Follow Us On

02

December

2023

Saturday

ആരാധനക്രമ പുതുവർഷത്തിലേക്ക് ആഗോള സഭ; മനസിലാക്കാം പ്രധാന സവിശേഷതകൾ

ജൂഡ്‌സൺ കൊച്ചുപറമ്പൻ

ആരാധനക്രമ പുതുവർഷത്തിലേക്ക് ആഗോള സഭ; മനസിലാക്കാം പ്രധാന സവിശേഷതകൾ

തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ സവിശേഷതകൾ പങ്കുവെക്കുന്നു ലേഖകൻ.

ലോകം 2022നോട് വിടപറഞ്ഞ് പുതുവർഷത്തെ എതിരേൽക്കാൻ ഒരുങ്ങുകയാണ്. ഈ ലോകത്തിലെ നമ്മുടെ രക്ഷയുടെ കാരണമായ സഭയും ഒരു പുതുവർഷത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കാലയളവിൽ- ആരാധനക്രമ പുതുവർഷം! സഭയുടെ കേന്ദ്രം നമ്മുടെ രക്ഷകനായ ഈശോമിശിഹാ ആയതിനാൽ നമ്മുടെ രക്ഷക്കുവേണ്ടിയുള്ള അവിടുത്തെ പിറവിയാണ് സഭയുടെ ആരാധനാക്രമവർഷത്തിന്റെ ആരംഭം. അതിൻ പ്രകാരം ഡിസംബർ മാസത്തിലാണ് സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം ആരംഭിക്കുന്നത്.

ആക്വീറ്റായിലെ പ്രോസ്പറിന്റെ ഒരു പഴമൊഴി ഇങ്ങനെയാണ്: ‘പ്രാർത്ഥനയുടെ നിയമം എന്താണോ അതാണ് നമ്മുടെ വിശ്വാസത്തിന്റെയും നിയമം’ ( Lex orandi lex credenti). അതായത് പ്രർത്ഥനയും വിശ്വാസവും പരസ്പരം പൂരകങ്ങളാണ്. അങ്ങനെ സഭയുടെ വിശ്വാസത്തെ വർഷത്തിന്റെ മുഴുവൻ കാലങ്ങളിലും ഒരു പരമ്പരപോലെ വിശ്വാസികളുടെ മുമ്പിൽ അവതരിപ്പിക്കുന്നതാണ് സഭയുടെ ആരാധനാക്രമ വത്സരം. കൽദായ ആരാധനാ പാരമ്പര്യമുള്ള സഭ ആയതിനാൽ കൽദായ സഭയുടെ ആരാധനക്രമ കലണ്ടറാണ് സീറോ മലബാർ സഭ ഉപയോഗിക്കുന്നത്.

ഒൻപത് കാലങ്ങളുള്ള 52 ആഴ്ചകൾ

സീറോ മലബാർ സഭയുടെ ആരാധനാവത്സരം ഡിസംബർ ആദ്യവാരമാണ് ആരംഭിക്കുന്നത്. വർഷാരംഭം എപ്പോഴും ഒരു ഞായറാഴ്ചയായിരിക്കും. ഡിസംബർ ഒന്ന് എന്ന തിയതിയെ അടിസ്ഥാനമാക്കിയാണ് ആരാധനാ വർഷം തുടങ്ങുന്നത്. ഡിസംബർ ഒന്ന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബുധനനാഴ്ച്ചയോ ആണെങ്കിൽ അതിന് മുമ്പത്തെ ഞായറാഴ്ചയാവും വർഷത്തിന്റെ ആരംഭം. ഡിസംബർ ഒന്ന് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയിലോ ശനിയാഴ്ചയോ വന്നാൽ അതിനുശേഷമുള്ള ഞായറാഴ്ചയാവും വർഷാരംഭം. ക്രൈസ്തവ ജീവിതത്തിൽ സാബത്ത് ഞായറാഴ്ചക്കുള്ള പ്രാധാന്യമാണ് സഭ ഇതിലൂടെ സഭാതനയർക്ക് കാട്ടിത്തരുന്നത്.

