ഗാസ: ആഭ്യന്തര പ്രശ്നങ്ങൾമുതൽ കോവിഡ് മഹാമാരിവരെയുള്ള പ്രതിസന്ധികളാൽ ക്ളേശിക്കുന്ന ഗാസാ മുനമ്പിലെ വിശ്വാസീസമൂഹത്തിന് പ്രത്യാശാഭരിതമായ ക്രിസ്മസ് കാലം സമ്മാനിക്കാൻ ഉണ്ണീശോയുടെ തിരുസ്വരൂപ പ്രയാണവുമായി കത്തോലിക്കാ പുരോഹിതൻ. ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ദൈവാലയ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയാണ് ഉദ്യമത്തിന് പിന്നിൽ.
മഹാമാരിയെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെയാണ് ഈ സംരംഭവുമായി മുന്നോട്ടുപോകുന്നതെന്ന് അർജന്റീനയിൽനിന്നുള്ള മിഷണറിയായ ഫാ. റൊമാനെല്ലി വ്യക്തമാക്കി. ‘വലിയ അനിശ്ചിതത്വത്തിന്റെ കാലാവസ്ഥയിലും, ക്രിസ്മസുമായി ബന്ധപ്പെട്ട ചില സംരംഭങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദൈവാലയത്തിൽ ക്രിസ്മസ് തിരുക്കർമങ്ങൾക്ക് ഉപയോഗിക്കുന്ന ഉണ്ണീശോയുടെ വലിയ തിരുരൂപവുമായി ഭവന സന്ദർശനം നടക്കുകയാണിപ്പോൾ,’ അദ്ദേഹം തുടർന്നു:
‘വിശ്വാസത്താൽ ഞങ്ങൾ മുന്നോട്ടുപോവുകയാണ്. ഈ ദിനങ്ങളിൽ പ്രാർത്ഥനയാണ് ഞങ്ങളെ സധൈര്യരാക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഒരുപക്ഷേ, അടുത്ത അടച്ചിടൽ ഉണ്ടായേക്കാം. ഗാസയിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള സമൂഹം സർവതും കണ്ടുകഴിഞ്ഞു, സഹനങ്ങൾ പകിവാകുമ്പോഴും ഞങ്ങൾക്ക് പ്രതീക്ഷ നഷ്ടമാകുന്നില്ല,’ സഭയും ഇടവക വികാരിയും ജനത്തോട് ചേർന്നുനിൽക്കുന്നതിലൂടെ തങ്ങൾ ഉപേക്ഷിക്കപ്പെട്ടവരല്ലെന്ന ബോധ്യത്തിലേക്ക് അവരെ നയിക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ സമൂഹം ഉൾപ്പെടെയുള്ള ഗാസാ നിവാസികൾ മഹാമാരിക്കാലവുമായി ഇണങ്ങി ജീവിക്കാനുള്ള ശ്രമത്തിലാണ്. ആരോഗ്യസുരക്ഷയിൽ വലിയ ജാഗ്രതയും ജനം പുലർത്തുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള മുൻകരുകതലുകൾ സ്വീകരിച്ച് ദൈവാലയ തിരുക്കർമങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതുപ്രകാരം പൊതുവായ തിരുക്കർമങ്ങൾ പുനരാരംഭിച്ചു. കൂടാതെ മുതിർന്നവർ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മുൻകരുതലുകൾ പാലിച്ച് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *