വത്തിക്കാൻ സിറ്റി: സഭ എന്നത് നമ്മെ ഒരുമിച്ചുചേർക്കാൻ ക്രിസ്തു അയച്ച പരിശുദ്ധാരൂപിയുടെ പ്രവർത്തനമാണെന്നും അല്ലാതെ ഒരു കമ്പോളമോ വ്യവസായ സംരംഭകരുടെ കൂട്ടായ്മയോ അല്ലെന്നും ഫ്രാൻസിസ് പാപ്പ. പ്രവർത്തന കോലാഹലങ്ങളല്ല മറിച്ച്, ദൈവമാണ് സഭയെ പടുത്തുയർത്തുന്നതെന്നും പാപ്പ പറഞ്ഞു. വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്സമയം ക്രമീകരിച്ച പൊതുസന്ദർശനമധ്യേ, സഭാ ജീവിതത്തിന്റെ അത്യന്താപേഷിതമായ നാല് സവിശേഷതകൾ വ്യക്തമാക്കി സന്ദേശം നൽകുകയായിരുന്നു പാപ്പ. സുവിശേഷവത്ക്കരണത്തിനുള്ള ശക്തമായ ചാലകശക്തി പ്രാർത്ഥനാകൂട്ടായ്മകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിൽ സഭയുടെ ആദ്യ ചുവടുകൾ മുദ്രിതമായിരിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രയാണം ചെയ്യുന്നതും പ്രവർത്തനനിരതവുമായ സഭയുടെ രൂപം അപ്പോസ്തലിക രചനകളിലൂടെയും അപ്പോസ്തല പ്രവർത്തനങ്ങളുടെ മഹത്തായ വിവരണങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നു. എന്നാൽ, പ്രേഷിതപ്രവർത്തനത്തിനുള്ള അടിസ്ഥാനവും പ്രചോദനവും സഭ കണ്ടെത്തുന്നത് പ്രാർത്ഥനാകൂട്ടായ്മകളിലാണ്. അപ്പസ്തോല പ്രവർത്തനങ്ങളിൽ ലൂക്കാ കുറിക്കുന്നു: ‘അവർ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താത്പര്യപൂർവം പങ്കുചേർന്നു,’ (അപ്പ. 2:42).
സഭാ ജീവിതത്തിലെ അത്യന്താപേക്ഷിതമായ നാല് സവിശേഷതകൾ ഇവിടെ കാണാം. ഒന്ന്, അപ്പോസ്തലന്മാരുടെ പ്രബോധനങ്ങൾ ശ്രവിക്കൽ; രണ്ട്, പരസ്പര കൂട്ടായ്മ കാത്തുപരിപാലിക്കൽ; മൂന്ന്, അപ്പം മുറിക്കൽ, നാല്, പ്രാർത്ഥന. ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഉറച്ചുനിന്നാൽ മാത്രമേ സഭയുടെ അസ്തിത്വത്തിന് അർത്ഥമുള്ളൂ എന്ന് അവ നമ്മെ ഓർമിപ്പിക്കുന്നു. ഇതാണ് ക്രിസ്തുവുമായി നമ്മെ ഐക്യത്തിലാക്കാനുള്ള മാർഗം.
പ്രസംഗവും പ്രബോധനങ്ങളും ഗുരുവിന്റെ വചനങ്ങൾക്കും പ്രവൃത്തികൾക്കും സാക്ഷ്യം നൽകുന്നു. സാഹോദര്യ കൂട്ടായ്മയ്ക്കായുള്ള നിരന്തരമായ അന്വേഷണം സ്വാർത്ഥതയിലും വ്യതിരിക്തതാ വാദങ്ങളിലുംനിന്ന് നമ്മെ സംരക്ഷിക്കുന്നു. അപ്പം മുറിക്കലാകട്ടെ യേശുവിന്റെ സാന്നിധ്യത്തിന്റെ കൂദാശയെ നമ്മുടെ മധ്യേ സാക്ഷാത്കരിക്കുന്നു. അവസാനമായി, പരിശുദ്ധാത്മാവിൽ ക്രിസ്തുവിലൂടെ, പിതാവുമായുള്ള സംഭാഷണത്തിന്റെ വേദിയാണ് പ്രാർത്ഥന. സഭയിൽ ഈ ഏകോപകഘടകങ്ങൾക്ക് പുറമെ വളരുന്നവയെല്ലാം അടിസ്ഥാനരഹിതങ്ങളാണ്. ഈ നാല് സവിശേഷതകളില്ലാത്തവ സഭാപരമല്ല.
സുവിശേഷവത്ക്കരണത്തിനുള്ള ശക്തമായ ചാലകശക്തി പ്രാർത്ഥനാകൂട്ടായ്മകളാണെന്ന് അപ്പസ്തോല പ്രവർത്തനങ്ങൾ വ്യക്തമാക്കിത്തരുന്നുണ്ട്. അതിൽ പങ്കുകൊള്ളുന്നവർ യേശുവിന്റെ സാന്നിധ്യം നേരിട്ടനുഭവിക്കുകയും പരിശുദ്ധാരൂപിയുടെ സ്പർശമേൽക്കുകയും ചെയ്യുന്നു. യേശുവുമായുള്ള കൂടിക്കാഴ്ചാനുഭവം സ്വർഗാരോഹണത്തോടെ അവസാനിക്കുന്നില്ലെന്നും അത് തങ്ങളുടെ ജീവിതത്തിൽ തുടരുന്നുവെന്നും ആദിമ സഭാംഗങ്ങൾ മനസിലാക്കി. ഇത് എക്കാലത്തും, ഇന്ന് നമ്മെ സംബന്ധിച്ചും പ്രസക്തമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *