Follow Us On

19

April

2024

Friday

ഇരുൾമൂടിയ നിമിഷങ്ങളിൽ ക്രിസ്തു നമുക്ക് ആശ്വാസവും ധൈര്യവും പകരും: പാപ്പ

ഇരുൾമൂടിയ നിമിഷങ്ങളിൽ ക്രിസ്തു നമുക്ക് ആശ്വാസവും ധൈര്യവും പകരും: പാപ്പ

വത്തിക്കാൻ സിറ്റി: ജീവിതത്തിലെ ഇരുൾമൂടിയ ദിനങ്ങളിൽ പ്രത്യാശയോടെ ക്രിസ്തുവിനുവേണ്ടി കാത്തിരിക്കുന്നത് ആശ്വാസവും ധൈര്യവും കണ്ടെത്താൻ നമ്മെ പ്രാപ്തരാക്കുമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പുതിയ ആരാധനാക്രമവത്സരത്തിന് തുടക്കം കുറിക്കുന്ന ഈ മംഗളവാർത്തകാലം കാത്തിരിപ്പിന്റെ ആ പ്രത്യാശയിലേക്ക് നമ്മെ നയിക്കുമെന്നും പാപ്പ പറഞ്ഞു. ആരാധനക്രമ വർഷത്തിന്റെ ആരംഭദിനത്തിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചശേഷം ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മംഗളവാർത്താക്കാലം പ്രത്യാശയിലേക്കുള്ള തുടർവിളിയാണെന്നും പാപ്പ ഓർമിപ്പിച്ചു.

യേശുക്രിസ്തുവിന്റെ ജീവിതത്തിലെയും രക്ഷാചരിത്രത്തിലെയും പ്രധാന സംഭവങ്ങൾ സഭ അടയാളപ്പെടുത്തുകയും ആഘോഷിക്കുകയുമാണ് ആരാധനാക്രമ വർഷത്തിലൂടെ. വിവിധ കാലങ്ങളിലൂടെ രക്ഷാകരചരിത്രം അനുസ്മരിക്കുമ്പോൾ പരിശുദ്ധ അമ്മ നമ്മുടെ അസ്തിത്വത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും ദൈനംദിന കർത്തവ്യങ്ങളിൽ നമ്മെ പിന്തുണക്കുകയും ക്രിസ്തുവുമായുള്ള അന്തിമ കൂടിക്കാഴ്ചയിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. അതിൽ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഈ മംഗളവാർത്താക്കാലം നമ്മെ യേശുക്രിസ്തുവിന്റെ ജനനത്തിരുനാളിനായി ഒരുക്കുകയാണ്.

നമ്മുടെ എല്ലാ പ്രതിസന്ധികളിലും കടന്നുവരുന്നവനാണ് ദൈവം. ഈ ലോകത്തിലേക്ക് കടന്നുവന്ന് നമ്മുടെ പാപങ്ങൾ സ്വയം ഏറ്റെടുത്ത അവിടുന്ന് നമ്മെ ഒരിക്കലും നിരാശപ്പെടുത്തില്ല. കോവിഡ് മഹാമാരി നമ്മെ ആശങ്കപ്പെടുത്തിയപ്പോൾ നിരാശ, തിരസ്‌കരണം, നിസംഗത എന്നീ പ്രത്യാശരഹിതമായ അവസ്ഥകളിൽ അകപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ, നമ്മുടെ സഹായവും പരിചയുമായ കർത്താവിനെ കാത്തിരിക്കുകയെന്നത് മാത്രമായിരുന്നു അതിനുള്ള മറുമരുന്ന്. എന്തെന്നാൽ, കർത്താവിനായി ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നത് നമ്മുടെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിൽ ആശ്വാസവും ധൈര്യവും കണ്ടെത്താൻ സഹായിക്കും.

കർത്താവായ യേശുക്രിസ്തുവെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കും അതിന്റെ പൂർണതയിലേക്കും നയിക്കാൻ ദൈവം ചരിത്രത്തിലുണ്ടെന്ന ഓർമപ്പെടുത്തലാണ് മംഗളവാർത്തക്കാലം. മനുഷ്യരാശിയുടെ ചരിത്രത്തിൽ ദൈവമുണ്ട്. നമ്മെ കൈപിടിച്ചുനയിക്കാൻ നമുക്കരികിലൂടെ ചരിക്കുന്നവനാണ് ക്രിസ്തു. അവിടുന്ന് നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ല. ജീവിതയാത്രയുടെയും ദൈനംദിന ജീവിതത്തിന്റെയും അർത്ഥം കണ്ടെത്താനും പ്രതിസന്ധികളിൽ ധൈര്യം പകരാനും ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും അവിടുന്ന് നമ്മോടൊപ്പമുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?