റീഗൻസ്ബർസ്: ജർമനിയിലെ റീഗൻസ്ബർഗിൽ കഴിഞ്ഞമാസം പ്രക്ഷോപകാരികൾ തകർത്ത ദൈവമാതാവിന്റെ തിരുരൂപം നവീകരിക്കാനും പുനസ്ഥാപിക്കാനും സന്നദ്ധത അറിയിച്ച് ജർമൻ ആർടിസ്റ്റ്. ‘ഡോൾ ഡോക്ടർ’ എന്നറിയപ്പെടുന്ന ഡോ. മാർസൽ ഓഫർമാനാണ് സെന്റ് ജെയിംസ് ഇടവകാധികൃതരെ തന്റെ സന്നദ്ധത അറിയിച്ചത്. ഈ മഹാമാരിക്കാലത്ത് കൊറോണാ ബാധിതരെ ശുശ്രൂഷിക്കുന്ന ഇന്റൻസീവ് കെയർ ഡോക്ടർകൂടിയാണ് ഡോ. മാർസൽ. ആരോഗ്യശുശ്രൂഷയിലൂടെ മാത്രമല്ല, തനിക്ക് സ്വായത്തമായ കലയിലൂടെയും വിശ്വാസം പ്രഘോഷിക്കുന്നതിൽ തൽപ്പരനാണ് ഈ ഡോക്ടർ.
ഒക്ടോബർ 22ന് സ്ട്രോബിംഗിലെ ജെസ്യൂട്ട് ദൈവാലയത്തിൽ നടന്ന അക്രമണത്തിൽ പരിശുദ്ധ അമ്മയുടെ തിരുരൂപത്തിന്റെ ശിരസ് തകർത്തെന്ന വാർത്ത തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഡോക്ടർ പറയുന്നു. പാവകളും പ്രതിമകളും പവിത്രമായ തിരുരൂപങ്ങളും നവീകരിക്കുന്ന തന്നിൽ, പരിശുദ്ധ അമ്മയുടെ തിരുരൂപം യഥാർത്ഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്ന ആഗ്രഹം തീവ്രവാകുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
കൊളോൺ അതിരൂപതയിലും മറ്റും കഴിഞ്ഞ 20 വർഷത്തിൽ ഏറെയായി വിശുദ്ധ രൂപങ്ങളും നേറ്റിവിറ്റി പ്രതിമകളും പുനഃസ്ഥാപിച്ചിട്ടുള്ള ഇദ്ദേഹം, ഇത് ചെയ്യുന്നത് തന്റെ മനസാക്ഷിക്കുവേണ്ടിയാണെന്നും കൂട്ടിച്ചേർത്തു. ‘ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നതിനാൽ ഈ കോവിഡ് കാലത്ത് ഒഴിവുസമയം വളരെ കുറവാണ്. എങ്കിലും പരിശുദ്ധ അമ്മുടെ തിരുരൂപം പുനഃസ്ഥാപിക്കേണ്ടത് എന്റെ കർത്തവ്യമായി ഞാൻ കാണുന്നു.’ പുതുവർഷത്തോടെ തിരുരൂപം പുനസ്ഥാപിക്കാൻ കഴിയുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
അതേസമയം, ക്രൈസ്തവസഭയ്ക്ക് വിശിഷ്യാ, കത്തോലിക്കാ സഭയ്ക്കെതിരെ അക്രമങ്ങളും കുറ്റകൃത്യങ്ങളും യൂറോപ്പിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിൽ ക്രൈസ്തവർക്കെതിരെ കഴിഞ്ഞവർഷംമാത്രം 500ൽപ്പരം അക്രമങ്ങൾ ഉണ്ടായെന്ന റിപ്പോർട്ട് ‘ഓർഗനൈസേഷൻ ഫോർ യൂറോപ്പ് ഇൻ സെക്യൂരിറ്റി ആൻഡ് കോ ഓപ്പറേഷൻ’ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. നവംബർ 26ന് വെനീസിലെ ഒരു ചത്വരത്തിൽ പരിശുദ്ധ അമ്മയുടെ തിരുരൂപം തകർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനോടുള്ള പ്രായ്ശ്ചിത്തമായി ഡിസംബർ എട്ടിന് തിരുരൂപത്തിനു മുന്നിൽ ജപമാല പ്രാർത്ഥന സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രാദേശിക ഇടവകകൾ.
Leave a Comment
Your email address will not be published. Required fields are marked with *