സീറോ മലബാർ സഭയുടെ ആരാധനാ വർഷം എന്നത് ഒൻപത് മാസങ്ങളുള്ള 52ആഴ്ചകളാണ്. ഈ ഒൻപത് മാസങ്ങൾ നമ്മുടെ കർത്താവിന്റെ പെസഹാരഹസ്യങ്ങളുമായി സഭ എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് തരം തിരിച്ചിരിക്കുന്നത്. നമ്മുടെ കർത്താവിന്റെ ജനനം മുതൽ അവിടുത്തെ വധുവായ സഭയുടെ സ്വർഗീയ സമർപ്പണം വരെയുള്ള മിശിഹാരഹസ്യങ്ങളാണ് ഒരു വർഷത്തിൽ സഭ അനുസ്മരിക്കുന്നത്.

മേൽപ്പറഞ്ഞ രീതിയിൽ സഭയുടെ കലണ്ടർ രൂപപ്പെടുത്തിയത് എ.ഡി 653ൽ കാലംചെയ്ത സഭയുടെ കാതോലിക്കാ ആയിരുന്ന ഈശോയാബ് മൂന്നാമൻ പാത്രിയാർക്കീസാണ്. തുർക്കിയിലെ ഇസ്‌ലായിലെ അപ്പർ മോണാസ്ട്രിയിലെ ആരാധനാക്രമ കലണ്ടർ ഒരു മാതൃകയാക്കിയാണ് ഈശോയാബ് മൂന്നാമൻ പാത്രയാർക്കീസ് ഇത് തയാറാക്കിയത്. അതിൻ പ്രകാരം മംഗളവാർത്ത, ദനഹാ, നോബ്, ഉയിർപ്പ്, ശ്ലീഹാ, കൈത്താ, ഏലിയാ- സ്ലീവാ, മൂശെ, പള്ളിക്കൂദാശ എന്നിങ്ങനെ ഒൻപതു മാസങ്ങളാക്കി ഒരു വർഷത്തെ വിഭജിച്ചു. മിശിഹായുടെ രഹസ്യങ്ങളെ പ്രക്യതിയിലെ മാറ്റങ്ങളോട് ചേർത്തായിരുന്നു (അതായത് മധ്യപൂർവ ദേശങ്ങളിലെ കാലാവസ്ഥയോട് ചേർന്നുള്ള കലാഗണന) ഈ കലണ്ടർ ക്രമീകരിച്ചത്.

നവംബർ- ഡിസംബർ മാസങ്ങളിൽ പെയ്യുന്ന മഴയും മഞ്ഞും എങ്ങനെ മണ്ണിൽ ഒരു വിത്തിനെ കിളിർപ്പിക്കുന്നുവോ അതുപോലെ ഉഴുതുമറിച്ച് ഒരുക്കിയ സ്വർഗീയവയലായ മറിയത്തിന്റെ ഉദരത്തിൽ നമ്മുടെ കർത്താവ് ഉരുവായതിനെ ധ്യാനിച്ചുകൊണ്ടാണ് ഇപ്രകാരം ഒരു ക്രമീകരണം സഭ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മംഗളവാർത്തയുടെ രണ്ടാം ഞായറാഴ്ചയിൽ സഭ മാതാവിനോടുള്ള മംഗളവാർത്തയുടെ തിരുനാൾ ആഘോഷിക്കുന്നത്. നമ്മുടെ നാട്ടിലും ഈ സമയത്ത് തുലാവർഷത്തിന്റെ അവസാനം ആയതിനാൽ മഴയും ഡിസംബർ മാസത്തിന്റെ കോട മഞ്ഞും വിത്തിന് മുളക്കാൻ അവസരം നൽകുന്നു.

ഇപ്രകാരം പ്രകൃതി നൽകുന്ന ഉദാഹരണങ്ങളിലൂടെ രക്ഷകരമായ രഹസ്യങ്ങൾ സഭയുടെ മക്കൾക്ക് സഭ അനാവരണം ചെയ്യുകയാണ് ഈ കാലയളവിൽ. സമദിനരാത്രങ്ങൾ (രാത്രിയും പകലും ഒരുപോലെ വരുന്ന ദിനം) പെസഹായുടെ നാളുകളെ കുറിക്കുന്നതും പ്രകൃതിതന്നെ മിശിഹായുടെ രഹസ്യങ്ങളോട് എങ്ങനെ ചേർന്നുപോകുന്നു എന്നതിന് ഉത്തമ ഉദാഹരണങ്ങളാണ്.

മംഗളവാർത്തക്കാലം

ആരാധനാക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗള വാർത്തക്കാലം. ഡിസംബർ 25ന് ആഘോഷിക്കുന്ന നമ്മുടെ കർത്താവിന്റെ ജനനത്തിരുനാളാണ് ഈ കാലത്തിന്റെ കേന്ദ്രം. പിറവിക്കുമുമ്പ് നാല് ആഴ്ചകളും പിറവിക്കുശേഷം രണ്ട് ആഴ്ചകളും സാധാരണയായി ഈ കാലത്തിൽ ഉണ്ടാവാറുണ്ട്. ഈ കാലത്തിലെ ഞായറാചകളിൽ ആറ് സുപ്രധാന മിശിഹാസംഭവങ്ങൾ സഭ അനുസ്മരിക്കുന്നു. ഈ സംഭവങ്ങൾക്ക് മാറ്റാമില്ലാത്തതിനാൽ അപ്രകാരമുള്ള ഓർമകളായി ഓരോ ആഴ്ചയും അറിയപ്പെടുന്നു.

1. മംഗള വാർത്ത ഒന്നാം ഞായർ
(സക്കറിയായോടുള്ള അറിയിപ്പിന്റെ ഞായർ)

ഈ ആഴ്ചയിലെ സുവിശേഷം സക്കറിയാപുരോഹിതനോടുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പിനെ അനുസ്മരിക്കുന്ന ദിവസമാണ്. നമ്മുടെ കർത്താവിന് വഴിയൊരുക്കാനെത്തിയ യോഹന്നാൻ മാംദാനയുടെ ജനനത്തിന്റെ അറിയിപ്പ് മക്കളില്ലാത്ത ആ വ്യദ്ധദമ്പതികൾക്ക് ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു. യോഹന്നാന്റെ ജനനത്തിന്റെ അറിയിപ്പിന്റെ ഞായറാഴ്ചയെന്നും മംഗളവാർത്തയുടെ ആദ്യ ഞായർ അറിയപ്പെടുന്നു. രക്ഷാകര ചരിത്രത്തിൽ സഭ യോഹന്നാന് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ് ആദ്യ ഞായറാഴ്ചയിലെ ഈ അനുസ്മരണം.

2. മംഗളവാർത്ത രണ്ടാം ഞായർ
(മറിയത്തോടുള്ള അറിയിപ്പിന്റെ ഞായർ മംഗളവാർത്ത തിരുനാൾ)

യോഹന്നാന്റെ ജനത്തിനുശേഷം വരുന്നത് നമ്മുടെ കർത്താവിന്റെ ജനനത്തെ കുറിച്ചുള്ള മറിയത്തോടുള്ള മംഗളവാർത്തയുടെ അനുസ്മരണമാണ്. മറിയത്തിന്റെ സമ്മതം എങ്ങനെ മനുഷ്യരാശിയെ രക്ഷയിലേക്ക് നയിച്ചു എന്ന് സഭ ചിന്തിക്കുന്ന ആഴ്ചയാണിത്. രക്ഷയ്ക്ക് അനുസരണ എത്രയോ ആവശ്യമാണെന്ന് സഭ ഓർമിപ്പിക്കുകയാണ് ഈ തിരുനാളിലൂടെ.

3. മംഗളവാർത്ത മൂന്നാം ഞായർ
(യോഹന്നാന്റെ ജനനത്തിന്റെ ഞായർ)

സ്ത്രീകളിൽനിന്നും ജനിച്ചവനിൽ വലിയവനായ യോഹന്നാന്റെ ജനനത്തെ സഭ അനുസ്മരിക്കുകയാണ് മൂന്നാമത്തെ ആഴ്ചയിൽ.നമ്മുടെനകർത്താവിന്റെ പരസ്യ ജീവിതത്തിന്റെ തുടക്കമാണ് യോഹന്നാനിൽനിന്നുള്ള മാമ്മോദീസാ. അനുതാപത്തിന്റെ മാമ്മോദീസാ നൽകികൊണ്ട് തന്റെ ശിഷ്യരെ ഈശോയുടെ പക്കലേക്ക് അയക്കുന്ന യോഹന്നാൻ വിശ്വാസികൾക്ക് എന്നും ഈശോയിലേക്കുള്ള ചൂണ്ടുപലകയാണ്.

4. മംഗളവാർത്ത നാലാം ഞായർ
(നമ്മുടെ കർത്താവിന്റെ ജനനത്തിന്റെ ഞായർ)

കന്യകയിൽനിന്നുള്ള ജനനം സഭ ആദ്യം അനുസ്മരിക്കുന്നത് ഡിസംബർ 25നു മുമ്പുള്ള ഞായറാഴ്ചയാണ്. സഭയുടെ കാഴ്ചപ്പാടിൽ സാമ്പത്ത് ഞായറാണ് വലിയ ദിനം. പിറവിയോടുള്ള അടുത്തുള്ള ഞായറാഴ്ച നമ്മുടെ കർത്താവിന്റെ ജനനം അന്‌സ്മരിക്കുന്നതുമൂലം ഞായറാചയെ സഭ എത്രമാത്രം വിലമതിക്കുന്നു എന്ന് നോക്കികാണേണ്ടതുണ്ട്.

5. മംഗളവാർത്ത അഞ്ചാം ഞായർ
(മ്ഗൂശേന്മാരുടെ സന്ദർശനം )

മിശിഹായെ പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു ജനതയുടെ മുഴുവന്റെയും സ്വപ്‌നസാക്ഷാൽക്കാരമായാണ് കിഴക്കുനിന്നുള്ള വിദ്വാന്മാരുടെ സന്ദർശനത്തെ സഭ മനസിലാക്കുക. നമ്മുടെ കർത്താവിന്റെ രാജത്വവും നിത്യപൗരോഹിത്യവും സൗഖ്യശുശ്രൂഷയും ലോകത്തിന് മുമ്പിൽ പ്രവചിച്ച് കാഴ്ചവസ്തുക്കളിലൂടെ വെളിപ്പെടുത്തിയ വിദ്വാന്മാരെ ഓർക്കുകയാണ് സഭ.

6. മംഗളവാർത്ത ആറാം ഞായർ
(കാഴ്ചവെയ്പിന്റെ ഞായർ)

മൂശയുടെ നിയമപ്രകാരമുള്ള നമ്മുടെ കർത്താവിന്റെ വീണ്ടെടുപ്പാണ് മംഗളവാർത്താ കാലത്തെ അവസാന ഞായറാഴ്ച അനുസ്മരിക്കുന്നത്. നിയമത്തിന്റെയും പ്രവാചകന്മാരെയും പൂർത്തീകരിക്കുന്ന ഈശോയുടെ വിധേയത്വമാണ് ഈ ആഴ്ച്ചയിലെ പ്രമേയം. ശിമയോൻ കൈകളിലെടുത്ത് മാനവരാശിക്കായി നൽപ്പെട്ടിരിക്കുന്ന രക്ഷയുടെ മഹാരഹസ്യങ്ങളെ കാണുന്നതും ഹന്നാ കാത്തിരുന്നുകണ്ട രക്ഷയും ബലിപീഠത്തിൽ ഇരിക്കുന്ന രക്ഷയും (സജ്ജമാക്കപ്പെട്ട ശരീരവും കലർത്തപ്പെട്ട കാസായും) ഒന്നാണെന്ന് സഭ പഠിപ്പിക്കുകയാണ് ഈ ഞായറാഴ്ചയിലൂടെ.

