വത്തിക്കാൻ സിറ്റി: മഹാമാരി സൃഷ്ടിച്ച കഷ്ടതകളിലും തിരുപ്പിറവിയുടെ ആനന്ദത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിശുദ്ധനാടിന് അമൂല്യമായ ക്രിസ്മസ് സമ്മാനം- ബെത്ലഹേമിലെ തിരുപ്പിറവി ബസിലിക്കയ്ക്ക് ഒരു വിളിപ്പാട് അകലെ ഉയർന്ന ‘പൂജരാജാക്കളുടെ ഭവന’ത്തെ അപ്രകാരം വിശേഷിപ്പിക്കാം. തീർത്ഥാടകർക്കുവേണ്ടിയുള്ള സാംസ്കാരിക, സംവാദ, വിശ്രമ സ്ഥാനവും പ്രദേശത്തെ യുവജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യംവെക്കുന്ന കേന്ദ്രവുമാണ് ‘പൂജരാജാക്കളുടെ ഭവനം.’
വിശുദ്ധനാട്ടിലെ പൊതുവായ മന്ദിരങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ‘പ്രോ തേറാ സാന്താ അസോസിയേഷ’നാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ബേത്ലഹേമിൽത്തന്നെയുള്ള 19-ാം നൂറ്റാണ്ടിലെ കെട്ടിടം, ഇറ്റാലിയൻ എപ്പിസ്ക്കോപ്പൽ കോൺഫറൻസിന്റെ പിന്തുണയോടെ നവീകരിച്ചാണ് ഭവനം തയാറാക്കിയത്. മഹാമാരിയുടെ ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന പ്രദേശവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. വിശുദ്ധനാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ‘പ്രോ തേറാ സാന്താ അസോസിയേഷൻ’.
തങ്ങളുടെ പ്രധാന പ്രവർത്തന മേഖലയായ വിശുദ്ധനാട്ടിലെ സാഹചര്യങ്ങളുടെ അനിവാര്യത തിരിച്ചറിഞ്ഞ് വിദ്യാഭ്യാസം, ജോലി, ആരോഗ്യസംരക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങളിലൂന്നി ‘പ്രോ തേറാ സാന്താ അസോസിയേഷൻ’ നടത്തുന്ന ഇടപെടൽകൂടിയാണ് ഈ ഭവനം. അതിന്റെ ഭാഗമായി യുവജനങ്ങൾക്കായുള്ള നൈപുണ്യ പരിശീലനകേന്ദ്രം, ഉദ്യോഗാർത്ഥികൾക്കായുള്ള പരിശീലന കേന്ദ്രം, മാനസികാരോഗ്യ സുരക്ഷാകേന്ദ്രം എന്നിവയും ‘പൂജരാജാക്കളുടെ ഭവന’ത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടകർ, ടൂറിസ്റ്റുകൾ എന്നിവരെ ആശ്രയിച്ചാണ് ഇവിടത്തെ ജനസംഖ്യയുടെ 80- 80%വും ജീവിക്കുന്നത്. മഹാമാരി ഇവരുടെ ഉപജീവന മാർഗങ്ങളെല്ലാം താറുമാറാക്കി. ഒറ്റപ്പെടൽ, ദാരിദ്ര്യം തൊഴിലില്ലായ്മ എന്നിവമൂലം കഷ്ടതകൾ അനുഭവിക്കുകയാണ് ജനങ്ങളിൽ ഭൂരിപക്ഷവും. ഈ സാഹചര്യത്തിൽ വിശുദ്ധനാട്ടിലെ യുവജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യവും ‘പൂജരാജാക്കളുടെ ഭവനത്തിനുണ്ടെന്ന് പദ്ധതിയുടെ ഉത്തരവാദിത്തം വഹിക്കുന്ന വിൻചേൻസോ ബലേമോ വ്യക്തമാക്കി.
‘ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വിദൂരങ്ങളിൽനിന്ന് തിരുപ്പിറവിയുടെ സാക്ഷികളായി ഒത്തുചേർന്ന പൂജരാജാക്കളുടെ പ്രതീകമായ ഈ ഭവനം പ്രത്യാശയിലേക്കുള്ള സഞ്ചാരത്തിന്റെ സൗന്ദര്യത്തെയും പ്രതിഫലിപ്പിക്കും. ബെത്ലഹേം ചരിത്രത്തിലെ മഹത്തായ സംഭവത്തിന് സാക്ഷ്യംവഹിച്ച സ്ഥലം മാത്രമല്ല, ഓരോ ക്രിസ്തുവിശ്വാസിയുടെയും ജീവിതത്തിന്റ അവിഭാജ്യഭാഗവുമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *