വത്തിക്കാൻ സിറ്റി: തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പരസ്പര സ്നേഹത്തിലൂടെയും ദൈവശാസ്ത്രപരമായ സംഭാഷണങ്ങളിലൂടെയും സമ്പൂർണ ഐക്യം എന്ന ലക്ഷ്യത്തിലേക്ക് കത്തോലിക്കാ സഭയ്ക്കും കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കേറ്റിനും എത്തിച്ചേരാനാകുമെന്ന പ്രത്യാശ പങ്കുവെച്ച് ഫ്രാൻസിസ് പാപ്പ. കോൺസ്റ്റാന്റിനോപ്പിൾ സഭയുടെ സ്വർഗീയ മധ്യസ്ഥൻകൂടിയായ അന്ത്രയോസ് ശ്ലീഹയുടെ തിരുനാളിൽ കോൺസ്റ്റാന്റിനോപ്പിളിലെ ഓർത്തഡോക്സ് സഭാധ്യക്ഷൻ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് പ്രതിനിധിസംഘം മുഖേന കൊടുത്തയച്ച ആശംസയിലാണ് പാപ്പയുടെ വാക്കുകൾ.
അന്ത്രയോസ് ശ്ലീഹയുടെ ജീവിതത്തിലൂടെ നൽകിയ സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് ദൈവത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്ന ഈ അവസരത്തിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിനൊപ്പം താനും പങ്കുചേരുകയാണ്. കത്തോലിക്കാസഭയും മറ്റ് സഭകളും തമ്മിൽ സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും 100 വർഷംമുമ്പുതന്നെ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ക്രിസ്ത്യൻ സഭകളുമായി കൂടുതൽ അടുപ്പവും ധാരണയും പങ്കുവെക്കാൻ ആഗ്രഹിച്ചിരുന്നു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി കത്തോലിക്കാസഭയും എക്യുമെനിക്കൽ പാത്രിയാർക്കേറ്റും തമ്മിലുള്ള ബന്ധം വളരെയധികം വളർന്നതിൽ ദൈവത്തിന് നന്ദി പറയുന്നു. ഒരേ ദിവ്യകാരുണ്യ ബലിപീഠത്തിനു മുമ്പിൽ സമ്പൂർണകൂട്ടായ്മ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമം തുടരുകയാണ്. തന്റെ ആദ്യ ശിഷ്യന്മാരിൽ ഒരാളാകാൻ യേശു വിളിച്ച വിശുദ്ധന്റെ ശക്തമായ മാധ്യസ്ഥത്തിലൂടെ സിനഡിലെ അംഗങ്ങളെയും പുരോഹിതരെയും സന്യാസികളെയും വിശ്വാസികളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നും പാപ്പ കൂട്ടിച്ചേർത്തു.
പത്രോസ്^ പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29ന് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്റെ പ്രതിനിധി സംഘം വത്തിക്കാനിലെത്തി പാപ്പയെ സന്ദർശിക്കുക പതിവാണ്. അതുപോലെ, വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30ന് കോൺസ്റ്റാന്റിനോപ്പിളിലെ സഭയ്ക്ക് പ്രതിനിധി സംഘം മുഖേന പാപ്പ സന്ദേശം അയക്കാറുണ്ട്. സഭൈക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ കർദിനാൾ കുർട് കോച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ പാത്രിയാർക്കേറ്റ് ആസ്ഥാനത്തെത്തി സന്ദേശം കൈമാറിയത്.
Leave a Comment
Your email address will not be published. Required fields are marked with *