Follow Us On

02

December

2023

Saturday

റഫറിമാരുടെ സെൽഫ് ഗോളുകൾ

റഫറിമാരുടെ സെൽഫ് ഗോളുകൾ

സംഘർഷ മേഖലകളിൽ മാധ്യമപ്രവർത്തകർ നിർഭയരായി ക്യാമറകൾ ഉയർത്തിപ്പിടിച്ചു നില്ക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനില്ക്കുന്നുണ്ടെന്നാണ്. പട്ടാളവും ഏകാധിപത്യ ഭരണകൂടങ്ങളും ഭരണം നടത്തുന്ന രാജ്യങ്ങളിൽ മാധ്യമപ്രവർത്തകരുടെ ക്യാമറയുടെയും പേനയുടെയും നിയന്ത്രണം ഭരണകൂടങ്ങളുടെ കൈകളിലായിരിക്കും. അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുമാത്രമേ അവ ചലിപ്പിക്കാൻ കഴിയൂ. ജനാധിപത്യത്തിന്റെ അടയാളമാണ് മാധ്യമ സ്വാതന്ത്ര്യം. മാധ്യമപ്രവർത്തകരുടെ ക്യാമറ അടിച്ചു തകർക്കാൻ ശ്രമിക്കുമ്പോൾ അതിൽ വീഴുന്ന ഓരോ അടിയും മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖത്താണ് പതിക്കുന്നത്. ജനാധിപത്യത്തിന്റെ മറ്റൊരു തെളിവാണ് സ്വതന്ത്രമായ ജൂഡീഷ്യറി. അഭിഭാഷകർക്ക് നിർഭയമായി അവരുടെ വാദമുഖങ്ങൾ ഉയർത്താൻ കഴിയണം. അഭിഭാഷകർക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ എന്നൊരു ചോദ്യം ഈ ദിവസങ്ങളിൽ കേട്ടിരുന്നു. പ്രതിഷേധിക്കാൻ മറ്റാരെയുംപോലെ അവർക്കും അവകാശമുണ്ട്. എന്നാൽ, നിയമത്തെ പരാജയപ്പെടുത്തുന്ന രീതിയിലാകരുത് എന്നുമാത്രം.
മറ്റ് എവിടെയൊക്കെ നിയമലംഘനങ്ങൾ നടന്നാലും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് അത്തരം സംഭവങ്ങൾ കേട്ടാൽ അതുൾക്കൊള്ളാൻ സാധാരണക്കാരനുപോലും കഴിയില്ല. കാരണം, ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയാണ് ജുഡീഷ്യറി. അതിനാലാണ് മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി ഉണ്ടായ സംഘർഷം പൊതുസമൂഹം ഏറെ ചർച്ചചെയ്തത്. ഒരു വാദത്തിനുവേണ്ടി അഭിഭാഷകർ ഉയർത്തിയ വാദമുഖങ്ങൾ നൂറ് ശതമാനം ശരിയാണെന്ന് സമ്മതിച്ചാലും അവരുടെ പ്രവൃത്തിയെ ന്യായീകരിക്കാനാവില്ല. കോടതികളിൽ നിയമത്തിന്റെ നൂലിഴ കീറിമുറിക്കുന്നവർ നിയമം കൈയിലെടുക്കുന്നതിനെ എങ്ങനെയാണ് അംഗീകരിക്കാനാകുക? വഞ്ചിയൂരിൽ അഭിഭാഷകർ കട്ടയും കുപ്പികളും മാധ്യമപ്രവർത്തകരുടെ നേരെ വലിച്ചെറിയുന്നത് ടെലിവിഷൻ ചാനലുകളിലൂടെ ജനങ്ങൾ ലൈവായി കാണുമ്പോൾ അവരുടെ മനസുകളിൽ ആദ്യം ഉടലെടുക്കാൻ സാധ്യതയുള്ള സംശയം ഇത്തരം കേസുകളിൽ വാദികൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരും അക്കൂട്ടത്തിൽ ഉണ്ടാകില്ലേ എന്ന ചോദ്യമായിരിക്കാം. കല്ലെറിഞ്ഞവർക്കും കുപ്പി എറിഞ്ഞവർക്കും കഠിന ശിക്ഷ നൽകണമെന്ന് വാദിക്കുന്നവർ അങ്ങനെ ചെയ്യുന്നതു കാണുമ്പോൾ അമ്പരപ്പ് ഉണ്ടാകുന്നത് സ്വഭാവികമല്ലേ? അഭിഭാഷകർ നിയമം വ്യാഖ്യാനിക്കുന്നവരും നിയമത്തിന്റെ സംരക്ഷകരുമാണ്. അവർ നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ പരാജയപ്പെടുന്നത് നിയമമാണ്. ഇത്തരം പ്രവൃത്തികൾ പുതിയ തലമുറയ്ക്ക് നൽകുന്ന സന്ദേശം എന്താണെന്നുകൂടി ചിന്തിക്കണം.
നിയമത്തിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണെന്നത് നമ്മുടെ നിയമത്തിന്റെ അന്തസത്തയാണ്. മാധ്യമ-അഭിഭാഷക സംഘർഷത്തിന്റെ കാരണത്തിലേക്ക് കടക്കുന്നില്ല. അത് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണല്ലോ. ആരോപണത്തിന് വിധേയായ വ്യക്തി കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് കോടതി തീരുമാനിക്കട്ടെ. സഹപ്രവർത്തകൻ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടപ്പോൾ അയാൾക്ക് അപമാനകരമായ രീതിയിൽ ചാനലുകൾ ചിത്രം ടെലിവിഷനിൽ കാണിച്ചതാണല്ലോ അവരെ പ്രകോപിച്ചത്. ഈ കേസിൽ സഹപ്രവർത്തകൻ നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ നിയമത്തിന്റെ സാധ്യതകൾ തേടുകയായിരുന്നു അഭിഭാഷകർ ചെയ്യേണ്ടിയിരുന്നത്. നിരപരാധിത്വം തെളിയിക്കുന്നതോടൊപ്പം കേസിൽ പ്രതിസ്ഥാനത്ത് നിർത്തപ്പെടുമ്പോൾ പ്രതിയെന്ന രീതിയിൽ വാർത്തകൾ വന്നാൽ അവർക്കുണ്ടാകുന്ന മാനസിക പ്രയാസത്തെക്കുറിച്ച് പൊതു സമൂഹത്തിൽ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ ഈ അവസരം ഉപയോഗിക്കേണ്ടതായിരുന്നു. പക്ഷേ, അതിനു പകരം മാധ്യമപ്രവർത്തകരെ കായികമായി നേരിടാൻ ശ്രമിക്കുമ്പോൾ നിയമത്തിലുള്ള വിശ്വാസം അവർക്കു നഷ്ടപ്പെട്ടു എന്ന തോന്നലല്ലേ സമൂഹത്തിൽ ജനിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമാദമായ അഴിമതിക്കേസുകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ബഹുഭൂരിപക്ഷവും അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഭാഗമായി പുറത്തുവന്നവയാണ്. എതിർവശത്ത് സമ്പത്തും അധികാരവും ഉള്ളവരായിരുന്നു. വാർത്ത വന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ അവർ ആക്രമിക്കുകയാണെങ്കിൽ നമുക്ക് അതിനെ ന്യായീകരിക്കാനാകുമോ?
മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നൂറ് ശതമാനം സത്യസന്ധമായാണ് പ്രവർത്തിക്കുന്നതെന്നൊന്നും പറയുന്നില്ല. സമൂഹത്തെ ബാധിച്ചിരിക്കുന്ന പുഴുക്കുത്തുകൾ അവരെയും സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, മറ്റെല്ലാ മേഖലകളിലും സംഭവിച്ചിരിക്കുന്നതിലും വളരെക്കുറവാണെന്നുമാത്രം. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാധ്യമങ്ങളുടെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ഒരു മാസം രാജ്യത്തെ വാർത്താ ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിക്കുന്നില്ലെന്ന് വിചാരിക്കുക. എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്? ഏറ്റവും പ്രതിസന്ധിയിലാകുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളായിരിക്കും. കേരളത്തെ മാറ്റിനിർത്തിയിട്ടാണ് പറയുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ‘കാണ്ടമാലുകളും ഗുജറാത്തുകളും’ ആവർത്തിക്കപ്പെടും. ന്യൂനപക്ഷങ്ങൾക്ക് എതിരെ നടമാടുന്ന അതിക്രമങ്ങൾ എല്ലാം വാർത്തകളായി മാറുന്നുണ്ടെന്നൊന്നും പറയുന്നില്ല. എന്നാൽ, മാധ്യമങ്ങൾ ഉള്ളതിനാലാണ് പലതും സംഭവിക്കാത്തത്.
മാധ്യമങ്ങൾ സ്വയം നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതിനെക്കുറിച്ച് ഗൗരവമായി ആലോചനകൾ ഉയരേണ്ടിയിരിക്കുന്നു. നിയമങ്ങളിലൂടെ അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ഒരുവിധത്തിലും അംഗീകരിക്കാനും സാധിക്കില്ല. കാരണം, നിയമപാലകർക്ക് അസ്വാസ്ഥ്യം സൃഷ്ടിക്കുമ്പോൾ ആ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടും. പ്രമാദമായ കേസുകളിൽപ്പോലും പോലീസ് പ്രതിയെന്നു പറഞ്ഞു ഹാജരാക്കിയ പലരും യഥാർത്ഥ പ്രതികളല്ലായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. പോലീസ് നൽകുന്ന കുറ്റവാളികളുടെ ചിത്രങ്ങൾ അതുപോലെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്ന കാലമാണിത്. കോടതി ശിക്ഷിച്ചതിനുശേഷം മാത്രം അവരുടെ ചിത്രങ്ങൾ കാണിച്ചാൽ മതിയെന്നൊന്നും പറയുന്നില്ല. കോടതികളിൽ തെളിയിക്കപ്പെടാത്തതിന്റെ പേരിൽ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം അഴിമതിക്കേസുകളിലും പ്രതിസ്ഥാനത്തുള്ളവർ ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം ഭരണനേതൃത്വത്തിലുള്ളവരുടെ താല്പര്യമില്ലായ്മയായിരുന്നു. അല്ലെങ്കിൽ തോല്ക്കാനുള്ള പഴുതുകൾ അവർ സൃഷ്ടിച്ചുകൊടുത്തു. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് സ്വന്തമായി അന്വേഷണമോ അവർക്ക് ബോധ്യമാകുന്ന തെളിവുകളോ ലഭിക്കാത്ത പക്ഷം പ്രതിസ്ഥാനത്തുള്ളവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കണമോ എന്ന ചർച്ചകൾ ഉയർന്നുവരേണ്ടിയിരിക്കുന്നു. കുറ്റവാളി എന്ന പേരിൽ ചാനലുകളിൽ ഫോട്ടോ വന്നതിന്റെ പേരിൽ ആ ജീവനാന്തം അതിന്റെ ഭാരവും പേറി നടക്കേണ്ടിവന്ന അനേകം നിരപരാധികൾ നമുക്ക് ചുറ്റുമുണ്ട്. വിവാഹം മോചനക്കേസുകളിൽ സ്ത്രീ പീഡന വകുപ്പുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
രണ്ടുപ്രാവശ്യം പുലിസ്റ്റർ പ്രൈസ് നേടിയ റോബർട്ട് ഗ്രിൻ അന്വേഷണാത്മക പത്രപ്രവർത്തനത്തെ നിർവചിച്ചിരിക്കുന്നത്, ചിലർ അതിരഹസ്യമായി സൂക്ഷിക്കണമെന്ന് വിചാരിക്കുന്ന വിവരങ്ങൾ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതാണ് അന്വേഷണാത്മക പത്രപ്രവർത്തനമെന്നാണ്. എന്തു വിവരം ലോകത്തെ അറിയിക്കുന്നതിനുമുമ്പും ഒരു അന്വേഷണം അനിവാര്യമാണ്. ഇല്ലെങ്കിൽ നഷ്ടമാകുന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും വിശ്വാസ്യതയായിരിക്കും.
ജോസഫ് മൈക്കിൾ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?