വത്തിക്കാൻ സിറ്റി: ഓശാന ഞായറാഴ്ചകളിൽ ക്രമീകരിച്ചിരുന്ന രൂപതാതലത്തിലെ യുവജന ദിനാഘോഷം അടുത്ത വർഷംമുതൽ ക്രിസ്തുരാജത്വ തിരുനാൾ ദിനത്തിൽ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസ്തുരാജത്വ തിരുനാളിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിക്കുശേഷമായിരുന്നു പ്രഖ്യാപനം. ലോക യുവജനസംഗമങ്ങൾ 35 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ ‘അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി’യുമായും യുവജനപ്രേഷിതരംഗത്തുള്ളവരുമായും ആലോചിച്ചശേഷമാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും പാപ്പ അറിയിച്ചു.
അതേ തുടർന്നായിരുന്നു, 2023ൽ ലോക യുവജനസംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന പോർച്ചുഗലിലെ സഭയ്ക്ക് ലോക യുവജന സംഗമത്തിന്റെ ഐക്കണുകളായ മരക്കുരിശും പരിശുദ്ധ ദൈവമാതാവിന്റെ ചിത്രവും കൈമാറിയത്. കഴിഞ്ഞ ലോക യുവജന സംഗമത്തിന് വേദിയായ പാനമയിലെ യുവജനപ്രതിനിധികളാണ് പോർച്ചുഗലിലെ യുവജനപ്രതിനിധികൾക്ക് ഐക്കണുകൾ കൈമാറിയത്. വിവിധ രാജ്യങ്ങളിലൂടെയും സഭാപ്രവിശ്യകളിലൂടെയും സഞ്ചരിച്ച് രണ്ട് വർഷത്തിനുശേഷമാവും ഐക്കണുകൾ ലിസ്ബണിൽ എത്തിച്ചേരുക.
ഐക്കൺ കൈമാറ്റവും പ്രയാണവും പോർച്ചുഗലിലെ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണെന്ന് പാപ്പ വ്യക്തമാക്കി. ക്രിസ്തു ഇന്നും ജീവിക്കുന്നുവെന്നും ഭരിക്കുന്നുവെന്നും അനുദിന ജീവിതത്തിലൂടെ ഉറക്കെ പ്രഘോഷിക്കണമെന്ന് യുവജനങ്ങളോട് ആഹ്വാനംചെയ്ത പാപ്പ, ക്രിസ്തുരാജത്വ തിരുനാൾ തിരുക്കർമങ്ങളിൽ നേരിട്ടും മാധ്യമങ്ങളിലൂടെയും പങ്കുചേർന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
യുവജനങ്ങളാണ് സഭയുടെ ഭാവി എന്നത് ഉദ്ഘോഷിക്കാനും യുവജനപ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും സംഘടിപ്പിക്കുന്ന ലോക യുവജനസംഗമം രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളയിലാണ് നടക്കുക. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1985ൽ ലോക യുവജന ദിനത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളിൽ ആഘോഷിച്ചിരുന്ന ദിനം പിന്നീടാണ് രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ലോക യുവജനസംഗമമായി വളർന്നത്.
കത്തോലിക്കാ സഭ ‘രക്ഷാകര വർഷമായി’ ആചരിച്ച 1984ൽ, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രത്യേക താൽപ്പര്യ പ്രകാരം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അൾത്താരയോട് ചേർന്ന് സ്ഥാപിച്ച 12 അടി ഉയരമുള്ള മരക്കുരിശാണ് ‘പിൽഗ്രിം ക്രോസ്’ എന്ന വിശേഷണത്തോടെ ലോക യുവജനസംഗമത്തിന് ഉപയോഗിക്കുന്നത്. മറ്റൊരു ഐക്കണായ ഉണ്ണീശോയെ കൈയിലേന്തി നിൽക്കുന്ന മരിയൻ ചിത്രവും 2000ലെ ‘മഹാജൂബിലി വർഷ’ത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ യുവജനങ്ങൾക്ക് കൈമാറിയതാണ്.
ഫോട്ടോ ക്യാപ്ഷൻ: ഫ്രാൻസിസ് പാപ്പ യുവജനങ്ങൾക്കൊപ്പം (ഫയൽ ചിത്രം)
Leave a Comment
Your email address will not be published. Required fields are marked with *