അലപ്പോ: തീവ്രവാദവും ആഭ്യന്തര കലാപങ്ങളുംകൊണ്ട് പ്രതിസന്ധിയിലായ സിറിയയിലെ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനമായി നൽകാൻ ശൈത്യകാല കോട്ടുകൾ തയാറാക്കി ‘ജീസസ് ആൻഡ് മേരി സഭാംഗ’മായ സിസ്റ്റർ അനി ഡെമെർജിയൻ. പീഡിത ക്രൈസ്തവരുടെ സംരക്ഷണത്തിൽ വ്യാപൃതരായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡി’ന്റെ (എ.സി.എൻ) പിന്തുണയോടെ കാൽലക്ഷം ശൈത്യകാല കോട്ടുകളാണ് സിസ്റ്റർ ഒരുക്കുന്നത്. ക്രൈസ്തവർ ഉൾപ്പെടെ ദുരിതം അനുഭവിക്കുന്ന സിറിയൻ ജനതയ്ക്കുവേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ വ്യാപൃതയാണ് സിസ്റ്റർ ആനി.
ഈ ക്രിസ്മസ് സമ്മാനം ആലപ്പോയ്ക്ക് പുറമെ ഡമാസ്കസ്, ഹോംസ്, ക്വാമിഷി, ഹസ്സാകെ, സ്വെയിദ, ഹോറാൻ എന്നീ നഗരങ്ങളിലെ കുട്ടികൾക്കും വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് സിസ്റ്റർ ആനി. ‘കഠിനമായ ശൈത്യകാലം ആരംഭിക്കുംമുമ്പ് കോട്ടുകൾ നൽകാനുള്ള ശ്രമത്തിലാണ്. കുട്ടികൾക്ക് ചൂടുവസ്ത്രം ലഭ്യമാക്കുന്ന ഈ പദ്ധതിക്ക് പിന്നിൽ പ്രാദേശിക സാമ്പത്തിക മേഖലയെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്,’ സിസ്റ്റർ വ്യക്തമാക്കി.
പ്രാദേശത്തെ ചെറിയ വസ്ത്ര നിർമാണ യൂണിറ്റുകളാണ് കോട്ട് നിർമിക്കുന്നത്. ആഭ്യന്തര കലാപത്താൽ തകർന്നടിഞ്ഞ ആലപ്പോയിലെയും വടക്കൻ സിറിയയിലേയും നിരവധി തയ്യൽക്കാർക്ക് കുറച്ചുകാലത്തേക്കെങ്കിലും വരുമാനം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. തൊഴിലില്ലാതെ കഷ്ടപ്പെടുന്ന ഈ നാളുകളിൽ ഈ ഓർഡർ ലഭിച്ചത് വലിയ സഹായമായെന്ന് തൊഴിലാളികളിൽ ഒരാളായ റാമി പറയുന്നു. ശൈത്യകാല മാസങ്ങളിൽ ഉണ്ടാകാവുന്ന ദൗർലഭ്യം മുന്നിൽക്കണ്ട് മാസങ്ങൾക്കുമുമ്പേ കോട്ട് നിർമാണത്തിനുള്ള സാമഗ്രികൾ സിസ്റ്റർ ആനി ശേഖരിച്ചതും നേട്ടമായി.
Leave a Comment
Your email address will not be published. Required fields are marked with *