Follow Us On

19

January

2021

Tuesday

അത്ഭുത കാശുരൂപം സമ്മാനിച്ച ദൈവമാതാവ് ഇറ്റലിയിലേക്ക്! ‘ഔർ ലേഡി ഓഫ് മിറാക്കുലസ് മെഡൽ’ പ്രയാണത്തിന് ആരംഭം

അത്ഭുത കാശുരൂപം സമ്മാനിച്ച ദൈവമാതാവ് ഇറ്റലിയിലേക്ക്! ‘ഔർ ലേഡി ഓഫ് മിറാക്കുലസ് മെഡൽ’ പ്രയാണത്തിന് ആരംഭം

റോം: തങ്ങളുടെ നാട്ടിലെത്തുന്ന പരിശുദ്ധ അമ്മയ്ക്ക് ഊഷ്മള വരവേൽപ്പ് ഒരുക്കിയും പരിശുദ്ധ അമ്മയുടെ അത്ഭുത മാധ്യസ്ഥം തേടാൻ പ്രാർത്ഥിച്ചൊരുങ്ങിയും ഇറ്റാലിയൻ ജനത. ഫ്രാൻസിലെ വിശുദ്ധ കാതറിൻ ലബോറയ്ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെയും ‘മിറക്കുലസ് മെഡൽ’ (അത്ഭുത കാശുരൂപം) സമ്മാനിച്ചതിന്റെയും 190-ാം പിറന്നാളിനോട് അനുബന്ധിച്ച് ഇറ്റാലിയൻ സഭ സംഘടിപ്പിക്കുന്ന മരിയൻ പ്രയാണത്തിന് നവംബർ 27ന് ആരംഭമായി.

ഒരു വർഷത്തെ പര്യടനത്തിനിടയിൽ ഇറ്റലിയിലെ മുഴുവൻ ഇടവകകളിലും സന്ദർശനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൊറോണാ മഹാമാരിയുടെ രണ്ടാം വ്യാപനവും അതിനെ തുടർന്നുള്ള നിയന്ത്രണങ്ങളും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും പ്രയാണം അവിസ്മരണീയമാകുംവിധം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നവംബർ ആദ്യ ആഴ്ച ഫ്രാൻസിസ് പാപ്പ ആശീർവദിച്ചു നൽകിയ ‘ഔർ ലേഡി ഓഫ് മിറാക്കുലസ് മെഡൽ’ തിരുരൂപമാണ് പ്രയാണത്തിന് ഉപയോഗിക്കുന്നത്.

റോമിലെ റീജ്യണൽ സെമിനാരി കൊളീജിയോ ലിയോണിയാനോയിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്നാണ് പ്രയാണം ആരംഭിച്ചത്. തൊട്ടടുത്തുള്ള സാൻ ജിയോച്ചിനോ ദൈവാലയത്തിലേക്കായിരുന്നു ആദ്യ പ്രയാണം. 2021 നവംബർ 22 ന് സാർഡിനിയ ദ്വീപിലാണ് പ്രയാണം സമാപിക്കുക. വിൻസെൻഷ്യൻ മിഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. തോമസ് മേർവികിയുടെ നേതൃത്വത്തിലാണ് മരിയൻ പ്രയാണം ക്രമീകരിച്ചിരിക്കുന്നത്.

പലതരത്തിലുള്ള സമ്മർദങ്ങളുടെയും പിരിമുറുക്കങ്ങളുടെയും നടുവിൽ ലോകം വലയുമ്പോൾ ഈ മരിയൻ പ്രയാണം ദൈവത്തിന് നമ്മോടുള്ള കരുണയെ ഓർമിപ്പിക്കുമെന്ന് സംഘാടകരായ ‘വിൻസെൻഷ്യൻ മിഷൻ കോൺഗ്രിഗേഷൻ’ വ്യക്തമാക്കി. കോവിഡ് മഹാമാരിമൂലം ലോകജനത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ദുഷ്‌കരമായ ഈ സാഹചര്യത്തിൽ, ദൈവകരുണയുടെ സ്‌നേഹം എല്ലാവരോടും പ്രഘോഷിക്കുക എന്ന ആഹ്വാനത്തോടെയാണ് ഫ്രാൻസിസ് പാപ്പ തിരുരൂപം ആശീർവദിച്ച് നൽകിയതെന്നതും ശ്രദ്ധേയം.

1830ൽ മൂന്നു തവണയാണ് വിൻസെൻഷ്യൻ സഭാംഗമായിരുന്ന വിശുദ്ധ കാതറിൻ ലെബോറോയ്ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടത്. നവംബർ 18 രാത്രിയിലായിരുന്നു ആദ്യ പ്രത്യക്ഷീകരണം. അന്ന് അമ്മ നൽകിയ സന്ദേശം ഇപ്രകാരമാണ്: ‘വളരെ ദുഃഖകരമായ സമയമാണിത്. എല്ലാത്തരത്തിലുമുള്ള വിപത്തുകളാൽ ലോകം മുഴുവൻ നശിപ്പിക്കപ്പെടും. എന്നാൽ, നിങ്ങൾ ഈ ബലിപീഠത്തിന്റെ കാൽക്കൽ വരും, ആത്മവിശ്വാസത്തോടും ഉത്സാഹത്തോടുംകൂടെ ആവശ്യപ്പെടുന്ന എല്ലാവരുടെയുംമേൽ കൃപ ചൊരിയും, എന്തെന്നാൽ ഞാൻ നിങ്ങളെ എപ്പോഴും പരിപാലിക്കുന്നു.’ ഇതിൽനിന്നുള്ള സംരക്ഷണത്തിനായാണ് രണ്ടാമത്തെ പ്രത്യക്ഷീകരണത്തിൽ ‘മിറക്കുലസ് മെഡൽ’ പരിശുദ്ധ അമ്മ നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?