വത്തിക്കാൻ സിറ്റി: എളിയസേവനങ്ങളുടെ വാതിലിലൂടെയാണ് നാം ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ. മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹവും പ്രവൃത്തികളിലെ അനുകമ്പയും സമീപനത്തിലെ ദയയും സഹായമനോഭാവവും കണക്കിലെടുത്താണ് അന്തിമവിധിയിൽ ദൈവം നമ്മെ വിധിക്കുന്നതും. ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാർത്ഥനമധ്യേ ക്രിസ്തുരാജത്വതിരുനാളിന്റെ സന്ദേശം പങ്കുവെയ്ക്കുകയായിരുന്നു പാപ്പ.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ അന്ത്യവിധിയെന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പ സന്ദേശം നല്കിയത്. ദൈവം ആൽഫയും ഒമേഗയുമാണ്, ചരിത്രത്തിന്റെ ആരംഭവും അവസാനവും. ആരാധനക്രമവത്സരത്തിലെ അവസാനകാലത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഒമേഗയിലേക്കാണ്, അതായത് അന്തിമ ലക്ഷ്യത്തിലേക്കാണ് ഇന്നത്തെ സുവിശേഷഭാഗം വിരൽചൂണ്ടുന്നത്.
തന്റെ മരണത്തിലുടെയും പുനരുത്ഥാനത്തിലുടെയും ചരിത്രത്തിന്റെ കർത്താവും പ്രപഞ്ചരാജാവും താനാണെന്ന് കർത്താവ് വെളിപ്പെടുത്തുന്നുണ്ട്. എല്ലാവരുടെയും ന്യായാധിപനായാണ് ദൈവം പ്രത്യക്ഷപ്പെടുന്നത്. അതേസമയം ന്യായാധിപൻ രാജകീയതയുടെ ഭയാനകമായ കെണിയിൽ പെടാതെ, സമൃതിയും കരുണയും നിറഞ്ഞ ഇടയനായി മാറുന്നു എന്നതാണ് വസ്തുത. എന്നാൽ മനുഷ്യൻ പലപ്പോഴും കുറ്റംവിധിക്കുന്നത് പരമോന്നതനായ ഈ ന്യായധിപനെയാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
അന്തിമ ന്യായവിധിയുടെ ഈ ഉപമയിൽ, ഒരു ഇടയന്റെ ചിത്രമാണ് ദൈവത്തിനുള്ളത്. ഇസ്രായേലിലെ ദുഷ്ട പ്രവാചകന്മാർക്കെതിരെ തന്റെ ജനത്തിനുവേണ്ടി ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ച് സംസാരിച്ച എസക്കിയേൽ പ്രവാചകനെപോലെയാണ് അവൻ. തന്റെ ആട്ടിൻകൂട്ടത്തെ വ്യക്തിപരമായി പരിപാലിക്കുമെന്നും അവരെ അനീതിയിൽ നിന്നും ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
രാജാവായി മാത്രമല്ല നഷ്ടപ്പെട്ട ആടുകളിലൂടെയും അതായത് തന്റെ സഹോദരീസഹോദരന്മാരിൽ ഏറ്റവും എളിയവരിലും ആവശ്യമുള്ളവരിലും സ്വയം തിരിച്ചറിഞ്ഞ ഇടയനുമാണ് അവൻ. എന്റെ ഏറ്റവും എളിയസഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്യാതിരുന്നപ്പോൾ നിങ്ങൾ എനിക്കുതന്നെയാണ് ചെയ്യാതിരുന്നതെന്ന വചനഭാഗം പാപ്പ എടുത്തുപറയുകയും ചെയ്തു.
ഒരുഇടയന്റെ വീക്ഷണകോണിൽ നിന്ന് മാത്രമല്ല, അവൻ തന്നെത്തന്നെ തിരിച്ചറിഞ്ഞ ആടുകളുടെ വീക്ഷണകോണിൽ നിന്നും അന്തിമവിധിനാളിൽ അവൻ തന്റെ ജനത്തെ പരിശോധിക്കും. തന്നെപോലെ ഒരിടയനായിരുന്നോ, താൻ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ, പരിപാലിക്കുന്നതിന് സമയം നഷ്ടപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചോ, തന്റെ മുറിവുകൾ, ഏകാന്തത, അസ്വസ്ഥത എന്നിവ നമ്മുടെ ഹൃദയങ്ങളെ മയപ്പെടുത്തിയോ എന്നും അവൻ നമ്മോട് ചോദിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *