ചെന്നൈ: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയിലെ (വേൾഡ്സ് ടോപ് വൺ പെർസന്റ് സയന്റിസ്റ്റ് ഇൻ ബയോളജി) ആദ്യസ്ഥാനങ്ങളിലൊന്നിൽ ഭാരതത്തിൽനിന്നുള്ള കത്തോലിക്കാ വൈദികനും. കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാല, ചെന്നൈയിലെ മദ്രാസ് സർവകലാശാല എന്നിവിടങ്ങളിലെ മുൻ വൈസ് ചാൻസിലറും സെന്റ് സേവ്യേഴ്സ് കോളജ് ഡയറക്ടറുമായ ഡോ. ശൗരിമുത്തു ഇഗ്നാസിമുത്തുവിനാണ് ശ്രദ്ധേയമായ ബഹുമതി. ഈശോ സഭാംഗമായ ഇദ്ദേഹം പാളയംകോട്ട സ്വദേശിയാണ്.
ജീവശാസ്ത്രഗവേഷണ മേഖലയിൽ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞർ തയാറാക്കിയ പ്രബന്ധങ്ങൾ പരിശോധിച്ചശേഷമാണ് യു.എസിലെ ശാസ്ത്രജ്ഞർ ഫാ. ഇഗ്നാസിമുത്തുവിന്റെ ഗവേഷണ മികവിനെക്കുറിച്ച് എടുത്തുപറയുന്നത്. ജീവശാസ്ത്രമേഖലയിൽ 1985 മുതൽ 2019വരെ ഫാ. ഇഗ്നാസിമുത്തു നൽകിയ സംഭാവനകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്.
കഴിഞ്ഞ 20 വർഷവും പട്ടികയിൽ ആയിരത്തിനു താഴെയായിരുന്നു ഫാ. ഇഗ്നാസിമുത്തുവിന്റെ സ്ഥാനം. ഇതിനകം 800ൽപ്പരം പ്രബന്ധങ്ങളും 80 പുസ്തകങ്ങളും 71 വയസുകാരനായ ഫാ. ഇഗ്നാസി മുത്തുവിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 ഇന്ത്യൻ പേറ്റന്റുകളും രണ്ട് യു.എസ് പേറ്റന്റുകളും സ്വന്തമായുള്ള ഈ ഇദ്ദേഹം നൂറിൽപ്പരം വിദ്യാർത്ഥികൾക്ക് ഡോക്ടറൽ ഗവേഷണത്തിനു ഗൈഡായും പ്രവർത്തിച്ചു.
ഒരു പ്രാണിയുടെ പേര് ഫാ. ഇഗ്നാസിമുത്തുവിനോടുള്ള ബഹുമാനാർഥം ജാക്ലിപ്സ് ഇഗ്നാസിമുത്തു എന്നാണ് അറിയപ്പെടുന്നത്. ഒരു സ്വഭാവിക മോളിക്യൂളിനു ഇഗ്നാസിമൈസിൻ എന്ന പേരു ശാസ്ത്രലോകം നൽകിയതും ഗവേഷണമേഖലയിലെ മികവിനുള്ള അംഗീകാരമാണ്. സുപ്രധാനമായ ഈ നേട്ടത്തെക്കുറിച്ച് ഫാ. ഇഗ്നാസി മുത്തുവിന്റെ പ്രതികരണം ഇങ്ങനെ: ‘ദൈവത്തിന്റെ സമൃദ്ധമായ അനുഗൃഹമാണിത്. എന്റെ നേട്ടങ്ങൾക്കെല്ലാം ഞാൻ ഈശോസഭയോട് കടപ്പെട്ടിരിക്കുന്നു.’
Leave a Comment
Your email address will not be published. Required fields are marked with *