Follow Us On

19

March

2024

Tuesday

പ്രശ്‌നം പരിഹരിക്കാൻ വാടകക്കൊലയാളിയെ നിയോഗിക്കുകയോ? ശ്രദ്ധേയമാകുന്നു പാപ്പയുടെ കത്ത്‌

പ്രശ്‌നം പരിഹരിക്കാൻ വാടകക്കൊലയാളിയെ നിയോഗിക്കുകയോ? ശ്രദ്ധേയമാകുന്നു പാപ്പയുടെ കത്ത്‌

ബ്യൂണസ് ഐരിസ്: ‘പ്രശ്‌നം പരിഹരിക്കാൻ വാടകക്കൊലയാളിയെ നിയോഗിക്കുന്നത് ഉചിതമോ?’ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങൾ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരമാർഗമായി ഗർഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള അർജന്റീനിയൻ ഭരണകൂട നീക്കത്തിനെതിരെ ഫ്രാൻസിസ് പാപ്പ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ഗർഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള അർജന്റീനിയൻ പ്രസിഡന്റ് ഫെർണാണ്ടസിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന വനിതകൾക്ക് പിന്തുണയും ആദരവും അറിയിച്ച് തയാറാക്കിയ കത്തിലാണ് പാപ്പ ഇപ്രകാരം കുറിച്ചത്.

അർജന്റീനിയൻ പാർലമെന്റിൽ കഴിഞ്ഞയാഴ്ചയാണ് ‘ഗർഭച്ഛിദ്ര ബിൽ’ പ്രസിഡന്റ് അവതരിപ്പിച്ചത്. അതിന് പിന്നാലെ പ്രസ്തുത ബില്ലിനെതിരെ ഗ്രാമങ്ങളിൽനിന്നുള്ള വനികളുടെ കൂട്ടായ്മ രംഗത്തുവരികയായിരുന്നു. ബില്ല് ദരിദ്രരായ സ്ത്രീകളെ ലക്ഷ്യംവെച്ച് ഉള്ളതാണെന്ന ആശങ്ക പങ്കുവെച്ചും തങ്ങളുടെ ശബ്ദം മറ്റുള്ളവരിൽ എത്തിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചും അവർ അയച്ച കത്തിന് മറുപടിയായാണ് പാപ്പ കത്ത് തയാറാക്കിയത്. തന്റെ ജന്മനാടായ അർജന്റീനയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ പോരാടുന്ന വനിതാകൂട്ടായ്മയെ അനുമോദിക്കുകയും ചെയ്തു പാപ്പ.

‘ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നത് സ്ത്രീകളുടെ ജീവൻ രക്ഷിക്കുകയും അവരുടെ പ്രത്യുത്പാദന ശേഷി സംരക്ഷിക്കുകയും ചെയ്യും. സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രങ്ങൾ മാത്രമാണ് സ്ത്രീകളുടെ ജീവന് ഹാനികരമാകുന്നത്. ഇത് ഗർഭച്ഛിദ്രത്തിന്റെ എണ്ണം കൂട്ടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കുകയേയുള്ളൂ,’ പ്രസിഡന്റിന്റെ ഈ പ്രസ്താവനയ്ക്കുള്ള തക്കമറുപടി എന്ന നിലയിലാണ് ‘പ്രശ്‌നം പരിഹരിക്കാൻ വാടകക്കൊലയാളിയോ’ എന്ന പ്രയോഗം പാപ്പ ഉൾപ്പെടുത്തിയത്: ‘എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻവേണ്ടി ഒരു മനുഷ്യ ജീവൻ ഇല്ലാതാക്കുന്നത് ശരിയാണോ? ഒരു വാടകക്കൊലയാളിയെവെച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ഉചിതമാണോ?’

ഗർഭച്ഛിദ്രം എന്നത് മതപരമായ ഒരു വിഷയം മാത്രമല്ല മറിച്ച്, അതിനേക്കാൾ ഉപരിയായി മാനുഷിക ധാർമികതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ‘ജീവന്റെമൂല്യം മനസിലാക്കിയവരാണ് എനിക്ക് കത്ത് എഴുതിയ വനിതകൾ. അവരെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നു. ഗർഭച്ഛിദ്രത്തിന് എതിരെ നടത്തുന്ന പോരാട്ടത്തിനും സാക്ഷ്യത്തിനും ഹൃദയത്തിൽനിന്നുള്ള നന്ദി ഞാൻ രേഖപ്പെടുത്തുന്നു,’ പാപ്പ കത്തിൽ വ്യക്തമാക്കി. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകുന്ന ബിൽ അവതരിപ്പിച്ചതിൽ പാപ്പ പരിഭവപ്പെടില്ലെന്ന് പ്രസിഡന്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഈ പേപ്പൽ കത്ത് എന്നതും ശ്രദ്ധേയം.

ഗർഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ചർച്ചകൾ 2018ൽ ആരംഭിച്ചപ്പോൾ മുതൽ തങ്ങൾ പരസ്പരം കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു എന്ന വിവരങ്ങൾക്കൊപ്പം തങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചതും വീടുകളിൽ സർവേ നടത്തിയതും വനിതാ കൂട്ടായ്മ കത്തിലൂടെ പാപ്പയെ അറിയിച്ചു. 80% സ്ത്രീകളും ഗർഭച്ഛിദ്രത്തെ എതിർക്കുന്നവരാണെന്ന സർവേഫലവും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിൽ ബില്ല് ചർച്ചയ്‌ക്കെടുക്കാനിരിക്കുന്ന സാഹചര്യത്തിൽ, വനിതാ കൂട്ടായ്മ നടത്തുന്ന ഇടപെടലും ഇക്കാര്യത്തിൽ ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ച ഐക്യദാർഢ്യവും ഗുണപരമായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസീസമൂഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?