൾക്ക് കൈമാറിയത്. റോമിലെ മേരി മേജർ ബസിലിക്കയിലെ ചെറിയ അൾത്താരയിൽ സ്ഥാപിതമായിരിക്കുന്ന, റോമിന്റെ സഹരക്ഷകയായ കന്യകാനാഥയുടെ പുരാതന ചിത്രത്തിന്റെ പകർപ്പാണിത്.

യുവജനങ്ങളാണ് സഭയുടെ ഭാവി എന്നത് ഉദ്‌ഘോഷിക്കാനും യുവജനപ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും സംഘടിപ്പിക്കുന്ന ലോക യുവജനസംഗമം രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളയിലാണ് നടക്കുക. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1985ൽ ലോക യുവജന ദിനത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളിൽ ആഘോഷിച്ചിരുന്ന ദിനം പിന്നീടാണ് രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ലോക യുവജനസംഗമമായി വളർന്നത്. പോർച്ചുഗലിലെ ലിസ്ബൺ അതിരൂപതയാണ് 2023 ഓഗസ്റ്റിൽ നടക്കുന്ന യുവജനസംഗമത്തിന്റെ ആതിഥേയർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?