വത്തിക്കാൻ സിറ്റി: കോവിഡ് മഹാമാരിയോട് പടപൊരുതുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിച്ചും അവർക്കായി പ്രത്യേകം പ്രാർത്ഥിച്ചും ഫ്രാൻസിസ് പാപ്പ. രോഗികളെ ചേർത്തുപിടിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുമ്പോൾ കർത്താവും നിങ്ങളോട് ചേർന്നുനിൽക്കുമെന്ന വാക്കുകൾ ആരോഗ്യപ്രവർത്തകരെ ഓർമിപ്പിക്കുകയും ചെയ്തു പാപ്പ.
അർജന്റീനിയൻ ജനത ആഘോഷിക്കുന്ന ദേശീയ നഴ്സിംഗ് ഡേ, ഔർ ലേഡി ഓഫ് റെമഡീസിന്റെ തിരുനാൾ, ഡോക്ടേഴ്സ് ഡേ എന്നിവയോട് അനുബന്ധിച്ച് അവിടത്തെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകം അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കോവിഡ് കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന നായികാ നായകന്മാരായി ഡോക്ടർമാരെയും നഴ്സുമാരെയും വിശേഷിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ആരംഭിക്കുന്നത്.
രോഗികളുമായി അടുത്തിടപഴകാൻ നിങ്ങളിൽ എത്രയോപേർ സ്വയം സമർപ്പിച്ചു. അവരോട് കാണിക്കുന്ന അടുപ്പത്തിന്, ആർദ്രതയ്ക്ക്, രോഗികളെ പരിചരിക്കുന്ന തൊഴിൽപ്പരമായ സമീപനത്തിന് നന്ദി രേഖപ്പെടുത്തുന്നു. എല്ലാ സഹോദരീസഹോദരന്മാരെയും ചേർത്തുപിടിക്കാൻ ആവശ്യപ്പെടുന്ന ഈ കോവിഡ് കാലത്ത് എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും ചേർന്നുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയാണ്.
നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും പൂർണഹൃദയത്തോടെ അനുഗ്രഹിക്കാനും ജോലി മേഖലയിൽ നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന എല്ലാ പ്രതിസന്ധികളിലും നിങ്ങളോടൊപ്പമായിരിക്കാനും ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. രോഗികളെ ചേർത്തുപിടിക്കാനും അവരോട് അടുത്തിടപഴകാനും ആരോഗ്യപ്രവർത്തകർ കാണിക്കുന്ന മഹാമനസ്ക്കതയ്ക്കും പാപ്പ അഭിനന്ദനം അറിയിച്ചു.
അർജന്റീനിയൻ മെത്രാൻ സമിതിയുടെ കീഴിലുള്ള ‘ആരോഗ്യമേഖലയിലെ അജപാലന ശുശ്രൂഷ’യ്ക്കുവേണ്ടിയുള്ള കമ്മീഷൻ പ്രസിഡന്റുകൂടിയായ ലാ പ്ലാതാ രൂപത സഹായമെത്രാൻ ആൽബർട്ടോ ബോഷാറ്റെയാണ് വീഡിയോ അവതരിപ്പിക്കുന്നത്. ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങൾ കോർത്തിണക്കി തയാറാക്കിയ വീഡിയോയിൽ ഈ കോവിഡ് കാലത്ത് കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കാൻ സഭ കൈകൊണ്ട നടപടികളും വ്യക്തമാക്കുന്നുണ്ട്. സുഖംപ്രാപിച്ചവരുടെ പുഞ്ചിരി നിറഞ്ഞ, പ്രത്യാശാഭരിതമായ മുഖങ്ങളോടെയാണ് വീഡിയോ സമാപിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *