വത്തിക്കാൻ സിറ്റി: ലോകരക്ഷകനായ ക്രിസ്തുവിന്റെ തിരുപ്പിറവി അനുസ്മരിക്കുന്ന ഡിസംബറിൽ, ലോകജനത പ്രാർത്ഥനയിൽ അടിയുറച്ച് വളരണമെന്ന വിശേഷാൽ നിയോഗം സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ ഈ ഡിസംബറിൽ വിശ്വാസീസമൂഹത്തിന് കൈമാറിയിരിക്കുന്നത് ‘പ്രാർത്ഥനാ ജീവിതം’ എന്ന നിയോഗമാണ്.
ക്രിസ്തുവുമായുള്ള നമ്മുടെ വ്യക്തിബന്ധം തിരുവചനത്താലും പ്രാർത്ഥനാ ജീവിതത്താലും പരിപോഷിപ്പിക്കപ്പെടാൻ ഓരോ വിശ്വാസിയും ഈ ഡിസംബറിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്നാണ് പാപ്പയുടെ ആഹ്വാനം. പുതിയ ആരാധനക്രമ വർഷാരംഭമായ ‘ആഗമന കാല’ത്തിന് തുടക്കംകുറിച്ച് അർപ്പിച്ച ദിവ്യബലിമധ്യേ പാപ്പ പങ്കുവെച്ച പ്രാർത്ഥനയും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ‘കർത്താവായ യേശുവേ വരേണമേ,’ എന്ന പ്രാർത്ഥന അനുനിമിഷം ഉരുവിടണമെന്നായിരുന്നു പാപ്പയുടെ ആഹ്വാനം.
നമ്മുടെ ജീവിതത്തിലുടനീളം ക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ടാകാൻ ഈ പ്രാർത്ഥന സഹായിക്കുമെന്നും പാപ്പ ഓർമിപ്പിച്ചു. ‘ഓരോ ദിവസത്തിന്റെയും തുടക്കത്തിൽ ഈ പ്രാർത്ഥന ഉരുവിടണം. ഇടയ്ക്കിടെ പ്രാർത്ഥന ആവർത്തിച്ചുകൊണ്ടിരിക്കണം. പഠിക്കുന്നതിനു മുമ്പും ജോലിയിലേക്കോ മീറ്റിംഗുകളിലേക്കോ പ്രവേശിക്കുംമുമ്പും ഈ പ്രാർത്ഥന ചൊല്ലണം. തീരുമാനങ്ങൾ എടുക്കുന്നതിനും പ്രധാനപ്പെട്ട നിമിഷങ്ങളിലും ക്ലേശങ്ങളുടെ നേരത്തും പ്രാർത്ഥന ആവർത്തിക്കണം,’ പാപ്പ ഓർമിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *