Follow Us On

23

November

2020

Monday

പ്രായാധിക്യത്തിലും മനുഷ്യജീവന്റെ മൂല്യം നഷ്ടപ്പെടില്ല; ദയാവധ നിയമം ഇളവ് ചെയ്യുന്നതിനെതിരെ കനേഡിയൻ കർദിനാൾ

പ്രായാധിക്യത്തിലും മനുഷ്യജീവന്റെ മൂല്യം നഷ്ടപ്പെടില്ല; ദയാവധ നിയമം ഇളവ് ചെയ്യുന്നതിനെതിരെ കനേഡിയൻ കർദിനാൾ

ടൊറോന്റോ: ദയാവധവുമായി ബന്ധപ്പെട്ട നിയമത്തിൽ ഇളവുവരുത്താൻ കനേഡിയൻ ഭരണകൂടം നിർദേശിക്കുന്ന ‘ബിൽ സി 7 ആക്ടി’ൽ ആശങ്ക പ്രകടിപ്പിച്ച് ടൊറോന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്. തങ്ങളുടെ ജീവിതത്തിന് ഇനി മൂല്യമില്ലെന്ന് കരുതുന്നവരെ അത് മിഥ്യാധാരണയാണെന്ന് ബോധ്യപ്പെടുത്താനും മരണസംസ്‌കാരത്തിന് പകരം പരിചരണത്തിന്റെ സംസ്‌കാരം വളർത്തിയെടുക്കാനും പരിശ്രമിക്കണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ നിലപാട് ടൊറന്റോ അതിരൂപത വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയത്.

നാം ചെറുപ്പമായിരിക്കുമ്പോഴും ആരോഗ്യമുള്ളവരായിരിക്കുമ്പോഴും മാത്രമല്ല, പ്രായാധിക്യത്താൽ ദുർബലരാകുമ്പോളും മനുഷ്യജീവിതത്തിന്റെ അന്തസും മൂല്യവും നഷ്ടമാവില്ലെന്ന് തിരിച്ചറിയണം. കൊവിഡ് പ്രതിസന്ധിയിൽ പ്രായമായവരും പാർശ്വവത്കരിക്കപ്പെട്ടവരും ഒറ്റപ്പെടലിന്റെയും അവഗണനയുടെയും പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ ബോധ്യത്തോടെ നമുക്കിടയിലെ ഏറ്റവും ദുർബലരായവരുടെ ജീവൻ സംരക്ഷിക്കാൻ നൂതനവും ചിന്താപരവുമായ തന്ത്രങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യതയാണ്. എന്നാൽ, ഇതിനുപകരം എളുപ്പത്തിൽ എത്രയും വേഗം അവർ മരണപ്പെടാൻ അവസരമെരുക്കുകയാണ് ഈ ഭരണകൂടം.

നിലവിൽ 30% കനേഡിയൻ പൗരന്മാർക്ക് മാത്രമേ ഗുണനിലവാരമുള്ള സാന്ത്വന പരിചരണം ലഭ്യമാകുവെന്നുള്ളൂ. ഗുണനിലവാരമുള്ള സാന്ത്വന പരിചരണ സംവിധാനമുണ്ടെങ്കിൽ ഏകാന്തത, മാനസികവ്യഥ, ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും. ഇത്തരം സാഹചര്യങ്ങളിൽ മരണസംസ്‌കാരമല്ല, പരിചരണത്തിന്റെ സംസ്‌കാരം വളർത്തിയെടുക്കണം. പരസ്പരം കരുതലും സ്‌നേഹവും പുലർത്തുന്ന ഒരു സംസ്‌കാരം വളർത്തിയെടുക്കേണ്ടത് ഓരോ കനേഡിയനുമാണ്. ഓരോ വ്യക്തിയുടെയും അന്തർലീനമായ അന്തസ് തിരിച്ചറിഞ്ഞ് കുടുംബാഗങ്ങളെയും സുഹൃത്തുക്കളെയും അപരിചിതരെയും ജീവിക്കാൻ സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ചയിലാണ് ദയാവധത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കാൻ കാനഡയിലെ ഫെഡറൽ സർക്കാർ പുതിയ നിയമനിർമാണ നിർദേശം മുന്നോട്ടുവെച്ചത്. അതുപ്രകാരം, മാരകമായ അസുഖങ്ങളില്ലാത്ത വികലാംഗരായവരും ദയാവധ പരിഗണനയ്ക്ക് അർഹരാകും. ചികിത്സിക്കാൻ കഴിയാത്ത ഗുരുതരമായ രോഗം, വൈകല്യം എന്നിവ ദയാവധത്തിന് യോഗ്യമാണ്. എന്നാൽ, പ്രസ്തുത നിർദേശങ്ങൾക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു എന്നത് ആശാവഹമാണ്. നിയമനിർമാണ നീക്കം താൽക്കാലികമായി നിർത്തിവെക്കാനോ മാറ്റിവെക്കാനോ നിയമസഭാംഗങ്ങൾ നിർബന്ധിതരാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസീസമൂഹം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?