Follow Us On

19

March

2024

Tuesday

ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ വിവേചനപരം; സുപ്രധാന വിധി പുറപ്പെടുവിച്ച് യു.എസ് സുപ്രീം കോടതി

ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ വിവേചനപരം; സുപ്രധാന വിധി പുറപ്പെടുവിച്ച് യു.എസ് സുപ്രീം കോടതി

വാഷിംഗ്ടൺ ഡി.സി: കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുന്ന ദൈവാലയങ്ങളിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിൽനിന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രേ ക്യൂമോയെ വിലക്കി യു.എസ് സുപ്രീം കോടതിയുടെ ഉത്തരവ്. ന്യൂയോർക്ക് ഭരണകൂടത്തിന്റെ നടപടി മതസ്വാതന്ത്ര്യം അനുഷ്ഠിക്കാൻ സ്വതന്ത്ര്യം നൽകുന്ന ‘ഫസ്റ്റ് അമൻമെന്റി’ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഒൻപതംഗ സുപ്രീം കോടതിയിൽ നാലിനെതിരെ അഞ്ചു ജഡ്ജിമാരാണ് ആരാധനാലയങ്ങൾക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.

‘ഹോട്ട് സ്‌പോട്ടുകളിലെ ആരാധനാലയങ്ങളിൽ 10 പേർക്കുമാത്രം പ്രവേശനം അനുവദിക്കുമ്പോൾ അവശ്യസർവീസ് സ്ഥാപനങ്ങളിൽ എത്ര പേർക്കുവേണമെങ്കിലും പ്രവേശിക്കാം. അവശ്യ സർവീസുകളുടെ ഗണത്തിൽ, വാഹന വർക്‌ഷോപ്പുകൾ, മൈക്രോ ഇലക്‌ട്രോണിക്‌സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള അടിയന്തരാവശ്യമല്ലാത്തവയും ഉൾപ്പെട്ടിട്ടുണ്ട്. ഈ വേർതിരിവ് പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തും,’ ഇപ്രകാരമായിരുന്നു കോടതിയുടെ ഭൂരിപക്ഷ വിധി.

മതേതര കാര്യങ്ങളേക്കാൾ കഠിനമായ നിയന്ത്രണങ്ങളാണ് ആരാധനാലയങ്ങൾക്കുമേൽ ന്യൂയോർക്ക് ഭരണകൂടം ഏർപ്പെടുത്തിയത്. ഇതിൽനിന്ന് ഇളവുതേടി ബൂക്ലിൻ രൂപതയും രണ്ട് ജൂത സംഘടനകളും സമർപ്പിച്ച ഹർജിയിലാണ് ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഹാർഡ് വെയർ സ്റ്റോറുകൾ, മദ്യവിൽപ്പനശാലകൾ, ബൈക്ക് ഷോപ്പുകൾ തുടങ്ങിയ വ്യാപാരസ്ഥാപനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരുന്ന ഗവർണർ ക്യൂമോയുടെ നടപടിയും ജസ്റ്റിസ് നീൽ ഗോർസച്ച് ചൂണ്ടിക്കാട്ടി.

ന്യൂയോർക്ക് ഭരണകൂടം ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കടുത്തതാണെന്ന് മാത്രമല്ല, വിവേചനപരമാണെന്ന് ജസ്റ്റിസ് ബ്രെറ്റ് കാവനാഹ് പ്രസ്താവിച്ചു. ‘ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിൽനിന്ന് അവശ്യ ബിസിനസുകളും അനിവാര്യമല്ലാത്ത ബിസിനസുകളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങൾക്കായുള്ള ന്യൂയോർക്കിന്റെ നിയന്ത്രണങ്ങൾ, ഒട്ടുമിക്ക സംസ്ഥാനങ്ങളും മതപരമായ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കാൾ കടുത്തതാണ്,’ അദ്ദേഹം വ്യക്തമാക്കി.

കോടതിവിധിയെ കത്തോലിക്കാ വിശ്വാസികൾ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. മതവിശ്വാസത്തെ മഹാമാരിയുടെ നാളുകളിലും അടിയന്തിരാവശ്യമായി പരിഗണിക്കണമെന്ന് ബൂക്‌ലിൻ രൂപതാ ബിഷപ്പ് ഡിമാർസിയോ ആവശ്യപ്പെട്ടു. ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ ബ്രൂക്ലിൻ രൂപതാനേതൃത്വത്തെ അനുമോദിച്ച് ട്വീറ്റ് ചെയ്തു.

‘യു.എസ് സുപ്രീം കോടതിയിൽനിന്ന് മതസ്വാതന്ത്ര്യത്തിന് ലഭിച്ച വിജയത്തിന് ബിഷപ്പ് ഡിമാർസിയോയെയും ബൂക്ലിൻ രൂപതയെയും അഭിനന്ദിക്കുന്നു. നമ്മുടെ ദൈവാലയങ്ങൾ അടിസ്ഥാന ആവശ്യമാണ്. ഞങ്ങളുടെ സമൂഹങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുമ്പോൾ, മതസ്വാതന്ത്ര്യം എന്ന അടിസ്ഥാന ഭരണഘടനാപരമായ അവകാശം സംരക്ഷിക്കേണ്ടതും പ്രധാനമാണ്,’ കർദിനാൾ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?