Follow Us On

18

April

2024

Thursday

പട്ടണ പ്രദക്ഷിണം നടത്തി, ‘അഭിഷേകശില’ ചുംബിച്ച് ജറുസലേമിന്റെ ഇടയദൗത്യത്തിലേക്ക്‌ 

പട്ടണ പ്രദക്ഷിണം നടത്തി, ‘അഭിഷേകശില’ ചുംബിച്ച് ജറുസലേമിന്റെ ഇടയദൗത്യത്തിലേക്ക്‌ 

ജറുസലേം: തിരുക്കല്ലറയുടെ ബസിലിക്കയിലേക്ക് നഗര പ്രദക്ഷിണം നടത്തി, ബസിലിക്കയിലെ ‘അഭിഷേക ശില’ ചുംബിച്ച്, തിരുക്കല്ലറയിൽ നമ്രശിരസ്‌ക്കനായി പുതിയ ജറുസലേം പാത്രിയാർക്കീസ് പിയെർബാറ്റിസ്റ്റ പിസബല്ല സ്ഥാനമേറ്റു. മഹാമാരിയുടെ ആശങ്കകൾക്കിടയിൽ, സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയായിരുന്നു പൗരാണികവും പ്രൗഢഗംഭീകരവുമായ സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് തിരുക്കല്ലറയുടെ ബസിലിക്ക (ഹോളി സെപ്പുൾക്കർ) വേദിയായത്. ഇസ്രായേൽ, പാലസ്തീൻ, ജോർദാൻ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസീസമൂഹത്തിന്റെ ഇടയനാണ് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്.

പഴയ ജറുസലേം പട്ടണത്തിന്റെ തെരുവിലൂടെ തിരുക്കല്ലറയുടെ ബസിലിക്കയിലേക്ക് നടത്തിയ പ്രദക്ഷിണത്തോടെയായിരുന്നു തിരുക്കർമങ്ങളുടെ ആരംഭം. സഹകാർമികരുടെ അകമ്പടിയോടെ നീങ്ങിയ പാത്രിയാർക്കീസ്, തെരുവിന്റെ ഇരുവശങ്ങളിലുമായി അണിനിരന്ന വിശ്വാസീഗണത്തെ ആശീർവദിച്ചു. തിരുക്കലറ ബസിലിക്കയുടെ അങ്കണത്തിലെത്തിയ പാത്രിയാർക്കിസിനെ കത്തീഡ്രലിന്റെ രക്ഷാധികാരികളായ കത്തോലിക്കാ, ഗ്രീക്ക് ഓർത്തഡോക്‌സ്, അർമേനിയൻ സഭാപ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു.

ബസിലിക്കയിൽ പ്രവേശിച്ച പാത്രിയർക്കീസ് ‘അഭിഷേകശില’ എന്ന് വിശേഷിപ്പിക്കുന്ന കല്ലുകൊണ്ടുള്ള പീഠം ചുംബിച്ചു. കുരിശിൽനിന്ന് ഇറക്കിയ ക്രിസ്തുവിന്റെ ശരീരം മൃതസംസ്‌ക്കാരത്തിനായി ഒരുക്കിയത് ഈ പീഠത്തിലാണെന്നാണ് പാരമ്പര്യ വിശ്വാസം. യഹൂദാചാരപ്രകാരം ക്രിസ്തുവിന്റെ ശരീരം പരിമളദ്രവ്യങ്ങളാൽ പൊതിഞ്ഞത് ഇവിടെവെച്ചായതിനാലാണ് ‘അഭിഷേക ശില’ എന്ന വിശേഷണം കൈവന്നത്. തുടർന്ന്, പാത്രിയാർക്കിസ് വിശുദ്ധജലം തളിച്ച് വിശ്വാസീസമൂഹത്തെ ആശീർവദിച്ചു.

വിശുദ്ധനാടിന്റെ സംരക്ഷണ ചുമതലയുള്ള ഫാ. ഫ്രാൻസികോ പാറ്റൺ, പാത്രിയാർക്കിസിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. അതേ തുടർന്നായിരുന്നു തിരുക്കലറയിലെ പ്രാർത്ഥന. വിശ്വാസീസമൂഹം ഒന്നടങ്കം ആലപിച്ച സ്‌തോത്രഗീതത്തിന്റെ (തദേവും) അകമ്പടിയോടെയാണ് പാത്രിയർക്കീസ് തിരുക്കല്ലറയിൽ പ്രാർത്ഥന നടത്തിയത്. തുടർന്ന്, ആർച്ച്ബിഷപ്പ് പിസബെല്ലയെ പാത്രിയാർക്കിസായി നിയമിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഡിക്രി ലാറ്റിൻ, അറബിക് ഭാഷകളിൽ വായിച്ചതോടെ സ്ഥാനാരോഹണ തിരുക്കർമങ്ങൾക്ക് സമാപനമായി.

പാത്രിയാർക്കീസായിരുന്ന ഫൗദ് ടൗൽ 2016ൽ വിരമിച്ചതിനെ തുടർന്ന് അപ്പസ്‌തോലിക് അഡിമിനിസ്‌ട്രേറ്ററുടെ ചുമതല വഹിക്കുകയായിരുന്ന ആർച്ച്ബിഷപ്പ് പിസബല്ലയെ ഒക്‌ടോബർ അവസാനമാണ് പാപ്പ പുതിയ പാത്രിയാർക്കിസായി നിയമിച്ചത്. ഫ്രാൻസിസ്‌ക്കൻ സഭാംഗമായ ഇദ്ദേഹം 55 വയസുകാരനാണ്. ഇറ്റലിയിലെ ബേർഗമൊ സ്വദേശിയാണെങ്കിലും ഇദ്ദേഹം ആത്മീയ അജപാലന ശൂശ്രൂഷകളിൽ ഏറിയപങ്കും ചെലവഴിച്ചത് ജറുസലേമിലായിരുന്നു. ബൈബിളിൽ ഉപരിപഠനം നടത്താൻ 1993ൽ ജറുസലേമിലെത്തിയ ഇദ്ദേഹം ഇവിടെതന്നെ വിവിധ ശുശ്രൂഷാദൗത്യങ്ങൾക്കായി നിയോഗിക്കപ്പെടുകയായിരുന്നു.

വിശുദ്ധനാട്ടിലെ തീർത്ഥാടന കേന്ദ്രങ്ങളുടെ രക്ഷാധികാരിയുടെ ദൗത്യവും നിർവഹിച്ചിട്ടുണ്ട്. വിശുദ്ധനാട്ടിലെ ക്രൈസ്തവസാന്നിധ്യം സംരക്ഷിക്കാൻവേണ്ടി 11-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ‘ഓർഡർ ഓഫ് ദ ഹോളി സെൾപുൾക്കർ’ സമൂഹത്തിന്റെ ഗ്രാൻഡ് പ്രയോർകൂടിയാണ് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ഹീബ്രൂ, അറബിക് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം വിശുദ്ധനാട്ടിലെ ഇതര സഭാവിഭാഗങ്ങൾക്കും പ്രിയങ്കരനാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?