Follow Us On

19

January

2021

Tuesday

യേശുക്രിസ്തുവിനെ അനുഗമിക്കുന്നതിൽനിന്ന് വ്യതിചലിക്കരുത്: ഫ്രാൻസിസ് പാപ്പ

യേശുക്രിസ്തുവിനെ അനുഗമിക്കുന്നതിൽനിന്ന് വ്യതിചലിക്കരുത്: ഫ്രാൻസിസ് പാപ്പ

കത്തോലിക്കാ സഭയിലേക്ക് പുതിയ 13 കർദിനാൾമാർ

വത്തിക്കാൻ സിറ്റി: യേശുക്രിസ്തുവിനെ അനുഗമിക്കാൻ വിളിക്കപ്പെട്ട ഓരോ ക്രിസ്ത്യാനിയും അവിടുത്തെ പാതയിൽ സഞ്ചരിക്കാൻ ജാഗ്രതകാട്ടണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ശരീരംകൊണ്ടു മാത്രമല്ല മനസുകൊണ്ടും ക്രിസ്തുവിനെ പിഞ്ചെല്ലുന്നവരാകണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 13 കർദിനാൾമാരുടെ സ്ഥാനാരോഹണ തിരുക്കർമത്തിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ.

‘എന്നെ അനുഗമിക്കുക’ എന്ന ക്രിസ്തുവചനം പിഞ്ചെല്ലാൻ വിളിക്കപ്പെട്ടവനാണ് ഓരോ ക്രിസ്തുശിഷ്യനും. ആ ആഹ്വാനംതന്നെയാണ് കർദിനാൾമാർക്കുമുള്ളത്. ജെറുസലേമിലേക്കുള്ള യേശുവിന്റെ യാത്ര കണ്ട് ശിഷ്യന്മാർക്ക് അദ്ഭുതവും ഭയവുമുണ്ടായി. പീഡാസഹനത്തിന്റെ ഈ പാത ക്രിസ്തുശിഷ്യനെ സംബന്ധിച്ചിടത്തോളം ഇന്നും പ്രസക്തമാണ്. ഇതല്ലാതെ മറ്റൊരു പാതയില്ല. ഈ പാതയിൽ ചരിക്കാൻ മാനസാന്തരം ആവശ്യമാണ്.

‘യേശുവിനെ സ്‌നേഹിക്കുന്ന നാമെല്ലാം അവിടുത്തെ വഴിയിൽചരിക്കാൻ എപ്പോഴും ജാഗ്രത കാട്ടണം. നമ്മുടെ ശരീരം അവിടുത്തോടൊപ്പമുണ്ടാകാം എന്നാൽ, ഹൃദയംകൊണ്ട് അകന്ന് ജനങ്ങളെ നയിക്കാനാകും. കർദിനാളിന്റെ വസ്ത്രത്തിന് രക്ത വർണമാണ്. ലോകത്തിന്റെ ആത്മാവിനാൽ പ്രേരിതനായാൽ അത് ശ്രേഷ്ഠമായ മറ്റേതെങ്കിലും പദവിയായി രൂപാന്തരപ്പെടാം. അങ്ങനെയാണെങ്കിൽ, നിങ്ങൾ തന്റെ ജനത്തോട് അടുക്കുന്ന ഇടയനാകില്ല.നിങ്ങൾ ഒരു ശ്രേഷ്ഠൻ ആണെന്ന് നിങ്ങൾ സ്വയം ചിന്തിക്കും.നിങ്ങൾക്ക് അങ്ങനെ തോന്നിയാൽ, നിങ്ങൾ അതിനകം തന്നെ ക്രിസ്തുമാർഗത്തിൽനിന്ന് അകന്നു എന്നാണ് അർത്ഥം,’ പാപ്പ കൂട്ടിച്ചേർത്തു.

നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം അധ്യക്ഷൻ ബിഷപ്പ് മർസെലോ സെമെറാരോ, വാഷിംഗ്ടൺ ആർച്ച്ബിഷപ്പ് വിൽട്ടൺ ഗ്രിഗറി, പേപ്പൽ ധ്യാനഗുരു ഫാ. റെനീറോ കന്താലമെസ എന്നിവരുൾപ്പെടെ 13 പേരാണ് കർദിനാൾ സംഘത്തിൽ പുതുതായി ഉൾപ്പെടുത്തപ്പെട്ടത്. കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ ആഫ്രോ അമേരിക്കൻ ആർച്ച് ബിഷപ്പാണ് വിൽട്ടൺ ഗ്രിഗറി. ഇതിൽ ഒൻപതുപേർ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 80 വയസിനു താഴെയുള്ളവരാണ്. 232 അംഗ കർദിനാൾ സംഘത്തിൽ ഇതോടെ വോട്ട് അവകാശമുള്ള കർദിനാൾമാരുടെ എണ്ണം 128 ആയി.

പുതിയ കർദിനാൾ:

1, റോമൻ കൂരിയയിൽ സേവനം ചെയ്യുന്ന ബിഷപ്‌സ് സിനഡിന്റെ സെക്രട്ടറി ജനറൽ മാരിയോ ഗ്രെക്ക് (മാൾട്ട)

2. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം പ്രീഫെക്ട് ബിഷപ്പ് മർസെല്ലോ സെമറാരോ

3. അസീസിയിലെ ഫ്രാൻസിസ്‌കൻ ആശ്രമാധിപൻ ഫാ. മൗരോ ഗാബെത്തി

4. ആർച്ച്ബിഷപ്പ് ആൻറ്റോയിൻ കബാണ്ട (ക്രിൽഗാലി, റുവാണ്ട)

5. ആർച്ച്ബിഷപ്പ് വിൽട്ടൺ ഗ്രിഗറി (വാഷിംഗ്ടൺ, യു.എസ്)

6. ആർച്ച്ബിഷപ്പ് ജോസ് ഫൂവെർത്തെ അഡ്‌വിൻകുള (കാപിസ്, ഫിലിപ്പൈൻസ്)

7. ആർച്ച്ബിഷപ്പ് ചെലസ്റ്റീനോ ആവോസ് ബ്രാക്കോ (സാന്തിയാഗോ, ചിലി)

8. അപ്പസ്‌തോലിക് വികാരി കോർണേലിയസ് സിം (ബ്രൂണെ)

9. ആർച്ച്ബിഷപ്പ് ഔഗുസ്‌തോ പൗളോ ലോജൂദീചെ (സീയെന്ന, ഇറ്റലി)

10.ബിഷപ്പ് ഫിലിപ്പ് അരിസ്‌മെൻഡി എസ്‌കൂവൽ (മെക്‌സിക്കോ)

11. ആർച്ച്ബിഷപ്പ് സിൽവാനോ തൊമാസി (ഇറ്റലി)

12. കപ്പൂച്ചിൻ സഭാംഗവും പേപ്പൽ ധ്യാനദുരുവുമായ ഫാ. റെനീറോ കന്താലമെസ (ഇറ്റലി)

13. കാരിത്താസ് റോമിന്റെ മുൻ അധ്യക്ഷൻ മോൺ. എൻറികോ ഫെറോസി (ഇറ്റലി)

(പട്ടികയിലെ ആദ്യത്തെ ഒൻപതുപേരാണ് വോട്ട് അവകാശമുള്ള കർദിനാൾമാർ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?