Follow Us On

19

January

2021

Tuesday

’40 ഡേയ്‌സ്’ പോരാട്ടം, ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 757 കുഞ്ഞുങ്ങൾ!

’40 ഡേയ്‌സ്’ പോരാട്ടം, ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 757 കുഞ്ഞുങ്ങൾ!

ന്യൂയോർക്ക്: ജീവന്റെ മൂല്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ സംഘടിപ്പിച്ച ’40 ഡേയ്‌സ് ഫോർ ലൈഫ്’ കാംപെയ്‌നിന്റെ ഫലമായി ഗർഭച്ഛിദ്രത്തെ അതിജീവിച്ച് ഈ ലോകം കാണാൻ ഭാഗ്യം ലഭിച്ചത് 757 കുരുന്നുകൾക്ക്! സെപ്തംബറിലെ അവസാന ആഴ്ചയിൽ വിവിധ രാജ്യങ്ങളിലെ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കുമുന്നിൽ ആരംഭിച്ച 40 ദിവസത്തെ പ്രാർത്ഥനാ യജ്ഞത്തിന്റെ ഫലം ഇക്കഴിഞ്ഞ ദിവസമാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’ കാംപെയ്ൻ സംഘാടകർ പുറത്തുവിട്ടത്. നാലുപേരെ ഗർഭച്ഛിദ്ര ക്ലിനിക്കിലെ ജോലിയിൽനിന്ന് പിന്തിരിപ്പിക്കാനായതും കാംപെയ്‌ന്റെ നേട്ടമായി.

മതപീഡനങ്ങളും മഹാമാരികളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും കാംപെയ്ൻ ഫലം കണ്ടതിന്റെ സംതൃപ്തിയിലാണ് പ്രോ ലൈഫ് പ്രവർത്തകർ. ക്യൂബയിൽ ആദ്യമായി ’40 ഡെയ്‌സ് ഫോർ ലൈഫ്’ കാംപെയ്ൻ സംഘടിപ്പിച്ചു എന്നതും ഇത്തവണത്തെ സവിശേഷതയായി. 63 രാജ്യങ്ങളിലെ 588 നഗരങ്ങളാണ് ഇത്തവണത്തെ കാംപെയ്‌നിൽ പങ്കെടുത്തത്. ഗർഭച്ഛിദ്ര സൗകര്യങ്ങൾ ഒരുക്കുന്ന ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുന്നതുമാണ് ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ പ്രവർത്തന രീതി. കാംപെയ്‌ന്റെ സത്ഫലങ്ങൾ പരസ്യമാക്കിയതിനൊപ്പം ’40 ഡെയ്‌സ് ഫോർ ലൈഫ് 365′ എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു സമീപം വർഷം മുഴുവനും പ്രാർത്ഥനയും കൗൺസിലിംഗ് സൗകര്യവും ഒരുക്കുകയാണ് ലക്ഷ്യം.

2004ലാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’ എന്ന സംഘടന സ്ഥാപിതമായത്. 40 ദിവസം നീണ്ടുനിൽക്കുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനം, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ പ്രത്യേക വിളിക്ക് കാതോർത്ത നാല് വ്യക്തികളായിരുന്നു ഇതിന് പിന്നിൽ. 33 സംസ്ഥാനങ്ങളിലായി 2007ൽ ആദ്യത്തെ ദേശീയ കാംപെയ്ൻ സംഘടിപ്പിക്കപ്പെട്ടു. ഇതിനകം 18,747 കുരുന്നുകളെ സംരക്ഷിക്കാനും 107 ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ അടച്ചുപൂട്ടിക്കാനും 211ൽപ്പരം പേരെ ഗർഭച്ഛിദ്രക്ലിനിക്കിലെ തൊഴിലിൽനിന്ന് പിന്മാറ്റാനും സംഘനയ്ക്ക് സാധിച്ചു. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നതും ശ്രദ്ധേയം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?