Follow Us On

19

March

2024

Tuesday

ഒടുവിൽ, സർക്കാരിന്റെ അനുമതി; പൊതുവായ ആരാധനകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ സഭ

ഒടുവിൽ, സർക്കാരിന്റെ അനുമതി; പൊതുവായ ആരാധനകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ സഭ

യു.കെ: ദൈവാലയങ്ങളിലെ പൊതുവായ തിരുക്കർമങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിൽ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭ. ഡിസംബർ രണ്ടിന് അവസാനിക്കുന്ന ലോക് ഡൗണിനുശേഷം ഇംഗ്ലണ്ടിൽ പൊതുജന പങ്കാളിത്തത്തോടെ ആരാധനകൾ പുനരാരംഭിക്കാമെന്ന് ഭരണകൂടം വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് തയാറെടുപ്പുകൾ. ദൈവാലയങ്ങളിൽ പൊതുവായ ആരാധനകൾ വിലക്കുന്നതിനെതിരെ വിശ്വാസീസമൂഹവും സഭാനേതൃത്വം നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായും പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നുണ്ട്.

‘കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിൽ ദേശീയവ്യാപകമായുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഡിസംബർ രണ്ടോടെ അവസാനിക്കും. പ്രസ്തുത നിയന്ത്രണങ്ങൾ ഇനി പുതുക്കുന്നില്ല. പൊതുജന പങ്കാളിത്തത്തോടെയുള്ള തിരുക്കർമങ്ങൾ പുനരാരംഭിക്കാം,’ ‘കോവിഡ് 19 ശൈത്യകാല പ്രതിരോധ പദ്ധതി’കളുടെ ഭാഗമായി പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

ഷ്രൂസ്ബറി ബിഷപ്പ് മാർക്ക് ഡേവിസ് ഉൾപ്പെടെയുള്ളവർ പൊതു ആരാധനയ്ക്ക് അനുമതി നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ‘ആരാധനാസ്വാതന്ത്ര്യം സമൂഹജീവിതത്തിനും ക്രിസ്മസ് ആഘോഷങ്ങൾക്കും അത്യന്താപേക്ഷിതമാണ്. ക്രിസ്മസ് ആഘോഷങ്ങളിൽ പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ദൈവാലയങ്ങൾ ശ്രമിക്കും,’ ബിഷപ്പ് ഡേവിസ് അറിയിച്ചു.

സർക്കാരിന്റെ പുതിയ തീരുമാനത്തിൽ കത്തോലിക്കാ സമൂഹം സന്തുഷ്ടരാണെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ഫാ. കാനൻ ക്രിസ്റ്റഫർ തോമസ് അറിയിച്ചു. ‘ആരാധനയ്ക്കുള്ള വിശ്വാസികളുടെ അവകാശത്തിന് പ്രാധാന്യം നൽകുന്ന തീരുമാനമാണിത്. അതോടൊപ്പം, ദൈവാലയങ്ങളുമായി ബന്ധപ്പെട്ട കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിൽ ഉന്നത അധികാരികൾക്കൊപ്പം സഭ നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരവുമാണ്, അദ്ദേഹം വ്യക്തമാക്കി.

ആരാധനയ്ക്കായി എത്തുന്നവർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കണെമന്നും അദ്ദേഹം ഓർമിപ്പിച്ചു. രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് മേഖല തിരിച്ച് ത്രിതല (ത്രീ ടയർ) സംവിധാനത്തിലായിരിക്കും തുടർന്നും നിയന്ത്രണങ്ങൾ നടപ്പാക്കുക. എന്നാൽ, ഈ നിയന്ത്രണങ്ങൾ പൊതു ആരാധനകളെ ബാധിക്കില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാരിന്റെ ശൈത്യകാല നിയന്ത്രണങ്ങൾ 2021 മാർച്ച് അവസാനംവരെ തുടരും.

യു.കെയുടെ ഭാഗമായ വെയിൽസിലും ഡിസംബർ രണ്ടുമുതൽ പൊതുവായ തിരുക്കർമങ്ങൾ ആരംഭിക്കും. നോർത്തേൺ അയർലൻഡ് കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറക്കാൻ പൊതുവായ ആരാധനയ്ക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയെങ്കിൽ, സ്‌കോട്ട്‌ലൻഡ് കൊറോണ വൈറസ് നിയന്ത്രണത്തിനായി പൊതു ആരാധന തടസപ്പെടുത്താതെയുള്ള മാർഗമാണ് സ്വീകരിച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?