Follow Us On

19

January

2021

Tuesday

‘ഗ്രേറ്റ് ബ്രിട്ടണി’ൽ തിരിതെളിഞ്ഞു; വിശ്വാസീസമൂഹം കുടുംബകൂട്ടായ്മാ വർഷത്തിലേക്ക്

‘ഗ്രേറ്റ് ബ്രിട്ടണി’ൽ തിരിതെളിഞ്ഞു; വിശ്വാസീസമൂഹം കുടുംബകൂട്ടായ്മാ വർഷത്തിലേക്ക്

കാന്റർബറി: രൂപതാധ്യക്ഷൻ പകർന്ന തിരിനാളം ഓരോ വീടുകളിലും ജ്വാലയായി തെളിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സമൂഹം കുടുംബകൂട്ടായ്മാ വർഷാചരണത്തിലേക്ക്. കാന്റർബറി മാർ സ്ലീവാ മിഷനിൽ ക്രമീകരിച്ച ഉദ്ഘാടന ചടങ്ങളിൽ മാർ ജോസഫ് സ്രാമ്പിക്കൽ ദീപം തെളിച്ചതോടെയാണ് നവംബർ 29 മുതൽ 2021 നവംബർ 27വരെ നീണ്ടുനിൽക്കുന്ന വർഷാചരണത്തിന് തുടക്കമായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ ക്രമീകരിച്ച ഉദ്ഘാടന കർമത്തിൽ മാർ സ്രാമ്പിക്കലിനൊപ്പം, രൂപതാംഗങ്ങൾ അവരവരുടെ ഭവനങ്ങളിൽ തിരി തെളിച്ചതും സവിശേഷതയായി.

രൂപതയുടെ എട്ടു റീജ്യണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിൽപ്പരം കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽ കരുത്തുറ്റതാക്കുക എന്നതാണ് വർഷാചരണത്തിന്റെ ലക്ഷ്യം. രൂപത ആവിഷ്‌ക്കരിച്ച പഞ്ചവത്സരപദ്ധതിയുടെ നാലാം ഘട്ടമായാണ് കുടുംബകൂട്ടായ്മാ വർഷം ആചരിക്കുന്നത്. കുടുംബങ്ങളുടെ വിശുദ്ധീകരണം, കുട്ടികളുടെ പരിശീലനം, തിരുസഭാത്മക ജീവിതാനുഭവം എന്നിവയെ കേന്ദ്രീകരിച്ചുള്ള കർമപദ്ധതികളാവും ഇതോടനുബന്ധിച്ച് വിഭാവനം ചെയ്യുക.

വിശ്വാസജീവിതത്തിൽ കുടുംബകൂട്ടായ്മയുടെ പ്രാധാന്യം വ്യക്തമാക്കിയ മാർ സ്രാമ്പിക്കൽ, കുടുംബകൂട്ടായ്മ വർഷാചരണം അർത്ഥപൂർണമാക്കാൻ ഓരോരുത്തരും ശ്രദ്ധവെക്കണെമന്നും ആഹ്വാനം ചെയ്തു. രൂപതയിലെ കുടുംബങ്ങളെല്ലാം മാസംതോറുമുള്ള കുടുംബകൂട്ടായ്മയിൽ മുടങ്ങാതെ പങ്കെടുക്കണമെന്നും കൂട്ടായ്മകൾ സജീവമായി മുന്നേറാൻ വൈദികർ നേതൃത്വം നൽകണമെന്നും അറിയിച്ച അദ്ദേഹം, മുഴുവൻ കുടുംബകൂട്ടായ്മകളും സന്ദർശിക്കാനുള്ള ആഗ്രഹവും വ്യക്തമാക്കി. വർഷാചരണ പ്രാർത്ഥന ചൊല്ലിക്കൊടുത്തുകൊണ്ടാണ് ഉദ്ഘാടന കർമം നിർവഹിച്ചത്. എല്ലാ കുടുംബങ്ങളിലും ദൈവാലയങ്ങളിലും അനുദിനം ഈ പ്രാർത്ഥന ചൊല്ലണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപതയുടെ സെഞ്ചലൂസും കുടുംബ കൂട്ടായ്മ കമ്മിഷൻ വികാരി ജനറൽ ഇൻചാർജുമായ മോൺ. ജോർജ് തോമസ് ചേലയ്ക്കൽ ആമുഖ സന്ദേശം നൽകി. മോൺ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, മോൺ. ജോർജ് തോമസ് ചേലയ്ക്കൽ, മോൺ. സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺ. ജിനോ അരീക്കാട്ട്, കുടുംബകൂട്ടായ്മാ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര, കുടുംബ കൂട്ടായ്മ കമ്മീഷൻ കോർഡിനേറ്റർ ഷാജി തോമസ് എന്നിവരും എട്ട് റീജ്യണൽ ഡയറക്ടർമാരായ വൈദികരും കമ്മീഷൻ അംഗങ്ങളും വിവിധ ഇടങ്ങളിൽ ദീപം തെളിയിച്ചു. മാർ സ്ലീവ മിഷൻ കുടുംബ കൂട്ടായ്മ കോർഡിനേറ്റർ സോണി കൊടക്കല്ലിൽ നന്ദി പ്രകാശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?