മംഗളവാർത്തക്കാലം മാതൃഭക്തിയുടെ കാലം

നമ്മുടെ കർത്താവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി 25 ദിവസം നോമ്പെടുത്ത് ആത്മാവിൽ ഒരുങ്ങുക എന്നത് നസ്രാണികളുടെ പതിവാണ്. ’25 നോമ്പ്’ എന്ന് പേരിൽ അറിയപ്പെടുന്ന ഈ നോമ്പ് കേരള നസ്രാണികളുടെ ഇടയിൽ വളരെ ആഴ്ത്തിൽ പതിഞ്ഞ ആചരണമാണ്. ഈ നോമ്പ് സഭയുടെ മാതൃഭക്തിയുടെ കളരിയാണ്. മറിയത്തിലൂടെ ഈശോയിലേക്ക് നോക്കുക എന്നതാണ് ഈ കാലഘട്ടത്തത്തിൽ സഭയുടെ കാഴ്ചപ്പാട്. അതുകൊണ്ട് ഈ കാലഘട്ടത്തിലെ യാമ പ്രാർത്ഥനകളിൽ മുഴുവനും മറിയമാണ് കേന്ദ്ര ബിന്ദു.

ഉന്നതങ്ങളിൽനിന്ന് ദൈവവുമായുള്ള സമാനത ഉപേക്ഷിച്ച് മനുഷ്യനായി അവതാരം ചെയ്ത മിശിഹായെ അനുസ്മരിച്ച് നോമ്പുവഴി നാമും നമ്മുടെ ശരീരത്തെയും ജീവനെയും നോമ്പാൽ ശുദ്ധിവരുത്തി ലോകപ്രകാരം ശൂന്യവൽക്കരിക്കണമെന്ന് സഭ ഈ നോമ്പിലൂടെ തന്റെ മക്കളെ പഠിപ്പിക്കുന്നു. മംഗളവാർത്തകാലത്തിന്റെ അവസാന വെള്ളിയാഴ്ച സഭ മിശിഹായുടെ മാതാവിന്റെ വലിയ ഓർമ ആചരിക്കുകയാണ്. ഈ ഓർമയാണ് പിന്നീടുവരുന്ന കാലങ്ങളിലെ വിശുദ്ധന്മാരുടെ ഓർമകളുടെ ആരംഭം.

മറിയത്തിന്റെ ഓർമയ്ക്കുമുമ്പ് ഈ കലണ്ടർ പ്രകാരം സഭ ഒരു വിശുദ്ധന്റെയും ഓർമത്തിരുനാൾ ആഘോഷിക്കുന്നില്ല എന്ന വസ്തുത മറിയം സഭക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ഓർമിപ്പിക്കുന്നു. സഭ ഈ കാലഘട്ടത്തിൽ മറിയത്തെ പ്രകീർത്തിച്ച് ഈശോയെ ഇപ്രകാരം ആരാധിക്കുന്നു: ‘ഉന്നതങ്ങളിൽ മാതാവില്ലാതെ പിതാവിൽനിന്ന് ജനിക്കുകയും, ഭൂമിയിൽ പിതാവില്ലാതെ മാതാവിൽനിന്നുമാത്രം ജനിക്കുകയും മിശിഹാ നിന്റെ കന്യകയിൽനിന്നുള്ള ജനനം സ്തുത്യർഹമാകുന്നു.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?