Follow Us On

25

June

2021

Friday

ഉത്തരവാദിത്തങ്ങൾ സത്യസന്ധതയോടെ നിറവേറ്റണം: പാപ്പ

ഉത്തരവാദിത്തങ്ങൾ സത്യസന്ധതയോടെ നിറവേറ്റണം: പാപ്പ

വത്തിക്കാൻ സിറ്റി: പങ്കുവെക്കലിലും പാരസ്പരികതയും അടിസ്ഥാനമിടുന്ന സാമൂഹിക നിർമിതിക്കായി വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ നാം ഓരോരുത്തരും
സത്യസന്ധതയോടെ നിർവഹിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കൂട്ടായ പരിശ്രമങ്ങൾ സാധ്യമായാൽ നാടിന്റെ ഭാവി പ്രത്യാശയോടെ നെയ്‌തെടുക്കാനാകുമെന്നും പാപ്പ പറഞ്ഞു. പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്ക, പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ്, ലാറ്റിൻ അമേരിക്കൻ ബിഷപ്‌സ് കോൺഫറൻസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ വീഡിയോ സന്ദേശം നൽകുകയായിരുന്നു പാപ്പ.

ലാറ്റിൻ അമേരിക്കയിൽ മാത്രമല്ല, നിലവിലുള്ള സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും അനീതിയും കോവിഡ് മഹാമാരിമൂലം എല്ലാ രാജ്യങ്ങളിലും പെരുകുകയും ജീവിതം പൂർവോപരി ക്ലേശകരമാവുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പാവങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. അസമത്വവും വിവേചനവും വർദ്ധിച്ചു. രോഗികൾ ക്ലേശിക്കുകയും കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ കഴിയുകയുമാണ്. എല്ലാവർക്കും രോഗത്തെ പ്രതിരോധിക്കാൻവേണ്ടി അകലം പാലിക്കാനാവുന്നില്ല, ശുചീകരണ സംവിധാനങ്ങളുമില്ല. ഉപജീവനത്തിനുള്ള തൊഴിൽ ചുറ്റുപാടുകൾ പോലുമില്ലാത്തവരാണ് സമൂഹത്തിൽ അധികവും.

പാർശ്വവത്ക്കരിക്കപ്പെട്ടവരെ ആശ്ലേഷിക്കണം എന്നു പറയുമ്പോൾ അവർക്ക് ദാനം കൊടുക്കണമെന്നല്ല, മറിച്ച്, നമ്മുടെ പ്രവർത്തനങ്ങൾ അതിരുകളിൽനിന്ന് തുടങ്ങണം എന്നതാണ് അർത്ഥമാക്കുന്നത്. ജലം, പാർപ്പിടം, തൊഴിൽ ഇങ്ങനെ അടിസ്ഥാന ആവശ്യങ്ങളുടെ ദൗർലഭ്യവും രൂക്ഷമാവുകയാണ്. ജീവിത പരിതസ്ഥിതിതന്നെ അപകടനിലയിൽ എത്തിനിൽക്കുന്നു. കാട്ടുതീ നശിപ്പിച്ച പാന്തനാൾ, ആമസോൺ പ്രവിശ്യകൾ ലാറ്റിൻ അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ ശ്വാസകോശങ്ങളാണ്. പ്രതിസന്ധിയുടെ ഭാരം കുറയ്ക്കണമെങ്കിൽ പാരിസ്ഥിതികമായ കരുതലും അതിനാവശ്യമായ ക്രിയാത്മക പ്രവർത്തനങ്ങളും അനിവാര്യമാണ്.

നന്മയുടെ സാമൂഹിക സംവിധാനം പങ്കുവെക്കലിലും പാരസ്പരികതയിലുമാണ്, മറിച്ച് കൂട്ടിവെക്കുന്നതിലും ഒഴിവാക്കുന്നതിലുമല്ല. മനുഷ്യന്റെ നന്മയും തിന്മയും വെളിപ്പെടുത്തിയ സമയമാണ് ഈ മഹാമാരിക്കാലം. പൊതുവായ നന്മയുടെ ഭാഗമാണ് സമൂഹത്തിലെ എല്ലാവരും. അതിനാൽ അയൽക്കൂട്ടത്തിന്റെയും ഗ്രാമാന്തരീക്ഷത്തിന്റെയും പ്രാദേശീകതയുടെയും പൊതുഭവനത്തിന്റെയും അവബോധം എല്ലാവർക്കും ഉണ്ടാവണം. നാം അതിന്റെ ഭാഗമാണെന്ന ഉത്തരവാദിത്തപൂർണമായ ചിന്ത എന്നും ജീവിതത്തിൽ പുലർത്തണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?