Follow Us On

19

March

2024

Tuesday

കർത്താവായ യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു; പാക് ക്രൈസ്തവർക്കുവേണ്ടി യേശുനാമത്തിൽ പ്രാർത്ഥിച്ച് മരിയ

കർത്താവായ യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു; പാക് ക്രൈസ്തവർക്കുവേണ്ടി യേശുനാമത്തിൽ പ്രാർത്ഥിച്ച് മരിയ

ലണ്ടൻ: മതമൗലിക വാദികളുടെ പിടിയിൽനിന്ന് തന്റെ മോചനം സാധ്യമാകാൻ പ്രാർത്ഥിച്ച ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞും, ഭീഷണിയിലൂടെ കടന്നുപോകുന്ന പാക് ക്രൈസ്തവർക്കുവേണ്ടി യേശുനാമത്തിൽ പ്രാർത്ഥിച്ചും മരിയ ഷഹബാസ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാനുള്ള ‘റെഡ് വെനസ്‌ഡേ’ ആചരണത്തോട് അനുബന്ധിച്ച് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ ക്രമീകരിച്ച ഓൺലൈൻ സെമിനാറിൽ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു മരിയ ഷഹബാസിന്റെ പ്രാർത്ഥന. പാക്കിസ്ഥാനിൽ മതമൗലിക വാദികൾ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത 14 വയസുകാരിയാണ് മരിയ ഷഹബാസ്.

‘ദുർബലർക്കും അനാഥർക്കും നീതി പാലിച്ചു കൊടുക്കുവിൻ; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിൻ. ദുർബലരെയും പാവപ്പെട്ടവരെയും രക്ഷിക്കുവിൻ; ദുഷ്ടരുടെ കെണികളിൽനിന്ന് അവരെ മോചിപ്പിക്കുവിൻ, (സങ്കീ. 82:3-4) എന്ന തിരുവചനം വായിച്ചുകൊണ്ടാണ്, ‘സെറ്റ് യുവർ കാപ്റ്റീവ് ഫ്രീ’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ മരിയ ഷഹബാസിന്റെ വീഡിയോ സന്ദേശം ആരംഭിച്ചത്. ആറ് മാസംമുമ്പ് തന്നെ തട്ടിക്കൊണ്ടുപോയതും ലൈംഗീക പീഡനത്തിനിരയാക്കിയതും നിർബന്ധിത മതം മാറ്റത്തിന് വിധേയയാക്കി വിവാഹം ചെയ്തതുമെല്ലാം വിവരിച്ചശേഷമാണ് സമാന സംഭവങ്ങളിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കായി പ്രാർത്ഥിച്ചത്.

‘സ്വർഗസ്ഥനായ പിതാവേ, എല്ലാ നന്മകളുടെയും ഉറവിടമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, ഞങ്ങളെ നിന്റെ കരങ്ങളുടെ കീഴിൽ കാത്തുകൊള്ളണമേ. കർത്താവേ, അവിടുത്തെ ജനത്തെ എല്ലായിടത്തും എല്ലായ്‌പ്പോഴും അനുഗ്രഹിക്കണമേ. സ്വർഗസ്ഥനായ പിതാവേ, സമൂഹത്തിലെ എല്ലാ പെൺകുട്ടികളെയും കാത്തുകൊള്ളണമേ. അവരെ അവിടുത്തെ കരുണയുള്ള കരങ്ങളാൽ സംരക്ഷിക്കണമേ. കർത്താവേ, ഹുമാ യൂനസിനും ആർസൂ രാജക്കും ഫറ ഷഹീനും വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവേ അവരിപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങളിൽനിന്നും അവരെ രക്ഷിക്കണമേ. ചങ്ങലകളെ പൊട്ടിക്കണമേ. അവിടുത്തെ വചനത്തിന്റെ ശക്തി ഞങ്ങളോടൊപ്പം ഉണ്ടാകണമേ.’

തന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും അനിവാര്യ ഇടപെടലുകൾ നടത്തുകയും ചെയ്ത ബിഷപ്പ് ഇഫ്ത്തിക്കർ ഇന്ത്രയാസിനും ആഗോളസഭയ്ക്കും ക്രിസ്ത്യൻ സമൂഹത്തിനും നന്ദി പറഞ്ഞ മരിയ, പാക്കിസ്ഥാനിൽ താനും തന്റെ കുടുംബവും അപകടത്തിലാണെന്നും വ്യക്തമാക്കി: ‘നിരന്തരമായി ഞങ്ങൾക്ക് വധഭീഷണികൾ ലഭിക്കുന്നു. ഞങ്ങൾക്ക് വളരെ ഭയചകിതരും ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ആകുലരുമാണ്.’ ഈ സാഹചര്യത്തിൽ, മരിയ ഷഹബാസിന് ബ്രിട്ടണിൽ അഭയം അനുവദിക്കണമെന്ന അഭ്യർത്ഥനകൾ പ്രവഹിക്കുകയാണ്. പൊന്തിഫിക്കൻ സംഘടനായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ നടത്തുന്ന ഓൺലൈൻ പെറ്റീഷനിലൂടെ ഇതിനകംതന്നെ അനേകരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിനോട് ഇക്കാര്യം അഭ്യർത്ഥിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?