Follow Us On

28

February

2021

Sunday

ജീവിതം ഉഴിഞ്ഞുവെച്ചത് ഫിലിപ്പൈൻ ജനതയെ ക്രിസ്തുവിലേക്ക് നയിക്കാൻ! മിഷണറി വൈദികന് പോളണ്ടിന്റെ ആദരം

ജീവിതം ഉഴിഞ്ഞുവെച്ചത് ഫിലിപ്പൈൻ ജനതയെ ക്രിസ്തുവിലേക്ക് നയിക്കാൻ! മിഷണറി വൈദികന് പോളണ്ടിന്റെ ആദരം

മനില: ഫിലിപ്പൈൻസിൽ ക്രിസ്തുവിശ്വാസം പ്രഘോഷിക്കാൻ ജീവിതം മുഴുവൻ മാറ്റിവെച്ച പോളിഷ് മിഷണറി ഫാ. കാന്റിയസ് കോബാക്കിന് മരണാനന്തര ആദരവുമായി പോളിഷ് ഭരണകൂടം. 47 വർഷം നീണ്ട പൗരോഹിത്യ ജീവിതത്തിലെ 41 വർഷവും ഫിലിപ്പൈൻസിൽ ചെലവഴിച്ച് അനേകരെ ക്രിസ്തുവിനായി നേടിക്കൊടുത്ത അദ്ദേഹത്തിന്റെ ജീവിതവഴികൾ രേഖപ്പെടുത്തുന്ന പുസ്തകം പ്രസിദ്ധീകരിച്ചാണ് പോളിഷ് ഭരണകൂടം അദ്ദേഹത്തോടുള്ള ആദരവ് വ്യക്തമാക്കിയത്.

ഫിലിപ്പൈനിലെ വിസയായ് റീജ്യണിലെ സമറിൽ സേവനം ചെയ്ത ഈ ഫ്രാൻസിസ്‌ക്കൻ മിഷണറിയുടെ ജീവിതവും മിഷൻദൗത്യവും വരച്ചുകാട്ടുന്ന പുസ്തകത്തിന് ‘ദ എക്‌സ്ട്രാ ഓഡിനറി ലൈഫ് ആൻഡ് വർക്ക് ഓഫ് ഫാദർ കാന്റിയസ് കോബാക്ക്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചരിത്രവിഷയങ്ങളിൽ തൽപ്പരനായിരുന്ന ഫാ. കാന്റിയസ്, ഫിലിപ്പൈൻസിന്റെ ചരിത്രരചനയിലും വ്യാപൃതനായിരുന്നു. ഫ്രാൻസിസ്‌കൻ സ്‌കൂളുകളിൽ അധ്യാപകനായും ചാപ്ലെയിനായും സേവനമനുഷ്ഠിക്കുകയും ചെയ്തു.

പോളണ്ടിലെ ടോറൂണിൽ 1930ൽ ജനിച്ച ഇദ്ദേഹം തിരുപ്പട്ടം സ്വീകരിച്ച 1957ൽതന്നെ മിഷണറി പ്രവർത്തനത്തിനായി ഫിലിപ്പീൻസിലെ വിസയാസ് റീജ്യണിൽ എത്തുകയായിരുന്നു. ആ പ്രദേശത്തോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ഫിലിപ്പൈൻ ചരിത്രം പഠിക്കുന്നതിലേക്കും പിന്നീട്, കാൽബയോഗ് സിറ്റിയിൽ ‘ക്രൈസ്റ്റ് ദ കിംഗ് ആർക്കിയോളജിക്കൽ മ്യൂസിയം’ സ്ഥാപിക്കുന്നതിലേക്കും നയിച്ചു. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം മ്യൂസിയം പിന്നീട് ‘കാന്റിയസ് കോബക്ക് മ്യൂസിയം’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1998ൽ യു.എസിലേക്ക് മടങ്ങിയ അദ്ദേഹം കാൻസർ ബാധിതനായി 2004ലാണ് ഇഹലോകവാസം വെടിഞ്ഞത്.

ഇക്കഴിഞ്ഞ ദിവസം മനിലയിലെ പോളിഷ് എംബസിയിൽ വെച്ചായിരുന്നു പുസ്തകപ്രകാശനം. പോളണ്ടും ഫിലിപ്പൈൻസും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിൽ ഫാ. കോബാക്ക് പ്രധാന പങ്കുവഹിച്ചെന്ന് പോളിഷ് നയതന്ത്രകാര്യ ഉദ്യോഗസ്ഥൻ ജറോസ്വാ സ്‌ക്‌സെപാൻകിവിച്ച് അനുസ്മരിച്ചു. രാജ്യങ്ങൾ തമ്മിൽ ഔപചാരിക ബന്ധങ്ങളില്ലാത്ത കാലത്തുപോലും പോളണ്ടും ഫിലിപ്പൈൻസും തമ്മിലുള്ള ഒരു പാലമായി ഫാ. കോബാക്ക് വർത്തിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമർ ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ ക്യൂറേറ്ററും വിസയാസ് മേഖലയിലെ കാന്റിയസ് കോബാക്ക് റിസർച്ച് സെന്ററിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്ന കാൾ ബോർഡിയോസാണ് പുസ്തകത്തിന്റെ രചയ്താവ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?